'മസനഗുഡി വഴി ഊട്ടിയിലേക്കുള്ള യാത്ര എന്തുകൊണ്ട് മനോഹരമാകുന്നു'; വൈറൽ ശബ്ദത്തിന് ഉടമ അസ്ലം പറയുന്നു
കണ്ണൂർ: 'മസനഗുഡി വഴി ഊട്ടിയിലേക്ക്, അതൊരു വലാത്ത എക്സ്പീരിയൻസാണ്, ഊട്ടി അഥവാ ഉദഗമണ്ഡലം'.. സോഷ്യൽ മീഡിയയിൽ ട്രെന്റിങ് ആണ് ഈ വാക്കുകളും ഇതിന് പിന്നിലെ ശബ്ദവും . അസ്ലം ഒഎം എന്ന ട്രാവൽ വ്ലോഗറിന്റേതാണ് വൈറലായ ഈ ശബ്ദം. ഒന്നര വർഷം മുൻപാണ് താൻ ഈ വീഡിയോ ചെയ്തതെന്നും ഇപ്പോൾ ഈ വീഡിയോ വൈറലാകുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ലെന്നും അസ്ലം പറയുന്നു. വൺ ഇന്ത്യ മലയാളത്തോടാണ് അദ്ദേഹത്തിന്റെ പ്രതികരണം.
യാത്ര വീഡിയോസ് ആണ് ഞാൻ സാധാരണ ചെയ്യാറുള്ളത്. റൂട്ട് മാപ്പൊക്കെ വെച്ച് വരച്ചാണ് ചെയ്യാറുള്ളത്. മൂന്ന് സംരക്ഷിത വനമേഖലയിലൂടെയുള്ള യാത്രയാണ് മസനഗുഡി വഴി ഊട്ടിയിലേക്ക്. മനോഹരമാണ് ആ യാത്ര. അനുഭവത്തിൽ നിന്ന് ഹൃദയത്തിൽ നിന്ന് വന്ന വാക്കുകളാണത്. അത് ക്ലിക്കായി.

ഞാനൊരു എൻജിനയറാണ്. കണ്ണൂർ ജില്ലക്കാരനാണ്. യാത്ര പാഷൻ ആണ്. അതുകൊണ്ട് തന്നെ ഞാൻ യാത്ര ചെയ്യാനായി സമയം കണ്ടെത്താറുണ്ട്. എന്തുകൊണ്ട് മസനഗുഡി വഴി ഊട്ടിയിലേക്കുള്ള യാത്ര മനോഹരമാകുന്നതെന്ന് വെച്ചാൽ ആ റോഡാണ്. ലക്ഷ്യം ഊട്ടിയാണെങ്കിലും ആ വഴികളിലൂടെയുള്ള കാഴ്ചകൾ മനോഹരമാകുന്നത് കൊണ്ടാണ്.
യാത്ര ചെയ്യാൻ വലിയ പൈസയൊന്നും വേണ്ട, പോകാനുള്ള മനസാണ് പ്രധാനം.പൊതുഗതാഗത സൗകര്യങ്ങൾ ഉപയോഗിച്ചുള്ള യാത്രകൾ ആളുകളുമായി അടുത്ത് ഇടപഴകാൻ നിങ്ങളെ സഹായിക്കും. അത് അവരിൽ മാറ്റമുണ്ടാക്കും.ഉമ്മയുമായ യാത്ര പോയപ്പോൾ ആദ്യം അവരുടെ ആശങ്ക വീടിനെ കുറിച്ചാണ്. പിന്നീട് അതൊക്കെ മറന്നു. അവർ യാത്രയിൽ അലിഞ്ഞ് ചേർന്നു. മാതാപിതാക്കളൊക്കെ നമ്മളോട് യാത്രക്കില്ലെന്ന് പറഞ്ഞാലും അവരെ കൂടെ കൂട്ടുകയാണ് വേണ്ടത്. കാരണം അവർ നമ്മളെ ബുദ്ധിമുട്ടിക്കരുതെന്ന് കരുതിയാകും വരുന്നില്ലെന്ന് പറയുന്നത്. എന്നാൽ അവരെ കൂടെ കൂട്ടണം. മഞ്ഞ് ആദ്യമായി കണ്ടപ്പോൾ എന്റെ ഉമ്മ സന്തോഷിച്ച നിമിഷമൊക്കെ എന്റെ ജീവിതത്തിലെ വലിയ സന്തോഷമാണ്.
യാത്രികന് പ്രകൃതിയോട് ഒരു കടപ്പാടുണ്ട്. ഇന്നും നാളെയും പ്രകൃതി വേണമെന്ന് വിശ്വസിക്കുന്ന ആളാണ് ഞാൻ. അതുകൊണ്ട് തന്നെ പ്രകൃതിയെ ഹനിക്കുന്ന കാര്യങ്ങൾ ചെയ്യാതിരിക്കാൻ ബോധപൂർവ്വമായ ശ്രമങ്ങൾ യാത്രയിലുടനീളം ഞാൻ പാലിക്കാറുണ്ട്.
യാത്രയെ കുറിച്ച് കൃത്യമായ ധാരണ ആളുകൾക്ക് നൽകുകയെന്ന ലക്ഷ്യത്തോടെയാണ് ബോർഡിൽ സ്ഥലങ്ങളെ കുറിച്ചൊക്കെ എഴുതി ചാർട്ട് പോലെ തയ്യാറാക്കി വീഡിയോ അവതരിപ്പിക്കുന്നത്. ലോ ബജറ്റ് യാത്രകൾ ചെയ്യുന്ന ആളാണ് ഞാൻ. ശ്രീലങ്കയിൽ പോയപ്പോൾ ആയത് വെറും 22000 രൂപയാണ്. അതിൽ 13,000 രൂപ ഫ്ലൈറ്റ് ചാർജ് ആയിരുന്നു. യാത്ര ചെയ്യുമ്പോൾ ഒരു കാര്യത്തിലും നിർബന്ധ ബുദ്ധി പാടില്ല. നമ്മുടെ ചിന്താഗതിയാണ് യാത്രയുടെ ബഡ്ജറ്റിനേയും നിർണയിക്കുന്നത്', അസ്ലം പറഞ്ഞു.












Click it and Unblock the Notifications