വന്ദേഭാരത് കേരള സര്‍വീസ് നിര്‍ത്തി; അന്നത്തെ ട്രെയിന്‍ തുടരുമെന്നായിരുന്നു പ്രതീക്ഷ, നടന്നത് മറ്റൊന്ന്
കേരളത്തില്‍ നിലവില്‍ മൂന്ന് വന്ദേഭാരത് എക്‌സ്പ്രസുകളാണ് സര്‍വീസ് നടത്തുന്നത്. മംഗളൂരു-തിരുവനന്തപുരം, കാസര്‍കോട്-തിരുവനന്തപുരം, ബെംഗളൂരു എറണാകുളം എന്നീ റൂട്ടുകളിലാണ് വന്ദേഭാരത് സര്‍വീസ്. ബെംഗളൂരുവിലേക്കുള്ള വന്ദേഭാരത് ശനിയാഴ്ച ഫ്‌ളാഗ് ഓഫ് നിര്‍വഹിച്ചു എങ്കിലും ചൊവ്വാഴ്ച മുതല്‍ സ്ഥിരം സര്‍വീസ് ആരംഭിക്കുകയാണ്. ബെംഗളൂരു മലയാളികള്‍ക്ക് സഹായകരമാണ് പുതിയ സര്‍വീസ്.
നിലവില്‍ ബെംഗളൂരുവില്‍ നിന്ന് പുറപ്പെടുന്ന വന്ദേഭാരത് എക്‌സ്പ്രസ് തമിഴ്‌നാട് വഴി പാലക്കാട്, തൃശൂര്‍ വഴിയാണ് എറണാകുളത്ത് എത്തുന്നത്. എന്നാല്‍ ബെംഗളൂരു പോലെ മലയാളികള്‍ ഏറെയുള്ള ചെന്നൈയിലേക്കും വന്ദേഭാരത് വേണം എന്ന ആവശ്യം ശക്തമാണ്. ഈ രണ്ട് ആവശ്യവും ഒറ്റ സര്‍വീസില്‍ പരിഗണിച്ചേക്കുമെന്ന് നേരത്തെ വാര്‍ത്തകള്‍ വന്നിരുന്നു. ചെന്നൈ-ബെംഗളൂരു-കൊച്ചി യാത്ര. എന്നാല്‍ ചെന്നൈ ഒഴിവാക്കി ബെംഗളൂരു മാത്രമാണ് ഒടുവില്‍ പരിഗണിച്ചത്.

നേരത്തെ വന്ദേഭാരത് കോട്ടയത്തേക്ക് സ്‌പെഷ്യല്‍ സര്‍വീസ് നടത്തിയിരുന്നു. 2023ലെ ശബരിമല സീസണില്‍ ആയിരുന്നു അത്. ചെന്നൈയില്‍ നിന്ന് പുറപ്പെട്ട് തൃശൂര്‍ വഴി കോട്ടയത്തേക്ക്. നാല് സര്‍വീസ് വീതം ഇരുഭാഗങ്ങളിലേക്കായി എട്ട് യാത്രകള്‍ വന്ദേഭാരത് നടത്തിയത് നിറഞ്ഞ യാത്രക്കാരുമായിട്ടാണ്. വലിയ സാമ്പത്തിക നേട്ടമാകുന്ന ഈ ട്രെയിന്‍ തുടര്‍ന്നേക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
ചെയര്‍കാര്‍ ടിക്കറ്റിന് 1640 രൂപ
പക്ഷേ, അത് ശബരിമല സീസണ്‍ കഴിഞ്ഞതോടെ നിര്‍ത്തിവച്ചു. ഇതേ റൂട്ടില്‍ പുതിയ വന്ദേഭാരത് എക്‌സ്പ്രസ് അനുവദിക്കണം എന്ന ആവശ്യം ശക്തമാണ്. 1640 രൂപയാണ് അന്ന് ചെയര്‍കാര്‍ ടിക്കറ്റിന് ഈടാക്കിയത്. 3300 രൂപ എക്‌സിക്യുട്ടീവ് ക്ലാസിലെ യാത്രയ്ക്കും. ചെന്നൈയിലേക്കും ഗോവയിലേക്കും വന്ദേഭാരത് സര്‍വീസ് ലഭിക്കുകയാണെങ്കില്‍ കേരളത്തിന്റെ സമീപത്തെ പ്രധാന നഗരങ്ങളിലേക്ക് യാത്ര എളുപ്പമാകും.
ചെന്നൈ-കോട്ടയം സ്‌പെഷ്യല്‍ വന്ദേഭാരത് എക്‌സ്പ്രസ് കാഡ്പാടി, സേലം, ഈറോഡ്, തിരുപ്പൂര്‍, പോത്തന്നൂര്‍, പാലക്കാട്, തൃശൂര്‍, ആലുവ, എറണാകുളം നോര്‍ത്ത് എന്നീ സ്‌റ്റേഷനുകളില്‍ നിര്‍ത്തിയാണ് കോട്ടയത്ത് എത്തിയിരുന്നത്. പുലര്‍ച്ചെ 4.30ന് ചെന്നൈയില്‍ നിന്ന് പുറപ്പെട്ട ട്രെയിന്‍ 12 മണിക്കൂര്‍ ഓടി വൈകീട്ടാണ് എത്തിയിരുന്നത്. മടക്ക യാത്ര തൊട്ടടുത്ത ദിവസമായിരുന്നു.
വന്ദേഭാരത് ഈ റൂട്ടിലും വേണം
ബെംഗളൂരു എറണാകുളം വന്ദേഭാരത് എക്‌സ്പ്രസ് തിരുവനന്തപുരത്തേക്ക് നീട്ടണം എന്ന ആവശ്യമുണ്ട്. ഗോവ-മംഗളൂരു വന്ദേഭാരത് കോഴിക്കോട്ടേക്ക് നീട്ടണം എന്ന ആവശ്യവുമുണ്ട്. ചെന്നൈ-കോഴിക്കോട്, ബെംഗളൂരു കോഴിക്കോട്, ചെന്നൈ എറണാകുളം തുടങ്ങിയ റൂട്ടുകളില്‍ വന്ദേഭാരത് സര്‍വീസ് ആരംഭിക്കണം എന്നും യാത്രക്കാര്‍ ആവശ്യപ്പെട്ടിരുന്നു. മറ്റൊരു വന്ദേഭാരത് വൈകാതെ വരുമെന്നാണ് ബിജെപി സംസ്ഥാന നേതാക്കള്‍ സൂചിപ്പിക്കുന്നത്.
നേരത്തെ കൊച്ചി ബെംഗളൂരു വന്ദേഭാരത് സര്‍വീസ് നടത്തിയിരുന്നു. ഇടക്കാലത്ത് നിര്‍ത്തിവച്ച ശേഷമാണ് ഇപ്പോള്‍ പുനരാരംഭിച്ചിരിക്കുന്നത്. എട്ട് ബോഗികളുള്ള ട്രെയിന്‍ ആണ് ഉപയോഗിക്കുന്നത്. ടിക്കറ്റ് ബുക്കിങ് കിട്ടുന്നില്ല എന്ന ആക്ഷേപമുണ്ട്. സമാനമായ സാഹചര്യം തുടര്‍ന്നാല്‍ എട്ട് ബോഗികള്‍ എന്നത് 16 അല്ലെങ്കില്‍ 20 ബോഗികളാക്കി ഉയര്‍ത്താനും സാധ്യതയുണ്ട്.












Click it and Unblock the Notifications