ചിത്രദുർഗ്ഗ കോട്ടയിലെ ക്ഷേത്രങ്ങളും തങ്ക അങ്കി ഹോണ്ടകളും: പിന്നെ തിരുശേഷിപ്പായി മാറിയ കൊട്ടാരവും

വലിച്ചടയ്ക്കുന്തോറും വീണ്ടും വീണ്ടും തുറന്നു വരുന്ന സൈഡ് ഗ്ലാസിന്റെ പഴുതിലൂടെ തണുത്ത കാറ്റ് ബസ്സിനുള്ളിലേക്ക് ഇരച്ചു കയറുകയാണ്. ബാഗ്ലൂരില്‍ ഇത്തവണ തണുപ്പിന് കാഠിന്യം വളരെ കൂടുതലാണെന്നാണ് കണക്കുകള്‍ പറയുന്നത്. ജനുവരി ആദ്യവാരത്തില്‍ തന്നെ സമീപകാല റെക്കോര്‍ഡുകളൊക്കെ തകര്‍ത്തുകൊണ്ട് താപനില 12 ഡിഗ്രിവരെ താഴ്ന്നിരുന്നു. ആ തണുപ്പിനെ വകവെയ്ക്കാതെ വെളുപ്പിന് അഞ്ചരയോടെ എഴുന്നേറ്റ് കുളിച്ചൊരുങ്ങി എന്നെ മജിസ്റ്റിക് ബസ് സ്റ്റേഷനില്‍ എത്തിച്ചത് ചിത്രദുര്‍ഗ എന്ന് ഒരൊറ്റ ലക്ഷ്യമായിരുന്നു

ചരിത്രവും മിത്തും പുരാണവും ഒരേ ചരടില്‍ കോര്‍ത്തിണക്കിയപോലെ ഇഴചേര്‍ന്ന് കിടക്കുന്ന ചിത്രദുര്‍ഗ്ഗയിലെ കാഴ്ച്ചകള്‍ സ്വപ്നം കണ്ടിരിക്കുന്ന എന്നേയും പേറി ബസ് ബാംഗ്ലൂര്‍-പൂനൈ ദേശീയ പാതയിലൂടെ മുന്നോട്ട് പ്രയാണം തുടരുകയാണ്. വെയില്‍ പരന്ന് തുടങ്ങിയിരുന്നെങ്കിലും തണുപ്പിനെ വകഞ്ഞുമാറ്റി കാറ്റിനൊപ്പം സഞ്ചരിക്കാന്‍ വെയില്‍ച്ചൂടിന് അപ്പോഴും സാധിച്ചിരുന്നില്ല.

travel-

ബസ് തുംകൂര്‍ കഴിഞ്ഞുള്ള ഏതോ സ്റ്റാന്‍ഡില്‍ നിര്‍ത്തിയപ്പോഴാണ് മൂത്രശങ്ക തീര്‍ക്കാന്‍ ഞാന്‍ പുറത്തിറങ്ങുന്നത്. ശേഷം ഒരു കുപ്പിവെള്ളവും വാങ്ങി തിരികെ ബസ്സില്‍ കയറിപ്പോള്‍ എന്റെ സീറ്റിലൊക്കെ മറ്റാരോ സ്ഥാനം പിടിച്ചിരിക്കുന്നു. ഒടുവില്‍ ഏറ്റവും പുറകിലത്തെ സീറ്റില്‍ ഇരിപ്പുറപ്പിച്ചു. കണ്ടക്ടര്‍ വന്ന് ടിക്കറ്റ് ചോദിച്ചപ്പോഴെ എനിക്ക് ചില പന്തികേടുകള്‍ തോന്നിത്തുടങ്ങിയിരുന്നു. മുഖം വ്യക്തമായി ഓര്‍മ്മയില്ലെങ്കിലും ഞാന്‍ മജിസ്റ്റിക്കില്‍ നിന്ന് കയറിയപ്പോള്‍ ടിക്കറ്റ് എടുത്ത കണ്ടക്ടറല്ല ഇപ്പോള്‍ എന്റെ മുന്നില്‍ നില്‍ക്കുന്നത് എന്ന് എനിക്കുറപ്പാണ്.

