രാഷ്ട്രീയത്തിലേക്ക് ഇറങ്ങാന്‍ താന്‍ ഉദ്ദേശിക്കുന്നില്ല, അപവാദ പ്രചാരണങ്ങള്‍ക്ക് എതിരെ എംഎ യൂസഫലി
ദുബൈ: സോഷ്യല്‍ മീഡിയ വഴിയുളള അപവാദ പ്രചാരണങ്ങള്‍ക്ക് എതിരെ പ്രതികരണവുമായി പ്രമുഖ വ്യവസായി എംഎ യൂസഫലി രംഗത്ത്. തദ്ദേശ തിരഞ്ഞെടുപ്പില്‍ ട്വന്റി ട്വന്റി കൂട്ടായ്മ വിജയിച്ചതിന്റെ പശ്ചാത്തലത്തിലുളള പ്രചരണങ്ങള്‍ക്കെതിരെയാണ് യൂസഫലി രംഗത്ത് വന്നിരിക്കുന്നത്. അപവാദ പ്രചരണങ്ങള്‍ക്ക് എതിരെ നിയമനടപടി സ്വീകരിക്കുമെന്ന് എംഎ യൂസഫലി വ്യക്തമാക്കി.
രാഷ്ട്രീയത്തിലേക്ക് ഇറങ്ങാന്‍ താന്‍ ഉദ്ദേശിക്കുന്നില്ലെന്ന് യൂസഫലി വ്യക്തമാക്കി. ജനാധിപത്യത്തില്‍ മത്സരിക്കാനും ജയിക്കാനുമുളള അവകാശം എല്ലാവര്‍ക്കും ഉണ്ടെന്ന് തദ്ദേശ തിരഞ്ഞെടുപ്പിലെ ട്വന്റി ട്വന്റിയുടെ വിജയത്തെ കുറിച്ച് എംഎ യൂസഫലി പറഞ്ഞു. ജനങ്ങളാല്‍ തിരഞ്ഞെടുക്കപ്പെട്ടവരെ അംഗീകരിക്കുന്നതാണ് ജനാധിപത്യത്തിന്റെ രീതിയെന്നും എംഎ യൂസഫലി അഭിപ്രായപ്പെട്ടു.
തനിക്ക് കക്ഷി രാഷ്ട്രീയത്തിന്റെ ഭാഗമാകാനോ രാഷ്ട്രീയത്തിലേക്ക് ഇറങ്ങാനോ താല്‍പര്യമില്ല. ജനങ്ങളാല്‍ തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരുകളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുക എന്നതാണ് നയം. സോഷ്യല്‍ മീഡിയയില്‍ നടക്കുന്ന അപവാദ പ്രചാരണം 55000ല്‍ കൂടുതലുളള തന്റെ സഹപ്രവര്‍ത്തകര്‍ക്ക് മനപ്രയാസം ഉണ്ടാക്കുന്നത് ആയതിനാല്‍ ആണ് ശക്തമായ നിയമനടപടി സ്വീകരിക്കുന്നത് എന്ന് യൂസഫലി വ്യക്തമാക്കി.
സോഷ്യല്‍ മീഡിയ വഴിയുളള അപവാദ പ്രചാരണം രാജ്യത്ത് മറ്റൊരിടത്തും ഇല്ലാത്ത തരത്തില്‍ കേരളത്തില്‍ ശക്തമാണെന്ന് യൂസഫലി കുറ്റപ്പെടുത്തി. ഇന്ത്യയില്‍ അഭിപ്രായ സ്വാതന്ത്ര്യമുണ്ട്. എന്നാല്‍ നെഗറ്റിവിറ്റി പ്രചരിപ്പിക്കുക എന്നത് ചിലരുടെ ശീലമായി മാറിയിരിക്കുകയാണ്. അബുദാബിയില്‍ നിന്ന് വീഡിയോ കോണ്‍ഫറന്‍സിലൂടെയാണ് എംഎ യൂസഫലി പ്രതികരിച്ചത്.