'കല്യാണത്തിന് ചേച്ചിയിട്ട സ്വര്‍ണം കാരണം സാരി പോലും കാണാന്‍ വയ്യ'! ചുട്ടമറുപടിയുമായി അശ്വതി ശ്രീകാന്ത്
കൊല്ലത്തെ വിസ്മയയുടെ മരണം മലയാളികളെ മുഴുവന്‍ ഞെട്ടിച്ചിരിക്കുന്നു എന്ന് വേണമെങ്കില്‍ പറയാം. സ്ത്രീധനം വാങ്ങിയും കൊടുത്തും വിവാഹിതരായവരും അവരുടെ മാതാപിതാക്കളും എല്ലാം ഇതില്‍ ഞെട്ടല്‍ രേഖപ്പെടുത്തുന്നുണ്ട് എന്നതാണ് വൈരുദ്ധ്യം. എന്തായാലും സ്ത്രീധനം എന്ന മനുഷ്യവിരുദ്ധ ഏര്‍പ്പാടിനെതിരെ വലിയ പ്രതിഷേധം ഉയരുന്നുണ്ട്.
ഈ വിഷയത്തില്‍ നടിയും അവതാരകയും എഴുത്തുകാരിയും ഒക്കെ ആയ അശ്വതി ശ്രീകാന്തും ഇന്‍സ്റ്റാഗ്രാമിലൂടെ പ്രതികരിച്ചിരുന്നു. അതിന് താഴെ അശ്വതിയുടെ പഴയ കല്യാണ ഫോട്ടോയുമായി ഒരാള്‍ ഒരു കമന്റും ഇട്ടു. അതിന് അശ്വതി നല്‍കിയ മറുപടി ഇപ്പോള്‍ വൈറല്‍ ആയിരിക്കുകയാണ്. നോക്കാം...

ഇനിയും വിവഹിതരാകാത്ത പെണ്‍കുട്ടികളോട്
'പറയാനുള്ളത് ഇനിയും വിവാഹിതരാകാത്ത പെണ്‍കുട്ടികളോടാണ്...
വീട്ടില്‍ വന്ന് പഴയ പത്രക്കടലാസ് എടുക്കുന്നവര്‍ പോലും നമുക്ക് ഇങ്ങോട്ടാണ് പണം തരാറ്. അത് ഒഴിവാക്കേണ്ടത് വീട്ടുകാരുടെ ആവശ്യമാണെങ്കില്‍ കൂടി. അപ്പോള്‍ അങ്ങോട്ട് പണം കൊടുത്ത്, പൊന്നുകൊടുത്ത് തൃപ്തിയാകുമ്പോള്‍ കൂടെ കൊണ്ടുപോകേണ്ടത്ര വില കുറഞ്ഞ ഒരു വസ്തുവല്ല നിങ്ങളെന്ന ബോധ്യം ഉണ്ടാകണം.'- പണ്ടെഴുതിയ കുറിപ്പ് ഒന്ന് കൂടി പങ്കുവയ്ക്കുകയായിരുന്നു അശ്വതി.

എന്തുകൊണ്ടാണ് അവര്‍ സഹിക്കുന്നത്
എത്ര കഷ്ടപ്പെട്ട് സ്വരുക്കൂട്ടിയാണ് അച്ഛനമ്മമാര്‍ കല്യാണം നടത്തിയതെന്ന ബോധ്യം ഉള്ളത് കൊണ്ടാണ് പല പെണ്‍കുട്ടികളും ഗാര്‍ഹിക പീഡനം സഹിക്കുന്നത്, വീട്ടുകാരെ പോലും അറിയിക്കാത്തത്. അച്ഛനോ അമ്മയോ രോഗാവസ്ഥയില്‍ കൂടിയാണെങ്കില്‍ സഹനം അല്ലാതെ മറ്റ് മാര്‍ഗ്ഗമില്ലെന്ന് ഉറപ്പിക്കുന്നവരാണ് അധികവും എന്ന് അശ്വതി എഴുതുന്നുണ്ട്.

പഴികേട്ടവര്‍ ഇന്നും ജീവിച്ചിരിക്കുന്നു
ഇനി സഹായത്തിനായി കൈ നീട്ടുന്നവരെ പോലും കൊലക്കളത്തിലേക്ക് തിരികെ പറഞ്ഞു വിടുന്നത്ര ക്രൂരമാണ് പലപ്പോഴും സമൂഹത്തിന്റെ മനോഭാവം...'കെട്ടിയോന്റെ വീട്ടില്‍ അടങ്ങിയ നില്‍ക്കാതെ ചാടി പോന്നവളെന്ന' പഴി കേട്ട പലരും ആ വരവ് കൊണ്ടാവും ഇന്നും ജീവിച്ചിരിക്കുന്നത്. പറ്റാത്ത ഇടങ്ങളില്‍ നിന്ന് ഇറങ്ങി പോരുന്നവരെ വിധിക്കാതിരിക്കാനുള്ള മാന്യത ഉയര്‍ന്ന മൂല്യ ബോധമുള്ള ഒരു സമൂഹമെന്ന നിലയില്‍ നമ്മളും കാണിക്കേണ്ടതാണ് എന്നും അശ്വതി പറയുന്നു.

