വിമാനയാത്രയ്ക്ക് ഒരുങ്ങുകയാണോ? 3 മണിക്കൂര്‍ നേരത്തെ എത്തണം! എയര്‍പോര്‍ട്ടില്‍ ഈ പരിശോധന കൂടി
ഓപ്പറേഷന്‍ സിന്ദൂറിനെ തുടര്‍ന്ന് വര്‍ധിച്ച് വരുന്ന ഭൗമ - രാഷ്ട്രീയ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍, ഇന്ത്യയിലുടനീളമുള്ള വിമാനത്താവളങ്ങളില്‍ എല്ലാ വിമാനക്കമ്പനികളും സെക്കന്‍ഡറി ലാഡര്‍ പോയിന്റ് പരിശോധനകള്‍ നടപ്പിലാക്കണമെന്ന് ബ്യൂറോ ഓഫ് സിവില്‍ ഏവിയേഷന്‍ സെക്യൂരിറ്റി. മുന്‍കരുതല്‍ നടപടികള്‍ ശക്തമാകുന്നതോടെ വ്യോമയാന സുരക്ഷ കര്‍ശനമാക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് നീക്കം.
സെന്‍ട്രല്‍ ഇന്‍ഡസ്ട്രിയല്‍ സെക്യൂരിറ്റി ഫോഴ്സ് (സി ഐ എസ് എഫ്) നടത്തുന്ന പ്രാരംഭ സുരക്ഷാ ക്ലിയറന്‍സിന് ശേഷം നടത്തുന്ന ഒരു അധിക പാസഞ്ചര്‍ സ്‌ക്രീനിങ്ങിനെയാണ് സെക്കന്‍ഡറി ലാഡര്‍ പോയിന്റ് പരിശോധന എന്ന് പറയുന്നത്. എയര്‍ലൈന്‍ ജീവനക്കാരാണ് അവസാന ബോര്‍ഡിംഗ് പോയിന്റില്‍ (എയ്റോബ്രിഡ്ജിലോ വിമാനത്തിന്റെ മൊബൈല്‍ സ്റ്റെയര്‍വേയിലോ) ഈ ദ്വിതീയ പരിശോധന നടത്തുന്നത്.

യാത്രക്കാരെയും അവരുടെ ഹാന്‍ഡ് ലഗേജും വീണ്ടും പരിശോധിക്കുന്നത് ഈ നടപടിയില്‍ ഉള്‍പ്പെടുന്നു. ഇത് ബോര്‍ഡിംഗിന് മുമ്പ് അന്തിമ സുരക്ഷാ പരിശോധനയായി പ്രവര്‍ത്തിക്കുന്നു. ബ്യൂറോ ഓഫ് സിവില്‍ ഏവിയേഷന്‍ സെക്യൂരിറ്റി വ്യാഴാഴ്ച വിമാനത്താവള ഓപ്പറേറ്റര്‍മാരെയും എയര്‍ലൈന്‍ കമ്പനികളെയും ഈ ഉത്തരവ് അറിയിച്ചതായി ഈ വിഷയവുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.
'സെന്‍സിറ്റീവ് സാഹചര്യം കണക്കിലെടുത്ത് ഇതൊരു പ്രതിരോധ നടപടിയാണ്. എല്ലാ വിമാനത്താവളങ്ങളിലും, എല്ലാ വിമാനങ്ങളിലും യാതൊരു വീഴ്ചയുമില്ലാതെ സെക്കന്‍ഡറി ലാഡര്‍ പോയിന്റ് പരിശോധന നടപ്പിലാക്കണം,' ഉദ്യോഗസ്ഥര്‍ പറഞ്ഞു. സെക്കന്‍ഡറി ലാഡര്‍ പോയിന്റ് പരിശോധനാ പ്രക്രിയയില്‍ എയര്‍ലൈന്‍ ജീവനക്കാരെ പിന്തുണയ്ക്കുന്നതിനായി എയര്‍പോര്‍ട്ട് ഓപ്പറേറ്റര്‍മാര്‍ക്ക് സ്വന്തം ഉദ്യോഗസ്ഥരെ വിന്യസിച്ചുകൊണ്ട് ഇത് നടപ്പിലാക്കുന്നതില്‍ സഹായിക്കാം.
ഉയര്‍ന്ന അപകടസാധ്യതയുള്ള മേഖലകളിലോ ഉയര്‍ന്ന സുരക്ഷാ മുന്നറിയിപ്പുകളുള്ള വിമാനത്താവളങ്ങളിലോ ഈ പരിശോധനകള്‍ നടത്തുന്നതില്‍ സി ഐ എസ് എഫ് ഉദ്യോഗസ്ഥര്‍ക്കും പങ്കാളികളാകാം. നിലവിലെ ഇന്ത്യ-പാകിസ്ഥാന്‍ സാഹചര്യത്തിന്റെ സ്വഭാവം കണക്കിലെടുക്കുമ്പോള്‍, യാത്രക്കാര്‍ക്കിടയില്‍ അനാവശ്യ പരിഭ്രാന്തി സൃഷ്ടിക്കാതെ കര്‍ശനമായ സുരക്ഷ ഉറപ്പാക്കാന്‍ സംയുക്തമായ പരിശോധനയാണ് നടത്തുക എന്ന് വിമാനത്താവള ഉദ്യോഗസ്ഥര്‍ പറഞ്ഞു.
വിമാന യാത്രക്കാരുടെ ദേഹപരിശോധനയും ഐഡി പരിശോധനയും കര്‍ശനമാക്കും. ബ്യൂറോ ഓഫ് സിവില്‍ ഏവിയേഷന്‍ സെക്യൂരിറ്റിയുടെ നിര്‍ദേശ പ്രകാരം കേരളത്തിലെ എല്ലാ വിമാനത്താവളങ്ങളിലും ഈ രീതിയില്‍ പരിശോധന ആരംഭിച്ചിട്ടുണ്ട്. എല്ലാ വിമാനത്താവളങ്ങളിലും 100% സി സി ടി വി കവറേജ് ഉറപ്പാക്കണം എന്നും വിമാനങ്ങളിലും കേറ്ററിംഗ് സംവിധാനങ്ങളിലും പരിശോധന വേണം എന്നും അറിയിച്ചിട്ടുണ്ട്.
സുരക്ഷാ നടപടികളുടെ ഭാഗമായി ടെര്‍മിനല്‍ കെട്ടിടങ്ങളിലേക്കുള്ള സന്ദര്‍ശക പ്രവേശനം നിയന്ത്രിച്ചിട്ടുണ്ട്. ആവശ്യാനുസരണം എയര്‍ മാര്‍ഷലുകളുടെ വിന്യാസവും നടത്തുമെന്ന് സിവില്‍ ഏവിയേഷന്‍ മന്ത്രാലയ വൃത്തങ്ങള്‍ കൂട്ടിച്ചേര്‍ത്തു. ഫ്‌ലൈറ്റ്‌റാഡാര്‍ 24 ഡാറ്റ പ്രകാരം, പാകിസ്ഥാനിലെയും ഇന്ത്യയുടെ പടിഞ്ഞാറന്‍ ഇടനാഴിയിലെയും വ്യോമാതിര്‍ത്തി - കശ്മീര്‍ മുതല്‍ ഗുജറാത്ത് വരെ - വ്യാഴാഴ്ച സിവിലിയന്‍ വ്യോമ ഗതാഗതത്തിന് തടസമായിരുന്നു.

