ദുബായിൽ സന്ദർശക വിസയിലെത്തി: 20കാരൻ മരിച്ചതിൽ ദുരൂഹത? പരാതിയുമായി ബന്ധുക്കൾ...
ദുബായ്: സന്ദർശക വിസയിൽ യുഎഇയിലെത്തിയ വിദ്യാർത്ഥി മരിച്ച സംഭവത്തിൽ ദുരൂഹത ആരോപിച്ച് ബന്ധുക്കൾ. ബാലുശ്ശേരി വട്ടോളി ബസാർ സ്വദേശി നാസർ താഴെ പുരയിലിന്റെ മകൻ മുഹമ്മദ് യാസീനാണ് ദുബായിലെത്തി മാസങ്ങൾക്കകം മരണപ്പെട്ടത്. 20കാരൻ മരിച്ച സംഭവത്തിൽ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് യാസീന്റെ പിതാവിന്റെ സഹോദരനാണ് പോലീസിനെ സമീപിച്ചിട്ടുള്ളത്.
കോണ്‍ഗ്രസിനെ പിടിച്ചുകുലുക്കിയത് 11 പോയിന്റുകള്‍, അയച്ചത് 2 കത്ത്, ലക്ഷ്യമിട്ടത് ടീം രാഹുല്‍!!

അന്വേഷണം ആരംഭിച്ചു
കഴിഞ്ഞ മാർച്ചിലാണ് യാസീൻ ദുബായിലുള്ള പിതാവിന്റെ സഹോദരൻ ഇഖ്ബാലിന്റെ അടുത്തേക്ക് എത്തുന്നത്. തുടർന്ന് വ്യാഴാഴ്ച വർഖയിലെ പാർട്ടിയിൽ പങ്കെടുക്കാൻ പോയ യാസീന് സുഖമില്ലെന്ന് പറഞ്ഞാണ് പുലർച്ചെ പിതാവിന്റെ സഹോദരന് ഫോൺകോൺ ലഭിക്കുന്നത്. സുഹൃത്തുക്കൾക്കൊപ്പം ദെയ്റയിൽ വെച്ച് നടന്ന പാർട്ടിയിൽ പങ്കെടുക്കാൻ പോയ 20കാരൻ സുഹൃത്തുക്കൾക്കൊപ്പം ബോട്ട് യാത്രയും നടത്തിയിരുന്നു.

ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല
സുഹൃത്തുക്കൾ വിവരമറിയച്ചത് പ്രകാരം സ്ഥലത്തെത്തിയപ്പോൾ തളർന്ന് കിടക്കുന്ന യാസീനെയാണ് ഇഖ്ബാൽ കാണുന്നത്. ഉടൻ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞിരുന്നില്ല. സംഭവത്തിൽ ദുബായ് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. യാസീന്റെ മൃതദേഹം നിലവിൽ ദുബായ് പോലീസ് മോർച്ചറിയിലാണ് സൂക്ഷിച്ചിട്ടുള്ളത്.

ദുബായിലേക്ക് അയച്ചു
പ്ലസ്ടു പൂർത്തിയാക്കിയ യാസീൻ തുടർ വിദ്യാഭ്യാസത്തിൽ ശ്രദ്ധ ചെലുത്താതായതോടെയാണ് പിതാവ് ദുബായിലുള്ള തന്റെ സഹോദരന്റെ അടുത്തേക്ക് യാസിനെ അയയ്ക്കുന്നത്. അൽഖൂസിൽ ബിസിനസുമായി കഴിയുന്ന ഇദ്ദേഹം ഇതോടെ യാസിന് വേണ്ടി റെസിഡന്റ് വിസ എടുക്കുന്നതിനുള്ള നടപടി ക്രമങ്ങളും ഇതിനൊപ്പം ആരംഭിക്കുകയും ചെയ്തിരുന്നു. ഇതോടെ മാർച്ചിൽ ദുബായിൽ എത്തുകയും ചെയ്തിരുന്നു.

നേരത്തെ അറിയിച്ചു
തനിക്ക് സുഹൃത്തുക്കൾക്കൊപ്പം വഖറയിൽ വെച്ച് ഒരു പാർട്ടിയുണ്ടെന്ന് 15 ദിവസം മുമ്പാണ് യാസീൻ ഇഖ്ബാലിനോട് പറയുന്നത്. വൈകിട്ട് ഏഴിന് ഇഖ്ബാലിന്റെ നിർദേശം അനുസരിച്ച് ഒരു സുഹൃത്താണ് യാസീനെ പാർട്ടി നടക്കുന്ന സ്ഥലത്ത് എത്തിച്ചത്. എന്നാൽ ഏത് സുഹൃത്തുക്കൾക്കൊപ്പമാണ് പാർട്ടിയിൽ പങ്കെടുത്തത് എന്നതിനെക്കുറിച്ച് വിവരം ലഭിച്ചിട്ടില്ല.

പാർട്ടിക്കിടെ തളർന്നുവീണു
ബോട്ടിൽ വെച്ച് നടന്ന പാർട്ടിയിൽ പങ്കെടുക്കാൻ എത്തിയപ്പോൾ യാസീൻ തളർന്നു വീണുവെന്നാണ് ഒപ്പമുണ്ടായിരുന്നവർ ഇഖ്ബാലിന് നൽകിയ വിവരം. തളർച്ച അനുഭവപ്പെട്ടുവെന്നല്ലാതെ മറ്റൊന്നും സുഹൃത്തുക്കളും പറഞ്ഞിരുന്നില്ല. അവിടെ നിന്ന് ആരും ആശുപത്രിയിലേക്ക് കൊണ്ടുപോകാൻ തയ്യാറായില്ലെന്നും അതുകൊണ്ടാണ് തങ്ങളുടെ താമസ സ്ഥലത്തേക്ക് കൊണ്ടുവന്നതെന്നും സുഹൃത്തുക്കൾ ഇഖ്ബാലിനോട് പറഞ്ഞു. ഇഖ്ബാൽ സ്ഥലത്തെത്തുമ്പോഴും യാസീന് സംസാരിക്കാൻ കഴിയുന്ന തരത്തിലായിരുന്നില്ല.