വന്ദേഭാരത് എക്സ്‌പ്രസിൽ ബെംഗളൂരിലേക്ക് പറക്കാം; പുതിയ സർവ്വീസ് എത്തുന്നു, 4 മണിക്കൂറിനുള്ളിലെത്താം?
കുറഞ്ഞ സമത്തിനുള്ള യാത്ര സാധ്യമാകുന്ന വന്ദേഭാരത് എക്സ്പ്രസുകൾക്ക് യാത്രക്കാർക്കിടയിൽ ഡിമാന്റ് ഏറെയാണ്. നിലവിൽ 69 റൂട്ടുകളിലാണ് വന്ദേഭാരത് സർവ്വീസ് നടത്തുന്നത്. ഇപ്പോഴിതാ പുതിയൊരു വന്ദേഭാരത് സർവീസ് കുടി അനുവദിച്ചിരിക്കുകയാണ് റെയിൽവെ. കർണാടകയിലെ ജനങ്ങൾക്കാണ് ഇക്കുറി കോളടിച്ചത്. യാത്രക്കാർ ഏറ്റവും കൂടുതൽ ആവശ്യപ്പെട്ട റൂട്ടുകളിലൊന്നായ ശിവമോഗയ്ക്കും ബെംഗളൂരിനും ഇടയിലാണ് പുതിയ സർവ്വീസ് അവതരിപ്പിച്ചിരിക്കുന്നത്.
ബെംഗളൂരു സെൻട്രൽ എംപി പി സി മോഹൻ ആണ് പുതിയ സർവ്വീസിനെ കുറിച്ച് സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചത്. 'ശിവമോഗ-ബെംഗളൂരു വന്ദേഭാരത് ട്രെയിൻ ഉടൻ എത്തും', എന്നായിരുന്നു എംപി എക്സിൽ പങ്കുവെച്ച കുറിപ്പ്. ബെംഗളൂരുവിനും മധ്യ കർണാടകത്തിനും ഇടയിലുള്ള ട്രെയിൻ കണക്ടിവിറ്റി ശക്തിപ്പെടുത്തുന്നതായിരിക്കും പുതിയ സർവ്വീസ്. വിദ്യാർത്ഥികൾക്കും പ്രൊഫഷണലുകൾക്കും ബിസിനസ്സ് ആവശ്യങ്ങൾക്കായി യാത്ര ചെയ്യുന്നവർക്കും ഈ സർവ്വീസ് ആശ്വാസമാകും.

ശിവമോഗയിൽ നിന്ന് ഏകദേശം 300 കിലോമീറ്റർ അകലെയാണ് ബംഗളൂരു. ഈ റൂട്ടിൽ വന്ദേഭാരത് വേണമെന്ന ആവശ്യം നേരത്തേ തന്നെ ശക്തമായിരുന്നു. പ്രത്യേകിച്ച് ശിവമോഗ വിമാനത്താവളം അടക്കമുള്ള സൗകര്യങ്ങൾ വന്നതോടെ. 2023ലായിരുന്നു മുൻ മുഖ്യമന്ത്രി കൂടിയായ ബിഎസ് യെദിയൂരപ്പയുടെ ജൻമനാടായ ശിവമോഗയിൽ പുതിയ എയർപോർട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തത്. ബംഗളൂരു വിമാനത്താവളം കഴിഞ്ഞാല്‍ രണ്ടാമത്തെ വലിയ റണ്‍വേയാണിത്. അതേസമയം പുതിയ വന്ദേ ഭാരത് സർവീസ് കൂടി ഈ റൂട്ടിൽ വരുന്നതോടെ യാത്രാ സൗകര്യങ്ങൾ കൂടുതൽ മെച്ചപ്പെടുത്താനാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
കർണാടകയിലെ 12ാമത്തെ വന്ദേഭാരത്
കർണാടകയിലെ 12-ാമത്തെ വന്ദേ ഭാരത് എക്സ്പ്രസ് ആയിരിക്കും ശിവമോഗ സർവ്വീസ്. നിലവിൽ ബെംഗളൂരിൽ നിന്നും 7 പ്രധാന നഗരങ്ങളിലേക്ക് വന്ദേഭാരത് സർവ്വീസ് നടത്തുന്നുണ്ട്. മൈസൂരു, ചെന്നൈ, എറണാകുളം, ഹൈദരാബാദ്, ധാർവാഡ്, കോയമ്പത്തൂർ, ബെലഗാവി എന്നിവിടങ്ങളിലേക്കാണ് സർവ്വീസ് ഉള്ളത്.
