ഹജ്ജിനെത്താന്‍ കസ്രത്ത് നടന്നത് 6300 കിലോമീറ്റർ
സൗദി:മുസ്ലിങ്ങളെ സംബന്ധിച്ചിടത്തോളം മക്ക പുണ്യ ഭൂമിയാണ്. ഒരു ജന്മത്തിന്റെ പാപം മുഴുവന്‍ കഴുകി കളയുന്ന പുണ്യഭൂമി. ആയുസ്സില്‍ ഒരിയ്ക്കലെങ്കിലും കഅബാലയത്തെ കാണാന്‍ കഴിയണേ എന്ന് പ്രാര്‍ഥിയ്ക്കാത്തവരില്ല. ഹജ്ജ് കര്‍മ്മങ്ങള്‍ മക്കയില്‍ നടക്കവേ വേറിട്ടൊരു യാത്രാനുഭവമാണ് പാകിസ്താന്‍ കാരനായ ഖാല്‍സാദ കസ്രട്ടിന്ന് പറയാനുള്ളത്. മറ്റുള്ളവര്‍ വിമാന മാര്‍ഗത്തിലും മറ്റും വിദേശ രാജ്യങ്ങളില്‍ നിന്ന് ഹജജിനായി സൗദിയില്‍ എത്തുമ്പോള്‍ കസ്രത്ത് പാകിസ്തനില്‍ നിന്ന് മക്കവരെ എത്തിയത് നടന്നിട്ടാണ്. മക്കയിലെത്താന്‍ 6,300 കിലോമീറ്റര്‍ ദൂരമാണ് ഇദ്ദേഹം നടന്നത്.
ജൂണ്‍ മാസത്തിലെ ആദ്യത്തെ ആഴ്ച തന്നെ കറാച്ചിയില്‍ നിന്ന് മക്കയിലേയ്ക്കുള്ള തന്റെ കാല്‍നടയാത്ര ഇദ്ദേഹം ആരംഭിച്ച് കഴിഞ്ഞു. 107 ദിവസങ്ങള്‍ പിന്നിട്ടു സൗദിയിലെത്താന്‍.സൗദിയില്‍ നിന്നും മക്കയിലെത്താന്‍ വീണ്ടും പത്ത് ദിനങ്ങള്‍ കൂടി. ഒടുവില്‍ മക്കയെന്ന പുണ്യ നഗരത്തില്‍.

ഒരു ദിവസം ശരാശരി 50 കിലോമീറ്റര്‍ ദൂരമാണ് ഇദ്ദേഹം നടന്നത്. പാകിസ്താനില്‍ 1,300 കിലോമീറ്റര്‍ ദൂരം, ഇറാനില്‍ 2640 കിലോമീറ്റര്‍ ദൂരം, ഇറാഖില്‍ 600 കിലോമീറ്റര്‍ ദൂരം, ജോര്‍ദാനില്‍ 800 കിലോമീറ്റര്‍ ദൂരവും നടന്നാണ് ഇദ്ദേഹം സൗദിയിലെത്തിയത്. സൗദിയില്‍ എത്തിയ ഇദ്ദേഹത്തിന് ഊഷ്മളമായ വരവേല്‍പ്പാണ് ലഭിച്ചത്. സൗദിയില്‍ നിന്ന് മക്കയിലേയ്ക്കുള്ള യാത്രയില്‍ പൊലീസ് അകമ്പടി സേവിച്ചു.
തന്റെ യാത്ര പല സമയത്തും നിര്‍ത്തി വയ്‌ക്കേണ്ടി വന്നുവെന്നും ഓരോ രാജ്യങ്ങളിലെത്തുമ്പോഴും മക്കയിലെത്താന്‍ കഴിയാത്ത ആളുകള്‍ തങ്ങള്‍ക്ക് വേണ്ടി പ്രാര്‍ഥിയ്ക്കണമെന്ന് ആവശ്യപ്പെടുമായിരുന്നെന്ന കസ്രത്ത് പറഞ്ഞു. ഇതിനാലാണ് യാത്രയില്‍ പലപ്പോഴും തടസ്സം നേരിട്ടത്. ഇറാഖിലെ മരുഭൂമിയിലൂടെ ഒറ്റയ്ക്ക് ഇദ്ദേഹം നടന്നു തീര്‍ത്തത് 100 കിലോമീറ്റര്‍ ദൂരമാണ്. രണ്ട് പാദങ്ങളും ചൂടേറ്റ് പൊട്ടിയെങ്കിലും അതൊന്നും വകവയ്ക്കാതെയായിരുന്നു കസ്രത്തിന്റെ യാത്ര.












Click it and Unblock the Notifications