
യുക്രൈനിന് 400 മില്യണ്‍ ഡോളര്‍ സഹായം പ്രഖ്യാപിച്ച് സൗദി; അമേരിക്കക്ക് മറുപടി?
റിയാദ്: റഷ്യന്‍ അധിനിവേശത്തിനിടെ യുക്രൈനിന് സഹായം പ്രഖ്യാപിച്ച് സൗദി അറേബ്യ. യുക്രൈനിന് 400 മില്യണ്‍ ഡോളര്‍ മാനുഷിക സഹായം പ്രഖ്യാപിച്ചതായി സൗദി പ്രസ് ഏജന്‍സി അറിയിച്ചു. സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ യുക്രൈന്‍ പ്രസിഡന്റ് വോളോഡിമര്‍ സെലെന്‍സ്‌കിയുമായി ഫോണ്‍ സംസാരിച്ച് ഇക്കാര്യം അറിയിച്ചതായി വാര്‍ത്താ ഏജന്‍സി പറഞ്ഞു.
രാജ്യത്തിന് എല്ലാ വിധ സഹകരണത്തിനും സൗദി തയ്യാറാണെന്നും മധ്യസ്ഥ ശ്രമങ്ങള്‍ തുടരാനുള്ള സൗദിയുടെ സന്നദ്ധതയും മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ അറിയിച്ചതായാണ് റിപ്പോര്‍ട്ട്. നേരത്തെ മോസ്‌കോയ്ക്കും കൈവിനും ഇടയില്‍ യുദ്ധത്തടവുകാരുടെ കൈമാറ്റം സുഗമമാക്കുന്നതില്‍ സൗദി അറേബ്യ കഴിഞ്ഞ മാസം നിര്‍ണായക ഇടപെടല്‍ നടത്തിയിരുന്നു.

അതേസമയം സംഘര്‍ഷത്തിന്റെ ഫലമായുണ്ടാകുന്ന ഊര്‍ജ്ജ പ്രതിസന്ധി ലഘൂകരിക്കുന്നതിന് എണ്ണ ഉല്‍പ്പാദനം വര്‍ധിപ്പിക്കാനുള്ള സമ്മര്‍ദത്തെ ചെറുത്തുനിന്നതിനെ തുടര്‍ന്ന് യുക്രൈനിലെ യുദ്ധം സൗദി അറേബ്യയും അമേരിക്കയും തമ്മിലുള്ള സംഘര്‍ഷങ്ങള്‍ക്ക് ആക്കം കൂട്ടിയിരുന്നു.

സൗദിയുടെ നേതൃത്വത്തിലുള്ള എണ്ണ കയറ്റുമതിക്കാരുടെ കൂട്ടായ്മയായ ഒപെക്, റഷ്യയുമായും മറ്റ് സഖ്യകക്ഷികളുമായും വന്‍തോതിലുള്ള ഉല്‍പ്പാദനം വെട്ടിക്കുറയ്ക്കാന്‍ സമ്മതിച്ചിരുന്നു. ഇതിനെ തുടര്‍ന്ന് സൗദി അമേരിക്കയില്‍ നിന്ന് വിമര്‍ശനത്തിന് വിധേയമായിരുന്നു. ഒപെക് മോസ്‌കോയുമായി സഹകരിക്കുകയാണ് എന്നും വാഷിംഗ്ടണ്‍ ആരോപിച്ചിരുന്നു.

ഈ പശ്ചാത്തലത്തിലാണ് യുക്രൈനിന് സഹായം പ്രഖ്യാപിച്ചത് എന്നതും ശ്രദ്ധേയമാണ്. അതേസമയം അന്താരാഷ്ട്ര പ്രശ്നങ്ങളില്‍ തങ്ങള്‍ ആരുടെയും പക്ഷം പിടിക്കുന്നില്ല എന്നാണ് സൗദി അറേബ്യ പറയുന്നത്. കഴിഞ്ഞ ജൂലായില്‍ ജോ ബൈഡന്‍ സൗദി അറേബ്യ സന്ദര്‍ശിച്ച് മുഹമ്മദ് ബിന്‍ സല്‍മാനുമായി കൂടിക്കാഴ്ച്ച നടത്തിയിരുന്നു.
'500 രൂപയുടെ പിപിഇ കിറ്റ് 1500 രൂപക്ക് വാങ്ങിയത് മുഖ്യമന്ത്രിയുടെ അറിവോടെ'; തുറന്ന് പറഞ്ഞ് കെകെ ശൈലജ

അതേസമയം ഒപെക് പ്ലസ് രാജ്യങ്ങളുടെ ഏകകണ്ഠമായ തീരുമാനത്തിന് സാമ്പത്തിക മാനങ്ങളല്ലാതെ മറ്റൊന്നും ഇല്ല എന്നാണ് സൗദി വിദേശകാര്യ മന്ത്രാലയം പറയുന്നത്. ഉല്‍പ്പാദനം വെട്ടിക്കുറയ്ക്കാനുള്ള തീരുമാനം വൈകിപ്പിച്ചാല്‍ പ്രതികൂലമായ സാമ്പത്തിക പ്രത്യാഘാതങ്ങള്‍ ഉണ്ടാവുമെന്നാണ് സൗദി അറേബ്യ പറയുന്നത്.