ഈ വർഷം മേയിൽ ആയിരുന്നു ബെലഗാവി വന്ദേഭാരത് ആരംഭിച്ചത്. ബെലഗാവിയിൽ നിന്ന് രാവിലെ പുറപ്പെട്ട് ഉച്ചയോടെ ബെംഗളൂരുവിൽ എത്തുന്ന രീതിയിലാണ് ഈ ട്രെയിൻ സർവീസ് നടത്തുന്നത്. അതിനു ശേഷം ഉച്ചകഴിഞ്ഞ് തിരികെ ബെംഗളൂരുവിൽ നിന്ന് രാത്രിയോടെ ബെലാഗാവിയിലേക്ക് എത്തുന്ന സർവ്വീസും ഉണ്ട്. അതേസമയം ശിവമോഗ-ബെംഗളൂരു വന്ദേഭാരത് എത്ര സമയത്തിനുള്ളിലായിരിക്കും ബെംഗളൂരുവിൽ എത്തുകയെന്ന ആകാംക്ഷയുണ്ട്. നിലവിൽ ജനശതാബ്ദി ട്രെയിൻ 4.15 മണിക്കൂർ കൊണ്ടാണ് ബെംഗളൂരിലെത്തുന്നത്. അപ്പോൾ 4 മണിക്കൂറിനുള്ളിൽ ബെംഗളൂരു-ശിവമോഗ യാത്ര സാധ്യമാകുമോയെന്നാണ് ഇനി അറിയേണ്ടത്.
ബെംഗളൂരു-മംഗളൂരു വന്ദേഭാരത്
ശിവമോഗ പോലെത്തന്നെ യാത്രക്കാർ ആകാംക്ഷയോടെ വന്ദേഭാരതിനായി കാത്തിരിക്കുന്ന റൂട്ടാണിത്. വന്ദേഭാരത് സർവ്വീസിനാവശ്യമായ നടപടികൾ പുരോഗമിക്കുകയാണെന്ന് അടുത്തിടെ മന്ത്രി സോമണ്ണ അറിയിച്ചിരുന്നു . റൂട്ടിലെ വൈദ്യുതീകരണം 22 കിമി പൂർത്തിയാക്കിയെന്നും ശേഷിക്കുന്ന 33 കിമി പാതയുടെ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണെന്നുമാണ് മന്ത്രി വ്യക്തമാക്കിയത്.
ഹസൻ-മംഗളൂരു പാതയിൽ 57 തുരങ്കങ്ങളും 700 പാലങ്ങളുമാണ് ഉള്ളത്. ഈ പാത ഇരട്ടിപ്പിക്കുന്നത് സംബന്ധിച്ചുള്ള സർവ്വേ നേരത്തേ നടത്തിയിരുന്നു. ഏകദേശം 50,000 കോടിയാണ് ഈ പ്രൊജക്ട് പൂർത്തീകരിക്കാൻ ആവശ്യം. വിശദമായ ഡി പി ആർ ഉടൻ തയ്യാറാക്കുമെന്നും ഉടൻ തന്നെ ടെന്ററുകൾ ക്ഷണിക്കുമെന്നും മന്ത്രി അറിയിച്ചു.. ബെംഗളൂരു-മംഗളൂരു വന്ദേഭാരത് എത്തുന്നതോടെ ബെംഗളൂരു, തുംകുരു, ഹാസൻ, മംഗളൂരു എന്നീ നാല് ജില്ലകളിലെ യാത്രക്കാർക്ക് അത് വലിയ ആശ്വാസമാകും.
ബെംഗളരു സ്ലീപ്പർ ഉടൻ എത്തുമോ?
കൂടുതൽ വന്ദേഭാരത് എക്സ്പ്രസുകൾ പ്രഖ്യാപിക്കുമ്പോഴും വന്ദേഭാരത് സ്ലീപ്പറുകളുടെ കാര്യത്തിൽ റെയിൽവെ മൗനം തുടരുകയാണ്. ഈ വർഷം 10 സ്ലീപ്പറുകൾ എത്തുമെന്നാണ് അധികൃതർ അറിയിച്ചത്. ഇതിൽ ആദ്യ സ്ലീപ്പർ കേരളത്തിനായിരിക്കുമെന്ന് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്. സർവ്വീസ് ലഭിച്ചാൽ ആദ്യം തിരുവനന്തപുരം-ബെംഗളൂരു സ്ലീപ്പറിനായിരിക്കും സാധ്യത. ബെംഗളൂരിലേക്ക് സ്ലീപ്പർ അനുവദിക്കുമെന്ന് നേരത്തേ ദക്ഷിണ റെയിൽവെ മാനേജർ കേരളത്തിന് ഉറപ്പ് നൽകിയിരുന്നു.












Click it and Unblock the Notifications