സാരിപോലും കാണാന്‍ വയ്യാത്തത്ര സ്വര്‍ണം
ഇതിനിടെ അശ്വതിയുടെ വിവാഹ ഫോട്ടോയുമായി ചിലര്‍ രംഗത്ത് വന്നു. അതില്‍ ഒന്ന് ഇങ്ങനെ ആയിരുന്നു- 'ചേച്ചിയുടെ വാക്കുകളോട് ഞാന്‍ യോജിക്കുന്നു. അങ്ങനെ എഴുതുമ്പോള്‍ ചേച്ചിയുടെ സൈഡും നോക്കണം. കല്യാണത്തിന് ചേച്ചി ഇട്ട സ്വര്‍ണം കാരണം സാരി പോലും കാണാന്‍ വയ്യ. ഇതൊക്കെ കാണുമ്പോള്‍ ആണ് പെണ്ണിന്റെ വീട്ടുകാര്‍ എന്റെ മോള്‍ക്കും ഒന്നും കുറയണ്ടാന്ന് പറഞ്ഞ് അത് പിന്തുടരുന്നത്.'

ഞാന്‍ അധ്വാനിച്ച പണം
ഒമ്പത് വര്‍ഷം മുന്‍പത്തെ തന്റെ കല്യാണ ഫോട്ടോയും പൊക്കിപ്പിടിച്ച് ആരും വരണ്ട എന്നാണ് ഇതിന് അശ്വതി ശ്രീകാന്തിന്റെ മറുപടി. അന്ന് കല്യാണത്തിന് താന്‍ ഇട്ടതൊക്കെ, കല്യാണ സാരി ഉള്‍പ്പെടെതാന്‍ അധ്വാനിച്ചുണ്ടാക്കിയ പണം കൊണ്ട് വാങ്ങിയതാണെന്നും അശ്വതി വെളിപ്പെടുത്തുന്നുണ്ട്. വീട്ടുകാരോട് താനോ ഭര്‍ത്താവോ അഞ്ച് പൈസ പോലും സ്ത്രീധനം വാങ്ങിയിട്ടില്ല എന്നും പറയുന്നു.

അതില്‍ കുറ്റബോധം
അന്ന് അങ്ങനെ ചെയ്തത് നാട്ടുകാരുടെ മുന്നില്‍ ഇമേജ് താഴാതിരിക്കാന്‍ വേണ്ടി ആയിരുന്നു എന്നും പറയുന്നുണ്ട് അശ്വതി. അന്ന് അങ്ങനെ സ്വര്‍ണം ഇട്ടതില്‍ ഇപ്പോള്‍ പശ്ചാത്താപം തോന്നുന്നു എന്നും അവര്‍ വ്യക്തമാക്കുന്നു.

സമ്പാദ്യം ലോക്കറില്‍ തന്നെയുണ്ട്
ഒരാള്‍ അല്ല, പലരും ഈ കല്യാണ ഫോട്ടോയുമായി ചോദ്യങ്ങള്‍ ചോദിച്ച് രംഗത്ത് വന്നിട്ടുണ്ട്. ' അത് വിദ്യാഭ്യാസ ലോണ്‍ എചുക്ക് പഠിച്ച്, ഗള്‍ഫില്‍ പോയി ജോലി ചെയ്ത്, സ്വന്തം ആവശ്യങ്ങള്‍ക്ക് ഉള്ളത് സ്വരുക്കൂട്ടി കല്യാണം കഴിച്ച ഒരു പെണ്ണിന്റെ ഫോട്ടോയാണ്.... എന്റെ സമ്പാദ്യം എന്റെ ലോക്കറില്‍ തന്നെയുണ്ട്. അതിന്റെ താക്കോലും.' മറ്റൊരാള്‍ക്ക് അശ്വതി നല്‍കിയ മറുപടി ഇങ്ങനെ ആയിരുന്നു.

സേ നോട്ട് ടു ഡൌറി
സേ നോട്ട് ടു ഡൌറി എന്ന ഹാഷ്ടാഗിൽ ആയിരുന്നു ഇൻസ്റ്റയിലെ അശ്വതി ശ്രീകാന്തിന്റെ പോസ്റ്റ്. സാമൂഹ്യ മാധ്യമങ്ങളിൽ എല്ലാം ഇപ്പോൾ ഈ ഹാഷ്ടാഗ് തരംഗമായിരിക്കുകയാണ്. എന്നാൽ, ഇതുകൊണ്ടൊക്കെ സമൂഹത്തിൽ എന്ത് മാറ്റമുണ്ടാകുമെന്ന് കാത്തിരുന്നുകാണാം.
ഗ്ലാമറസ് ലുക്കിൽ വീണ്ടും തമന്ന ഭാട്ടിയ; ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ












Click it and Unblock the Notifications