യുഎഇ, ഒമാന്‍, ഖത്തര്‍ യാത്രക്കാര്‍ വലയും; സര്‍വീസ് വെട്ടിച്ചുരുക്കാന്‍ എയര്‍ ഇന്ത്യ... കാരണം ഇതാണ്
ന്യൂഡല്‍ഹി: ഗള്‍ഫ് യാത്രക്കാര്‍ കൂടുതല്‍ പ്രതിസന്ധിയിലാകുമെന്ന് റിപ്പോര്‍ട്ട്. ഗള്‍ഫിലേക്കുള്ള സര്‍വീസുകള്‍ വെട്ടിച്ചുരുക്കുകയാണ് എയര്‍ ഇന്ത്യ. യുഎഇ, ഖത്തര്‍, ഒമാന്‍ എന്നിവിടങ്ങളിലേക്കുള്ള വിമാന സര്‍വീസുകളാണ് എയര്‍ ഇന്ത്യ വെട്ടിച്ചുരുക്കുന്നത്. ചില വിമാനങ്ങള്‍ റദ്ദാക്കിയിട്ടുണ്ട്. രണ്ടാഴ്ചത്തേക്കാണ് വിമാനം റദ്ദാക്കിയിരിക്കുന്നത്.
ഡല്‍ഹി-മസ്‌ക്കത്ത്, ഡല്‍ഹി-ദുബായ്, ഡല്‍ഹി-അബുദാബി എന്നീ സെക്ടറിലെ വിമാനങ്ങള്‍ രണ്ടാഴ്ച റദ്ദാക്കാന്‍ തീരുമാനിച്ചു. വീക്കിലി വിമാന സര്‍വീസുകളാണ് മെയ് അവസാനം വരെ റദ്ദാക്കിയത്. നിലവില്‍ സര്‍വീസുകള്‍ കുറയ്ക്കുന്നത് താല്‍ക്കാലിക നടപടിയാണ് എന്നാണ് എയര്‍ ഇന്ത്യ ഉദ്യോഗസ്ഥര്‍ നല്‍കുന്ന സൂചന. എന്താണ് ഇത്രയും സര്‍വീസുകള്‍ കുറയ്ക്കാന്‍ കാരണം എന്ന ചോദ്യമാണ് പ്രസക്തം.

ശനിയാഴ്ചകളില്‍ ഡല്‍ഹിയില്‍ നിന്ന് മസ്‌കത്തിലേക്ക് സര്‍വീസ് നടത്തിയിരുന്ന വിമാനം ഏപ്രില്‍ 29 മുതല്‍ മെയ് 27 വരെ സര്‍വീസ് നടത്തില്ല. ട്രാവല്‍ ഏജന്റുമാര്‍ക്ക് എയര്‍ ഇന്ത്യ നല്‍കിയ സര്‍ക്കുലറിലാണ് ഇക്കാര്യം പറയുന്നത്. മാത്രമല്ല, ഞായറാഴ്ചകളിലെ ഡല്‍ഹി-ദോഹ സര്‍വീസ് ഏപ്രില്‍ 30 മുതല്‍ മെയ് 28 വരെയുണ്ടാകില്ല. ഡല്‍ഹി-ദുബായ് സര്‍വീസ് മെയ് 2 മുതല്‍ മെയ് 30 വരെയും ഡല്‍ഹി അബുദാബി വിമാനം മെയ് 3 മുതല്‍ 31 വരെയുമുണ്ടാകില്ല.
എയര്‍ ഇന്ത്യ നെറ്റ് വര്‍ക്ക് പുനഃസംഘടിപ്പിക്കുകയാണ് എന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു. പെരുന്നാളിന് ശേഷം ഗള്‍ഫിലേക്കുള്ള കൂടുതല്‍ സര്‍വീസുകള്‍ വെട്ടിക്കുറയ്ക്കുമെന്നാണ് ഒരു ഉദ്യോഗസ്ഥര്‍ പറഞ്ഞത്. അതേസമയം, സ്‌കൂള്‍ അവധി കാലത്ത് ആഭ്യന്തര സര്‍വീസുകളുടെ എണ്ണം വര്‍ധിപ്പിക്കുമെന്നും ഇദ്ദേഹം അറിയിച്ചു. എന്നാല്‍ പെരുന്നാളിനോട് അനുബന്ധിച്ച് യുഎഇയിലേക്ക് കൂടുതല്‍ സര്‍വീസ് നടത്താനും പദ്ധതിയുണ്ട്.
കേരളത്തില്‍ സംഭവിക്കുന്ന മാറ്റം
അതേസമയം, തിരുവനന്തപുരത്ത് നിന്ന് ദുബായ്, അബുദാബി എന്നിവിടങ്ങളിലേക്കുള്ള വിമാന സര്‍വീസുകള്‍ ആറെണ്ണമാക്കി ഉയര്‍ത്തി. നേരത്തെ ഇത് അഞ്ചായിരുന്നുവെന്ന് വിമാനത്താവള അധികൃതര്‍ അറിയിച്ചു. കോഴിക്കോട്, ഗോവ, ഇന്‍ഡോര്‍ എന്നിവിടങ്ങളിലേക്കുള്ള എയര്‍ ഇന്ത്യ സര്‍വീസുകള്‍ വെട്ടിക്കുറയ്ക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. പകരം എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങള്‍ അനുവദിക്കുമെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.

