സൗദി അറേബ്യയ്ക്ക് കനത്ത തിരിച്ചടി; ഇന്ത്യ കൈവിട്ടു... പ്രകോപിപ്പിച്ചത് സൗദിയുടെ ആ തീരുമാനം
ന്യൂഡല്‍ഹി/റിയാദ്: സൗദി അറേബ്യയുമായി ഇന്ത്യയ്ക്ക് അടുത്ത സൗഹൃദമാണുള്ളത്. ലോകത്തെ ഏറ്റവും വലിയ എണ്ണ കയറ്റുമതി കമ്പനി സൗദിയുടെ അരാംകോയാണ്. ലോകത്ത് ഏറ്റവും കൂടുതല്‍ എണ്ണ ഇറക്കുമതി ചെയ്യുന്ന മൂന്നാമത്തെ രാജ്യം ഇന്ത്യയും. ഇന്ത്യ പ്രധാനമായും എണ്ണയ്ക്ക് ആശ്രയിക്കുന്നത് പശ്ചിമേഷ്യയിലെ രണ്ട് രാജ്യങ്ങളെയാണ്. അതിലൊന്നാണ് സൗദി അറേബ്യ.
Recommended Video
എന്നാല്‍ എണ്ണയ്ക്ക് വില കൂട്ടാന്‍ സൗദി അറേബ്യ തീരുമാനിച്ചതോടെ ഇന്ത്യ മറ്റുചില കടുത്ത നിലപാടുകളിലെത്തി. സൗദിയില്‍ നിന്ന് എണ്ണ വാങ്ങുന്നത് കുറയ്ക്കാനാണ് ഇന്ത്യയുടെ നീക്കം. ബദല്‍ മാര്‍ഗവും ഇന്ത്യ കണ്ടിട്ടുണ്ടെന്ന് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു. വിശദാംശങ്ങള്‍ ഇങ്ങനെ...

സൗദി അറേബ്യയില്‍ നിന്ന് മെയ് മാസം വാങ്ങുന്ന എണ്ണയില്‍ കുറവ് വരുത്താനാണ് ഇന്ത്യയുടെ നീക്കം. രണ്ട് ഇന്ത്യന്‍ എണ്ണ കമ്പനികള്‍ ഈ തീരുമാനമെടുത്തിട്ടുണ്ടെന്ന് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ടില്‍ പറയുന്നു. ഏഷ്യന്‍ രാജ്യങ്ങള്‍ക്ക് നല്‍കുന്ന എണ്ണയുടെ വില വര്‍ധിപ്പിക്കാന്‍ സൗദി തീരുമാനിച്ചിരുന്നു. ഇതാണ് ഇന്ത്യയെ കടുത്ത നിലപാടെടുക്കാന്‍ പ്രേരിപ്പിച്ചതത്രെ.

വില കൂട്ടുകയാണെങ്കില്‍ സൗദിയില്‍ നിന്ന് എണ്ണ വാങ്ങുന്നത് കുറയ്ക്കാമെന്നാണ് ഇന്ത്യയുടെ ആലോചന. ഇന്ത്യന്‍ ആഭ്യന്തര വിപണിയുടെ നിലനില്‍പ്പ് കണക്കിലെടുത്താണ് ഈ തീരുമാനം. എണ്ണ വിലയിലെ വര്‍ധനവ് ഇന്ത്യന്‍ വിപണിയെ ശരിക്കും ബാധിച്ചിട്ടുണ്ട്. അവശ്യ വസ്തുക്കളുടെ വില കുതിച്ചുകയറുകയാണ്. മാത്രമല്ല, പണപ്പെരുപ്പവും വര്‍ധിക്കുന്നു.

സൗദി അറേബ്യ എണ്ണ വില കൂട്ടുമ്പോള്‍ പ്രധാനമായും ബാധിക്കുക ഇന്ത്യയെയാണ്. കാരണം സൗദിയില്‍ നിന്ന് കൂടുതല്‍ എണ്ണ ഇറക്കുന്ന ഒരു രാജ്യം ഇന്ത്യയാണ്. മാത്രമല്ല, ഇന്ത്യ ആവശ്യമുള്ളതിന്റെ 80 ശതമാനവും വിദേശങ്ങളില്‍ നിന്ന് ഇറക്കുകയാണ്്. ഈ വേളയില്‍ വില ഉയര്‍ത്തിയാല്‍ ഇന്ത്യയ്ക്ക് താങ്ങാന്‍ സാധിക്കില്ല. സൗദി അറേബ്യ, ഇറാഖ് എന്നീ പശ്ചിമേഷ്യന്‍ രാജ്യങ്ങളില്‍ നിന്നാണ് ഇന്ത്യ കൂടുതല്‍ എണ്ണ ഇറക്കുന്നത്.

