കന്യാകുമാരിയും തൃപ്പരപ്പ് വെള്ളച്ചാട്ടവും കാണാം; വെറും 570 രൂപയുടെ പാക്കേജുമായി കെഎസ്ആർടിസി
കുറഞ്ഞ ചെലവിൽ ഒരു ഏകദിന യാത്ര ആഗ്രഹിക്കുന്നവർക്ക് പോകാൻ വെറും 570 രൂപയുടെ പാക്കേജുമായി തിരുവനന്തപുരം സിറ്റി കെ എസ് ആർ ടി സി ബജറ്റ് സെൽ. തൃപ്പരപ്പ് വെള്ളച്ചാട്ടവും കന്യാകുമാരിയും ഉൾപ്പെടുത്തിയുള്ള യാത്രയാണിത്. പാക്കേജിനെ കുറിച്ച് അറിയാം, ആദ്യം സ്ഥലത്തെ കുറിച്ചും.
തൃപ്പരപ്പ് വെള്ളച്ചാട്ടം
താമ്രഭരണി നദിയിൽ നിന്നാണ് വെള്ളച്ചാട്ടം ഉദ്ഭവിക്കുന്നത്. ഏകദേശം 50 അടി ഉയരത്തിൽ നിന്ന് 300 അടി നീളമുള്ള പാറക്കെട്ടുകളിലൂടെ പതിക്കുന്ന ഈ വെള്ളച്ചാട്ടം "മൂന്ന് പടവുകളുള്ള വെള്ളച്ചാട്ടം" എന്ന പേരിലും അറിയപ്പെടുന്നു.മ നുഷ്യനിർമ്മിതമായെങ്കിലും പ്രകൃതിയോട് ഏറെ ഇഴചേർന്ന് നിൽക്കുന്ന ഇടമാണിത്. വെള്ളച്ചാട്ടത്തിന്റെ അടിയിലുള്ള കുളത്തിൽ കുട്ടികൾക്കും മുതിർന്നവർക്കും സുരക്ഷിതമായി കുളിക്കാനും കളിക്കാനും സൗകര്യമുണ്ട്.

വർഷം മുഴുവൻ സന്ദർശിക്കാവുന്ന സ്ഥലമാണെങ്കിലും മൺസൂൺ കാലത്ത് എത്തിയാൽ ഭംഗിയാർന്ന ദൃശ്യം ആസ്വദിക്കാം. ഒൻപതാം നൂറ്റാണ്ടിൽ രാജരാജ ചോളൻ നിർമ്മിച്ച ശിവക്ഷേത്രവും ഇവിടെയുണ്ട്. ചരിത്രപ്രേമികൾക്കും തീർത്ഥാടകർക്കും ഒരുപോലെ ആസ്വദിക്കാം. നാഗർകോവിലിൽ നിന്ന് ഏകദേശം 35 കിലോമീറ്ററും കന്യാകുമാരിയിൽ നിന്ന് 50 കിലോമീറ്ററും തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്ന് 70 കിലോമീറ്ററും ദൂരമേയുള്ളൂ.പ്രകൃതിയുടെ സൗന്ദര്യവും സാഹസികതയും ചരിത്രത്തിന്റെ പൈതൃകവും ഒരുമിച്ച് അനുഭവിക്കാനാകുന്ന അപൂർവ ഇടം കൂടിയാണിത്.
കന്യാകുമാരിയിലേക്ക്
ആത്മീയത, ചരിത്രം, പ്രകൃതി സൗന്ദര്യം എന്നിവ ഒരുമിക്കുന്ന അപൂർവ തീരദേശ പട്ടണമാണ് കന്യാകുമാരി.അതിമനോഹരമായ സൂര്യോദയങ്ങളും അസ്തമയങ്ങളും സാംസ്കാരിക പ്രാധാന്യമുള്ള സ്ഥലങ്ങളും ഇവിടുത്തെ പ്രത്യേകതകളാണ്."മുക്കടലുകളുടെ നാട്" എന്നാണ് കന്യാകുമാരി അറിയപ്പെടുന്നത്. കടൽക്കാഴ്ചകളും ഇവിടുത്തെ ക്ഷേത്രവും വിവേകാനന്ദപ്പാറയുമെല്ലാമാണ് പ്രധാന കാഴ്ചകൾ.
ഇനി യാത്രയെ കുറിച്ച്
സപ്റ്റംബർ 14 ന് രാവിലെ 5 മണിക്കാണ് യാത്ര പോകുന്നത്. കിഴക്കേക്കോട്ടയിൽ നിന്ന് യാത്ര ആരംഭിക്കും.ആദ്യ ലക്ഷ്യം തൃപ്പരപ്പ് വെള്ളച്ചാട്ടം. 7.30 ന് അവിടെയെത്തി കുളിച്ച്, ക്ഷേത്ര ദർശനവും കഴിഞ്ഞ് പ്രഭാത ഭക്ഷണം കഴിച്ച് 8.30 ന് യാത്ര കന്യാകുമാരിയിലേക്ക്.
11.00 ന് കന്യാകുമാരിയിൽ നേരെ പോയി ബോട്ടിങ് ടിക്കറ്റ് എടുത്ത് നേരെ വിവേകാനന്ദ പാറയിൽ പിന്നെ ഗ്ലാസ് ബ്രിഡ്ജും കാണും. കന്യാകുമാരിയിൽ നിന്നും അസ്തമയവും കണ്ടായിരിക്കും മടക്കം. 8.30 നാണ് തിരികെ കിഴക്കേകോട്ടയിൽ എത്തുന്നത്. കൂടുതൽ വിവരങ്ങൾക്കും സീറ്റുകൾ ബുക്ക് ചെയ്യുന്നതിനും 9746566080 എന്ന നമ്പറിൽ ബന്ധപ്പെടാം.












Click it and Unblock the Notifications