യുഎഇ: നിങ്ങളുടെ സോഷ്യല്‍ മീഡിയ അക്കൗണ്ട് സുരക്ഷിതമെന്ന് കരുതുന്നുണ്ടോ!!!
അബുദാബി: യുഎഇയിലെ സോഷ്യല്‍മീഡിയ ഉപയോക്താക്കള്‍ക്ക് സോഷ്യല്‍ മീഡിയയില്‍ സ്വകാര്യത സംരക്ഷിക്കാന്‍ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളുമായി ടെലികമ്മ്യൂണിക്കേഷന്‍ റെഗുലേറ്ററി അതോറിറ്റി. സോഷ്യല്‍ മീഡിയ മൂലമുള്ള സുരക്ഷാ പാളിച്ചകളും ചൂഷണങ്ങളും വന്‍ തോതില്‍ വര്‍ദ്ധിച്ചതോടെയാണ് യുഎഇ നിവാസികള്‍ക്ക് നിര്‍ദ്ദേശങ്ങളുമായി ടിആര്‍എ രംഗത്തെത്തിയിട്ടുള്ളത്.
Read also: ഫേസ്ബുക്ക് ഒടുവില്‍ ആ രഹസ്യം പറഞ്ഞു!!!
കുട്ടികളുടെ സോഷ്യല്‍ മീഡിയ ഉപയോഗം നിയന്ത്രിക്കുന്നതിനായി സോഷ്യല്‍ മീഡിയ ഉപയോക്താക്കളായ മാതാപിതാക്കള്‍ക്ക് കര്‍ശന നിര്‍ദ്ദേശങ്ങളും യുഎഇയിലെ ടിആർഎ നല്‍കുന്നുണ്ട്. കുട്ടികളുടെ സോഷ്യല്‍ മീഡിയ ഉപയോഗത്തെ കര്‍ശനമായി നിയന്ത്രിക്കണമെന്നാവശ്യപ്പെടുന്ന ടിആര്‍എ കുട്ടികള്‍ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകള്‍ വഴി ലൊക്കേഷന്‍, വ്യക്തിഗത വിവരങ്ങള്‍, ഫോട്ടോകള്‍ എന്നിവ പങ്കുവെയ്ക്കണമെന്നും നിര്‍ദ്ദേശിക്കുന്നു.

മികച്ച പാസ് വേര്‍ഡുകള്‍
സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ ഹാക്ക് ചെയ്യപ്പെടാതിരിക്കാനും വ്യക്തിഗത വിവരങ്ങള്‍ ഹാക്കര്‍മാര്‍ ശേഖരിക്കാതിരിക്കാനുമായി ശക്തമായ പാസ് വേര്‍ഡുകള്‍ ഉപയോഗിക്കണം. പെട്ടെന്ന് കണ്ടുപിടിക്കാന്‍ സാധ്യതയില്ലാത്ത പാസ് വേര്‍ഡുകളാണ് ഉപയോഗിക്കേണ്ടത്.

സ്മാര്‍ട്ട് ഫോണ്‍ ആപ്ലിക്കേഷന്‍
സ്മാര്‍ട്ട്‌ഫോണില്‍ പുതിയ ആപ്ലിക്കേഷനുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യുമ്പോള്‍ നിബന്ധനകള്‍ നിര്‍ബന്ധമായും വായിച്ചിരിക്കണം.

ഫ്രണ്ട് റിക്വസ്റ്റുകള്‍
ഫേസ്ബുക്ക് ഉള്‍പ്പെടെയുള്ള സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ അപരിചിതരില്‍ നിന്നുള്ള ഫ്രണ്ട് റിക്വസ്റ്റുകള്‍ കുട്ടികള്‍ സ്വീകരിക്കുന്നത് ഒഴിവാക്കുക.

ഭൂമിശാസ്ത്രപരമായ വിവരങ്ങള്‍
സോഷ്യല്‍ മീഡിയകള്‍ വഴി ലൊക്കേഷന്‍ ഉള്‍പ്പെടെയുള്ള ഭൂമിശാസ്ത്രപരമായ വിവരങ്ങള്‍ ഷെയര്‍ ചെയ്യുന്നതില്‍ നിന്ന് കുട്ടികളെ കര്‍ശനമായി വിലക്കുക.

ആന്റിവൈറസ്
മികച്ച ആന്റിവൈറസ് പ്രോഗ്രാമുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യുകയും ഇന്റര്‍നെറ്റ് കണക്ഷനുള്ള കമ്പ്യൂട്ടറില്‍ വ്യക്തിഗത വിവരങ്ങള്‍ സൂക്ഷിക്കാതിരിക്കുക, വിശ്വസനീയമായ ഉറവിടങ്ങളില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യാതിരിക്കുക തുടങ്ങിയ നിര്‍ദദ്ദേശങ്ങളാണ് ടിആര്‍എ നല്‍കുന്നത്.