എണ്ണ കമ്പനികളെ ഉദ്ധരിച്ചാണ് ഈ വാര്‍ത്ത പുറത്തുവന്നിരിക്കുന്നത്. എന്നാല്‍ സൗദിയില്‍ നിന്നുള്ള എണ്ണ എത്രത്തോളം കുറയ്ക്കുമെന്ന് ഉദ്യോഗസ്ഥന്‍ വെളിപ്പെടുത്തിയില്ല. സൗദിയില്‍ നിന്ന് എണ്ണ ഇറക്കുന്നതിന് ഇന്ത്യ വാര്‍ഷിക കരാറില്‍ ഒപ്പുവച്ചിട്ടുണ്ട്. ഇതുപ്രകാരം എണ്ണ വാങ്ങുന്നതില്‍ മാറ്റം വരുത്താനാകില്ല. എന്നാല്‍ മാസാന്ത കരാര്‍ പ്രകാരമുള്ള വാങ്ങലുകളില്‍ കുറവ് വരുത്തുമെന്നാണ് വിവരം.

സൗദിയില്‍ നിന്ന് എണ്ണ വാങ്ങുന്നത് കുറവ് വരുത്തുമ്പോള്‍ റഷ്യയില്‍ നിന്ന് കൂടുതല്‍ എണ്ണ ഇറക്കാനാണ് ഇന്ത്യ ആലോചിക്കുന്നതത്രെ. റഷ്യയുടെ എണ്ണ വില്‍ക്കാന്‍ നിലവില്‍ പ്രയാസം നേരിടുന്നുണ്ട്. യുക്രൈനെതിരായ ആക്രമണത്തെ തുടര്‍ന്ന് റഷ്യയുടെ എണ്ണയ്‌ക്കെതിരെ അമേരിക്ക ഉപരോധം പ്രഖ്യാപിച്ചിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ ഇന്ത്യയ്ക്ക് വില കുറച്ച് തരാമെന്ന് റഷ്യ സമ്മതിച്ചിട്ടുണ്ട്.

റഷ്യന്‍ വിദേശകാര്യ മന്ത്രി സെര്‍ജി ലാവ്‌റോവ് കഴിഞ്ഞാഴ്ച ഇന്ത്യയിലെത്തിയിരുന്നു. എണ്ണ ഇറക്കുമതിയുമായി ബന്ധപ്പെട്ട കാര്യങ്ങളും ഈ വേളയില്‍ ചര്‍ച്ച ചെയ്തു എന്നാണ് വാര്‍ത്തകള്‍. നിലവില്‍ യൂറോപ്പ്യന്‍ രാജ്യങ്ങള്‍ റഷ്യയുടെ എണ്ണ വാങ്ങുന്നത് നിര്‍ത്തിയിട്ടില്ല. പക്ഷേ, വാങ്ങല്‍ കുറയ്ക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് ഇന്ത്യയ്ക്ക് വില കുറച്ച് നല്‍കാന്‍ റഷ്യ പദ്ധതിയൊരുക്കിയത്.
പൊട്ടിച്ചിരിച്ച് രശ്മിക മന്ദാന; ഈ ചിരിക്ക് പിന്നില്‍ ഒരു രഹസ്യമുണ്ട്... കാണാം ചിത്രങ്ങള്‍

ഇന്ത്യയ്ക്ക് വില കുറച്ച് എണ്ണ കിട്ടുന്നത് ഉപകാരപ്പെടും. വില കൂടിയത് കാരണം രാജ്യത്തെ ആഭ്യന്തര വിപണി കനത്ത വെല്ലുവിളി നേരിടുകയാണ്. അതേസമയം, റഷ്യയില്‍ നിന്ന് എണ്ണ കൂടുതല്‍ ഇറക്കുമ്പോള്‍ അമേരിക്ക പ്രതിസന്ധി സൃഷ്ടിക്കുമോ എന്നതാണ് ഇന്ത്യയ്ക്ക് മുമ്പിലുള്ള ആശങ്ക. റഷ്യയുടെ എണ്ണ ഇന്ത്യ കൂടുതലായി വാങ്ങുമ്പോള്‍, പശ്ചിമേഷ്യയില്‍ നിന്നും ആഫ്രിക്കയില്‍ നിന്നുമുള്ള എണ്ണ കൂടുതല്‍ വാങ്ങാനാണ് യൂറോപ്യന്‍ രാജ്യങ്ങളുടെ നീക്കം.












Click it and Unblock the Notifications