മൂത്രശങ്ക തീര്‍ത്തതിന് ശേഷം തിരിച്ചുകയറിയത് ഞാന്‍ വന്നിറങ്ങിയ ബസില്ല. ബസ് മാറിപ്പോയിരിക്കുന്നു. അറിയാവുന്ന ഭാഷയിലൊക്കെ കണ്ടക്ടറോട് സംഭവം അവതരിപ്പിച്ചു. പഴയ ടിക്കറ്റ് കാണിച്ചപ്പോള്‍ പുള്ളിക്കും കാര്യം മനസ്സിലായി. ഭാഗ്യത്തിന് എനിക്ക് പോവേണ്ട അതേ പാതയിലാണ് ഈ ബസും പോയികൊണ്ടിരുന്നത്. എന്നാല്‍ അത് അധിക ദൂരമില്ല. അടുത്ത് തന്നെയുള്ള ഏതേ ജങ്ഷനില്‍ വെച്ച് ബസ് ബെല്ലാരിയിലേക്കോ മറ്റോ തിരിയും. ആ ജങ്ഷനില്‍ ഇറങ്ങാനും എനിക്ക് പോവാനുള്ള എന്റെ 'സ്വന്തം' ബസ് പുറകെ വരുന്നുണ്ടെന്നും അതില്‍ കയറിക്കൊള്ളാനും കണ്ടക്ടര്‍ പറഞ്ഞു.

അങ്ങനെ ദേശീയ പാതയിലെ പേരറിയാത്ത ഏതോ ഒരു ജംങ്ഷനില്‍ ഇറങ്ങി ഞാന്‍ എന്റെ 'സ്വന്തം' ബസ്സും കാത്തിരിപ്പായി. അധികം താമസിയാതെ ബസ് വന്നെത്തി. ദുരെ നിന്ന് ബസ് കണ്ടപ്പോഴെ ഞാന്‍ 'കയ്യും കലാശവും' കാണിക്കാന്‍ തുടങ്ങിയിരുന്നു. എന്തായാലും ബസ് എനിക്ക് മുന്നില്‍ നിര്‍ത്തി. അതേ ബസ് തന്നെയല്ലേ എന്ന് ഒന്നുകൂടി ഉറപ്പുവരുത്തി ഞാന്‍ വീണ്ടും യാത്രതുടര്‍ന്നു.

travel-

ചിത്രദുര്‍ഗയില്‍ കണ്ട ഞാന്‍ കണ്ട കാഴ്ച്ചകള്‍

11.30 ഓടെയാണ് ചിത്രദുര്‍ഗ്ഗയില്‍ എത്തുന്നത്. കര്‍ണാടകയുടെ തെക്കുഭാഗത്തായി വേദാവതി നദിയോട് ചേര്‍ന്ന് കിടക്കുന്ന പ്രദേശമാണ് ചിത്രദുര്‍ഗ്ഗ. ചിത്രദുര്‍ഗ്ഗ എന്ന ജില്ലയുടെ ആസ്ഥാനം കൂടിയാണ് ഇത്. ബസ്റ്റാന്‍ഡില്‍ നിന്നും 1 കിലോമീറ്റര്‍ നടന്നാല്‍ കോട്ടയുടെ അരികിലെത്താം. അല്‍പ്പം ഫ്രൂട്ട്സും ബിസ്‌കറ്റും വാങ്ങിച്ച ബാഗില്‍ കരുതിയാണ് കോട്ടലക്ഷ്യമാക്കി നടന്നത്.. ആകാശംമുട്ടെ ഉയര്‍ന്നി നില്‍ക്കുന്ന കുന്നുകളില്‍ വളച്ചുകെട്ടിയ കോട്ടയുടെ വാച്ച് ടവറുകള്‍ ദൂരെനിന്നേ നമുക്ക് കാണാന്‍ കഴിയും. 7 കുന്നുകളാണ് ചിത്രദുര്‍ഗ്ഗയില്‍ ഉള്ളത്. ഇവയൊന്നും തന്നെ ഏകശിലാ പര്‍വ്വതങ്ങളല്ല. ചെറുതം വലുതുമായ അനേകായിരം പാറക്കൂട്ടങ്ങളില്‍ ഒന്നിനിമുകളില്‍ ഒന്നായി അണിനിരന്നാണ് ചിത്രദുര്‍ഗ്ഗയിലെ കുന്നുകള്‍ മേഘങ്ങളെ തൊടുന്നത്.

25 രൂപയാണ് കോട്ടയ്ക്ക് അകത്തേക്കുള്ള പ്രവേശന ഫീസ്. 90 ഡിഗ്രിയിലുള്ള മുന്നോ നാലോ തിരിവുകള്‍ കടന്നു വേണം കോട്ടയ്ക്ക് അകത്തേക്ക് പ്രവേശിക്കാന്‍. ശത്രുക്കള്‍ എളുപ്പം കോട്ടയ്ക്ക് അകത്തേക്ക പ്രവേശിക്കാതിരിക്കുക എന്നാതണ് ഈ 90 ഡിഗ്രി ചെരിവുകളുടെ സിമ്പിള്‍ ലോജിക്. ഇത് മാത്രമല്ല കോട്ടയക്ക് പിന്നിലായും പ്രവേശന കവാടങ്ങളുണ്ട്. 1500 ഏക്കറിലായി വ്യാപിച്ചു കിടക്കുന്ന ചിത്രദുര്‍ഗ കോട്ടയില്‍ 18 ല്‍പരം ക്ഷേത്രങ്ങളും ഒരു പള്ളിയും നിരവധി ജലാശയങ്ങളും സ്ഥിതിചെയ്യുന്നു. പടവുകള്‍ ഒരോന്നു കയറി ആദ്യം നമ്മള്‍ എത്തുന്നത് ഏകനാഥേശ്വരി ക്ഷേത്രത്തിന് മുന്നിലാണ്. അവിടെനിന്ന് നോക്കിയാല്‍ മുന്നിലും പിന്നിലുമൊക്കെ വലിയ കുന്നുകളാണ്.