അടുത്തിടെയാണ് എയര്‍ ഇന്ത്യ വീണ്ടും ടാറ്റ ഗ്രൂപ്പ് ഏറ്റെടുത്തത്. ഇതിന് ശേഷം അന്താരാഷ്ട്ര സര്‍വീസുകള്‍ വര്‍ധിപ്പിക്കാന്‍ പദ്ധതിയുണ്ട്. കൂടുതല്‍ വിമാനങ്ങള്‍ വാങ്ങാനും തീരുമാനിച്ചു. അതേസമയം, ജീവനക്കാര്‍ വിആര്‍എസ് എടുത്തതോടെ പൈലറ്റുമാരില്ലാത്ത സാഹചര്യം വന്നു. ഇതോടെയാണ് സര്‍വീസുകളില്‍ മൊത്തം അഴിച്ചുപണി നടത്തുന്നത്. താല്‍ക്കാലിക അടിസ്ഥാനത്തില്‍ വിദേശ പൈലറ്റുമാരെ നിയമിക്കാന്‍ കമ്പനി ശ്രമിക്കുന്നുണ്ട്.
അമേരിക്കന്‍ സര്‍വീസ് കുറയ്ക്കും
ജീവനക്കാരില്ലാത്തതിനാല്‍ അമേരിക്കയിലേക്കുള്ള സര്‍വീസ് കുറയ്ക്കുമെന്ന് എയര്‍ ഇന്ത്യ എംഡി കാംമ്പല്‍ വില്‍സണ്‍ പറഞ്ഞിരുന്നു. സാന്‍ഫ്രാന്‍സിസ്‌കോയിലേക്കും നെവാര്‍ക്കിലേക്കുമുള്ള സര്‍വീസാണ് വെട്ടിക്കുറയ്ക്കുക. മുംബൈ-ന്യൂയോര്‍ക്ക് വിമാനം മെയ് മാസം സര്‍വീസ് നടത്തില്ല. 1500 ജീവനക്കാരാണ് വിആര്‍എസ് എടുത്ത് ജോലി മതിയാക്കിയത്. ഇതോടെയാണ് വലിയ പ്രതിസന്ധി നേരിടുന്നത്.
40 വയസ് കഴിഞ്ഞ, തുടര്‍ച്ചയായി 20 വര്‍ഷം ജോലി ചെയ്യുന്ന ജീവനക്കാര്‍ക്ക് പിരിഞ്ഞുപോകാന്‍ എയര്‍ ഇന്ത്യ അവസരം നല്‍കിയിരുന്നു. ആദ്യ ഘട്ടത്തില്‍ 4500 പേര്‍ക്കും രണ്ടാം ഘട്ടത്തില്‍ 2100 പേര്‍ക്കുമാണ് വിആര്‍എസിന് അവസരം നല്‍കിയത്. 55 വയസ് പിന്നിട്ട സ്ഥിരം ജോലിക്കാര്‍ക്കും വിആര്‍എസിന് അവസരം നല്‍കി. എയര്‍ ഇന്ത്യ ടാറ്റയ്ക്ക് കൈമാറുന്ന വേളയില്‍ 12085 ജീവനക്കാരാണുണ്ടായിരുന്നത്. ഇതില്‍ 8084 പേര്‍ സ്ഥിരം ജോലിക്കാരായിരുന്നു.












Click it and Unblock the Notifications