പാരെന്റല്‍ കണ്‍ട്രോള്‍ ആപ്ലിക്കേഷന്‍
കുട്ടികള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ഗെയിം, ആപ്ലിക്കേഷന്‍ എന്നിവ ഡൗണ്‍ലോഡ് ചെയ്യുന്നത് കൃത്യമായി പരിശോധിക്കുന്നതിനായി പാരെന്റല്‍ കണ്‍ട്രോള്‍ ആപ്ലിക്കേഷന്‍ ഇന്‍സ്റ്റാള്‍ ചെയ്യുക.

രാജ്യസുരക്ഷ
രാജ്യസുരക്ഷക്കും വ്യക്തിഗത സുരക്ഷക്കും ഭീഷണിയാവുന്ന സോഷ്യല്‍ മീഡിയ ആപ്ലിക്കേഷനുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യാതിരിക്കുക. വ്യക്തികളെക്കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിക്കുന്നതിനായി വേ്ണ്ടി മാത്രം തയ്യാറാക്കിയിട്ടുള്ള ആപ്ലിക്കേഷനുകളെക്കുറിച്ച് ടെക് വിദഗ്ദര്‍ തന്നെ മുന്നറിയിപ്പ് നല്‍കിക്കഴിഞ്ഞാണ്.

ഭീകരവാദികള്‍
സോഷ്യല്‍ മീഡിയ പ്ലാറ്റ് ഫോമുകള്‍ വഴി യുവാക്കളെ ഭീകരവാദത്തിലേക്കും രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങളിലേക്കും ആകര്‍ഷിക്കുന്നതിനുള്ള സാധ്യതകള്‍ ഏറെയാണ്. ട്വിറ്റര്‍ അക്കൗണ്ടുകള്‍ വഴി ഐസിസ് ആളുകളെ റിക്രൂട്ട് ചെയ്തിരുന്നുവെന്നത് ഇതുമായി ചേര്‍ത്തുവായിക്കേണ്ടതുണ്ട്.

അപകീര്‍ത്തിപ്പെടുത്തല്‍
സോഷ്യല്‍ മീഡിയയുമായി ബന്ധപ്പെട്ട് ബ്ലാക്ക് മെയിലിംഗ്, വ്യാജ അപകീര്‍ത്തിക്കേസുകള്‍, ചൂഷണം, രാജ്യവിരുദ്ധപ്രവര്‍ത്തനങ്ങള്‍ എന്നിവയാണ് യുഎഇയില്‍ ഇതിനകം റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.

ബോധവല്‍ക്കരണം
സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്ന കുട്ടികളെ സോഷ്യല്‍മീഡിയയ്ക്ക് പിന്നില്‍ ഒളിഞ്ഞിരിക്കുന്ന റാക്കറ്റുകളെക്കുറിച്ചും ബ്ലാക്ക്‌മെയിലിംഗ് തന്ത്രങ്ങളെക്കുറിച്ചും മാതാപിതാക്കള്‍ കര്‍ശനമായി താക്കീത് ചെയ്യണം.

വ്യാജ അക്കൗണ്ടുകള്‍
സോഷ്യല്‍ മീഡിയ തട്ടിപ്പുകള്‍ക്ക് പിന്നില്‍ വ്യാജ അക്കൗണ്ടുകള്‍ക്ക് വലിയ പങ്കാണുള്ളത്. സ്ത്രീകളുമായും കുട്ടികളുമായും ബന്ധം സ്ഥാപിക്കുന്ന വ്യാജ അക്കൗണ്ടുകള്‍ വ്യക്തിഗത വിവരങ്ങള്‍ ശേഖരിക്കുന്നതിനും തട്ടിപ്പിനിരയാക്കുന്നതിനും ഇവ ഉപയോഗിക്കും.

കുട്ടികള്‍ക്കെതിരെയുള്ള ചൂഷണം
18 വയസ്സിന് താഴെ പ്രായമുള്ളവരെ കുട്ടികളായാണ് കണക്കാക്കുന്നത്, സോഷ്യല്‍ മീഡിയ വഴിയുള്ള ചൂഷണം കുട്ടികളെ മാനസിക പ്രശ്‌നങ്ങളിലേക്ക് നയിക്കാമെന്ന് മുന്നറിയിപ്പ് നല്‍കുന്ന ടെക് വിദഗ്ദര്‍ കുട്ടികളുടെ ആരോഗ്യവും പഠനിലവാരവും ഉറപ്പുവരുത്തണമെന്നും പറയുന്നു.

ഗൂഗിള്‍
സ്മാര്‍ട്ട്‌ഫോണ്‍, എസ്എംഎസ്, കോള്‍ ലോഗ് എന്നിവ ഉപയോഗിച്ച് വ്യക്തികളുടെ ലൊക്കേഷന്‍ എന്നിവയുള്‍പ്പെടെയുള്ള വിവരങ്ങള്‍ ഹാക്കര്‍മാര്‍ക്കോ സാങ്കേതിക വിദ്യയെക്കുറിച്ച് അറിവുള്ളവര്‍ക്കോ കഴിയും.