travel

പാറയില്‍ അള്ളിപ്പിടിച്ച് കുന്നിന് മുകളിലെ വാച്ച് ടവര്‍ ലക്ഷ്യമാക്കി കയറിപോകുന്നവരെ മുന്നിലായി കാണാം. ഇടിഞ്ഞു പൊളിഞ്ഞ കെട്ടിടങ്ങള്‍ക്കിടയിലൂടെയും പാറക്കൂട്ടങ്ങള്‍ തണല്‍വിരിക്കുന്ന വഴികളിലൂടെ വലത് വശത്തോട്ടായി എന്റെ നടത്തം.. ഹൈദരാലിയുടെ സൈന്യം കുതിരക്കുളമ്പടിയൊച്ചകളുമായി കുത്തിച്ചെത്തിയ/നായാകിസിന്റെ സൈന്യം പ്രതിരോധം തീര്‍ത്ത വഴികളാണ് ഇത്..

തട്ട് തട്ടായി കിടക്കുന്നു ജലസംഭരിണികളാണ് ഏകനാഥേശ്വരി ക്ഷേത്രത്തില്‍ നിന്ന് വലതുവശത്തേക്ക് ഇറങ്ങുമ്പോള്‍ കാണാന്‍ കഴിയുക. 12 വര്‍ഷത്തേക്ക് ജലം ശേഖരിച്ചു വെക്കാന്‍ സംഭരണ ശേഷിയുള്ള ഈ കുളങ്ങള്‍ തങ്ക അങ്കി ഹോണ്ട എന്നാണ് അറിയപ്പെടുന്നത്. വന്ന വഴിയില്‍ നിന്ന് അല്‍പം മാറി പാറക്കൂട്ടങ്ങള്‍ക്കിടയിലൂടെ സഞ്ചരിച്ച് വീണ്ടും ഏകനാഥേശ്വരി ക്ഷേത്രത്തിന് മുന്നിലെ ഹിഡുംബിയുടെ കല്‍ക്കോട്ടയ്ക്ക് മുന്നിലെത്തി. അവിടുന്ന് നേരെ ഹിഡുബേശ്വര ക്ഷേത്രവും സംബിഗെ സിദ്വേശ ക്ഷേത്രവും കടന്ന് ആ വലിയ കുന്നിന് മുകളിലെ നിരീക്ഷണ ഗോപുരവും ലക്ഷ്യമാക്കി പാറയില്‍ അള്ളിപ്പിടിച്ച് കയറാന്‍ തുടങ്ങി. പാറയില്‍ കൊത്തിയെടുത്തിട്ടുള്ള പൊത്തുകളില്‍ പിടിച്ചാണ് കയറ്റം.

ഒടുവില്‍ അര്‍ധവ്യത്താകൃതിയിലുള്ള ആ നീരീക്ഷണം കേന്ദ്രം കീഴടക്കുമ്പോള്‍ സൂര്യന്‍ ഉച്ചിക്ക് മുകളിലാണെങ്കിലും ചൂടിന് കാഠിന്യം കുറവാണ്. അനേകം നിരീക്ഷണ കേന്ദ്രങ്ങള്‍ ഉണ്ടെങ്കിലും കോട്ടയ്ക്ക് അകവും പുറവും നിരീക്ഷിക്കാന്‍ ഇതിലും മികച്ച മറ്റൊരു സ്ഥലം. ഏഴ് കുന്നുകളില്‍ ഏറ്റവും മധ്യത്തില്‍ സ്ഥിതി ചെയ്യുന്ന കുന്നിന് മുകളിലാണ് ഈ നിരീക്ഷണ കേന്ദ്രം.

travel

കോട്ടയ്ക്കത്തേക്കുള്ള വഴികളും തങ്ക അങ്കി ഹോണ്ടകളും ക്ഷേത്രങ്ങളും കൊട്ടാരത്തിന്റെ ശേഷിപ്പുകളും ഇവിടെ നിന്ന് കാണാം. ഈ കുന്നിന് പുറക് വശത്തായിട്ടാണ് കൊട്ടാരവും ഭരണ സിരാകേന്ദ്രങ്ങളും നിലനിന്നിരുന്നത്. ഈ കുന്നില്‍ നിന്ന് നേരെ കൊട്ടാര ഭാഗത്തേക്ക് ഇറങ്ങാന്‍ സാധ്യമല്ലാത്തതിനാല്‍ ഞാന്‍ നേരെ ഇടതു വശം കണ്ട വഴി വെച്ചുപിടിച്ചു. വഴി എന്നു പറായാന്‍ പറ്റില്ല.. കുത്തനേയുള്ള പാറയിലൂടെ വളരെ ശ്രദ്ധാപൂര്‍വ്വം ഇറങ്ങണം.

