ആയുധപ്പുരകള്‍ നിറച്ച് ഖത്തര്‍; ബ്രിട്ടനില്‍ നിന്ന് വാങ്ങുന്നത് 800 കോടി ഡോളറിന്റെ യുദ്ധവിമാനങ്ങള്‍
ദോഹ: തങ്ങള്‍ക്കെതിരേ ഉപരോധം പ്രഖ്യാപിച്ച അറബ് രാജ്യങ്ങളുടെ തീരുമാനത്തിന് ശേഷം ഖത്തര്‍ അത്യാധുനിക ആയുധങ്ങള്‍ വാങ്ങിക്കൂട്ടുന്നത് തുടരുന്നു. ബ്രിട്ടനില്‍ നിന്ന് 800 കോടി ഡോളറിന്റെ 24 ടൈഫൂണ്‍ ഫൈറ്റര്‍ ജെറ്റുകളാണ് ഖത്തര്‍ വാങ്ങുന്നത്. ഇതുമായി ബന്ധപ്പെട്ട കരാറില്‍ ഖത്തര്‍ പ്രതിരോധ മന്ത്രി ഖാലിദ് ബിന്‍ മുഹമ്മദ് അല്‍ അതിയ്യയും ബ്രിട്ടീഷ് പ്രതിരോധ മന്ത്രി ഗവിന്‍ വില്യംസണും തമ്മില്‍ ദോഹയില്‍ ഒപ്പുവച്ചു. കഴിഞ്ഞ് 10 വര്‍ഷത്തിനിടയ്ക്ക് ടൈഫൂണ്‍ യുദ്ധവിമാനങ്ങള്‍ക്ക് ലഭിക്കുന്ന ഏറ്റവും വലിയ ഓര്‍ഡറാണിത്.
ഖത്തറിന്റെ സുരക്ഷയും മേഖലയുടെ സ്ഥിരതയും ഉറപ്പുവരുത്താന്‍ ഈ യുദ്ധവിമാനങ്ങള്‍ക്ക് സാധിക്കുമെന്ന് വില്യംസണ്‍ പറഞ്ഞു. ബാഹ്യ വെല്ലുവിളികളെ നേരിടാന്‍ ഖത്തര്‍ സൈന്യത്തെ ഇത് ശക്തമാക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. യുദ്ധവിമാനത്തിന്റെ പൈലറ്റുകള്‍ക്ക് പരിശീലനം നല്‍കുന്നതുള്‍പ്പെട്ടതാണ് എട്ട് ബില്യന്‍ ഡോളറിന്റെ കരാര്‍. ഖത്തര്‍ വ്യോമസേനയും ബ്രിട്ടന്റെ റോയല്‍ എയര്‍ഫോഴ്‌സും തമ്മിലെ സഹകരണം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി സംയുക്ത സൈനികാഭ്യാസങ്ങള്‍ സംഘടിപ്പിക്കാനും ഇരുരാജ്യങ്ങളും തമ്മില്‍ ധാരണയായി. 2022ല്‍ ഖത്തറില്‍ നടക്കാനിരിക്കുന്ന ഫിഫ ലോകകപ്പ് മല്‍സരങ്ങളുടെ പശ്ചാത്തലത്തില്‍ വ്യോമസുരക്ഷ ഉറപ്പാക്കുന്നതിന് പരസ്പരം സഹകരിക്കാനും ഇരു രാജ്യങ്ങളും തീരുമാനിച്ചു.

ഫ്രഞ്ച് വിമാനക്കമ്പനിയില്‍ നിന്ന് 12 ദസോള്‍ട്ട് റഫേല്‍ യുദ്ധവിമാനങ്ങള്‍ വാങ്ങാന്‍ 100 കോടി ഡോളറിന്റെ കരാറില്‍ കഴിഞ്ഞ ദിവസം ഒപ്പുവച്ചതിനു പിന്നാലെയാണ് ബ്രിട്ടിനുമായി പുതിയ ആയുധക്കരാര്‍ ഉണ്ടാക്കിയിരിക്കുന്നത്. ജൂണ്‍ അഞ്ചിന് സൗദി അറേബ്യ, ബഹ്‌റൈന്‍, ഈജിപ്ത്, യു.എ.ഇ എന്നീ രാജ്യങ്ങള്‍ ചേര്‍ന്ന് ഖത്തറിനെതിരേ പ്രഖ്യാപിച്ച ഉപരോധം ആറുമാസം പിന്നിട്ട പശ്ചാത്തലത്തിലാണ് പുതിയ ആയുധകരാറുകള്‍ എന്ന കാര്യം ശ്രദ്ധേയമാണ്. ഗള്‍ഫ് പ്രതിസന്ധി സൈനിക സംഘര്‍ഷത്തിലേക്ക് നീങ്ങുമോ എന്ന ഭയവും മേഖലയില്‍ നിലനില്‍ക്കുന്നുണ്ട്.












Click it and Unblock the Notifications