വര്‍ധിച്ച് വരുന്ന സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ മിക്ക വിദേശ വിമാനക്കമ്പനികളും അവരുടെ വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു. അതേസമയം നിലവിലെ സാഹചര്യത്തില്‍ വിമാനത്താവളങ്ങളിലെ സുരക്ഷ വര്‍ധിപ്പിച്ചതിനാല്‍ രാജ്യത്തെ എല്ലാ വിമാനത്താവളങ്ങളിലും മൂന്ന് മണിക്കൂര്‍ മുന്‍പെങ്കിലും യാത്രക്കാര്‍ എത്തണമെന്ന് എയര്‍ ഇന്ത്യ, ആകാശ എയര്‍, ഇന്‍ഡിഗോ എന്നീ വിമാനക്കമ്പനികള്‍ ആവശ്യപ്പെട്ടു.
അതേസമയം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള 27 വിമാനത്താവളങ്ങള്‍ അടച്ചിട്ടിരിക്കുകയാണ്. ജമ്മു & കശ്മീര്‍, ലഡാക്ക് മേഖലകളില്‍ ശ്രീനഗര്‍, ജമ്മു, ലേ എന്നീ വിമാനത്താവളങ്ങളും പഞ്ചാബ് മേഖലയില്‍ അമൃത്സര്‍, ലുധിയാന, പട്യാല, ബതിന്ഡ, ഹല്‍വാര, പത്താന്‍കോട്ട് എന്നീ വിമാനത്താവളങ്ങളും ചണ്ഡീഗഡ് മേഖലയില്‍ ചണ്ഡീഗഡ് വിമാനത്താവളവുമാണ് അടച്ചിട്ടിരിക്കുന്നത്.
ഹിമാചല്‍ പ്രദേശില്‍ ഷിംല, കാന്‍ഗ്ര-ഗഗ്ഗല്‍, ഭുന്തര്‍ രാജസ്ഥാനില്‍ കിഷന്‍ഗഡ്, ജോധ്പൂര്‍, ബിക്കാനീര്‍, ജയ്‌സാല്‍മീര്‍ ഗുജറാത്തില്‍ ഭുജ്, മുന്ദ്ര, ജാംനഗര്‍, ഹിരാസര്‍ (രാജ്കോട്ട്), പോര്‍ബന്തര്‍, കേശോദ്, കാണ്ട്‌ല എന്നീ വിമാനത്താവളങ്ങളാണ് മേയ് 10 വരെ അടച്ചിരിക്കുന്നത്.












Click it and Unblock the Notifications