പാറയിറങ്ങി നമ്മള്‍ നേരെയെത്തുക കോട്ടയ്ക്ക് അകത്തെ ഏറ്റവും വലിയ ജലാശയത്തിന് മുന്നിലാണ്. നല്ല പച്ച നിറത്തിലുള്ള വെള്ളം. ഗോപാലസ്വാമി ക്ഷേത്രത്തിന് പുറകിലാണ് കോട്ടയുടെ പടിഞ്ഞാറ് വശം അവസാനിക്കുന്നത്. ചൈനീസ് വന്‍മതിലിന്റെ മാതൃകയില്‍ കോട്ടയുടെ അതിരുകള്‍ ശക്തമായി ബലപ്പെടുത്തിയിട്ടുണ്ട്. ഇവിടെ നിന്ന് നോക്കിയാല്‍ താഴെ ഗ്രാമങ്ങള്‍ കാണാം.

travel-

കൊട്ടാരത്തിന്റെ ശേഷിപ്പുകളാണ് എന്റെ അടുത്ത ലക്ഷ്യം അധികമാരും സഞ്ചരിക്കാത്ത വഴികളിലൂടെയാണ് യാത്ര. വഴികളിലുടനീളം രഹസ്യ അറകളും കിടങ്ങുകളുമൊക്കെ കാണാം. അവയൊക്കെ ശ്രദ്ധയില്‍പ്പെടുത്തുന്ന സൂചക ബോര്‍ഡുകളും ഉണ്ട്. .പലതും കാടുംമൂടി കിടക്കുകയാണ്. തറഭാഗം കരിങ്കല്ലിലും മേല്‍ഭാഗം മണ്ണിലുമായിട്ടാണ് കൊട്ടാരവും ഭരണ നിര്‍വ്വണകേന്ദ്രങ്ങളുമൊക്കെ പണികഴിപ്പിച്ചിരിക്കുന്നത്. പോയകാല സ്മരങ്ങള്‍ പേറുന്ന ഒട്ടനവധി കെട്ടിടങ്ങളാണ് ഇവിടെ മണല്‍പുറ്റുപോലെ ശേഷിക്കുന്നു. അഞ്ഞൂറ് വര്‍ഷങ്ങള്‍ക്കപ്പുറം രാജാവും പടയാളികളും അന്തപുരത്തിലെ സ്ത്രീകളും അടിമകളുമൊക്കെയായി നിറഞ്ഞു നിന്ന് സജീവീവമായ പ്രദേശമിന്ന് ഒരു ശവപ്പറമ്പ് പോലെ അവശേഷിക്കുന്നു.

പ്രകൃതി തന്നെ കോട്ടതീര്‍ത്ത ഏഴുകുന്നുകള്‍ക്കിടയില്‍ അതിനെ ബലപ്പെടുത്തി സംരക്ഷിക്കുക, താമസിക്കാനും മറ്റും വേണ്ട കെട്ടിടങ്ങള്‍ പണിയുക എന്ന ചുമതലയെ രാജാക്കന്‍മാര്‍ക്കുണ്ടായിരുന്നുള്ളു. ഹൈദാരിലിയുടെ കാലത്ത് കരിങ്കല്ലില്‍ തീര്‍ത്ത ഒരു പള്ളിയും നിരവധി പീരങ്കി തറകളും ഇവിടെ സ്ഥിതി ചെയ്യുന്നു. കാഴ്ച്ചകള്‍ കണ്ട് നേരം പോയതറിഞ്ഞില്ല. സമയം 6 മണിയായിരിക്കുന്നു കണ്ടതിലേറെ കാഴ്ച്ചകള്‍ ഇനിയും കാണാനിരിക്കുന്നു എന്ന് ഉറപ്പാണ്.. ഇരുട്ട് വീണിരിക്കുന്നു.. ഇനി തിരിച്ചു പോവുകയെ വഴിയുളളു..

ചിത്രദുർഗ്ഗയുടെ വിശദമായം ചരിത്രം അടുത്ത ഭാഗത്തില്‍ വായിക്കാം...

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
q