അധികമായി നാല് കോച്ചുകൾ, 312 സീറ്റുകൾ; വേറെന്ത് വേണം? കേരളത്തിൽ പുതിയ വന്ദേഭാരത് പടയോട്ടം തുടങ്ങി
തിരുവനന്തപുരം: കേരളത്തിലെ ആദ്യത്തെ 20 കോച്ചുള്ള വന്ദേഭാരത് ഓടി തുടങ്ങി. ഇന്നാണ് പുതിയ വണ്ടി സർവീസ് തുടങ്ങിയത്. അധികമായി നാല് കോച്ചുകൾ കൂടി ഉൾപ്പെടുത്തിയാണ് സർവീസ് തുടങ്ങിയിരിക്കുന്നത്. കേരളത്തിൽ ഇതുവരെ സർവീസ് നടത്തിയിരുന്ന വന്ദേഭാരത് എക്‌സ്പ്രസുകൾ നീലയും വെള്ളയും നിറത്തിലുള്ളതായിരുന്നു. എന്നാൽ പുതുതായി സർവീസ് തുടങ്ങിയ ട്രെയിനിന്റെ നിറത്തിൽ ഉൾപ്പെടെ മാറ്റമുണ്ട്.
ഓറഞ്ചും കറുപ്പും ഗ്രേയും ഒരുമിച്ചുള്ള നിറത്തിലാണ് പുതിയ വന്ദേഭാരത്. നിലവിലെ 16 കോച്ചുള്ള ട്രെയിൻ ദക്ഷിണ റെയിൽവേയുടെ വന്ദേഭാരത് എക്‌സ്പ്രസുകൾ അറ്റകുറ്റപ്പണികൾക്കായി മറ്റും മാറുമ്പോൾ ഓടിക്കാനായി കൊണ്ടുപോയി. തിരുവനന്തപുരം-കാസർഗോഡ്-തിരുവനന്തപുരം വന്ദേഭാരതിന് (20634/20633) പകരമാണ് പുതിയ ട്രെയിൻ സർവീസ് നടത്തുന്നത്.

പുതിയ വണ്ടിയിൽ 18 ചെയർകാർ കോച്ചുകളും രണ്ട് എക്‌സിക്യുട്ടീവ് ചെയർകാർ കോച്ചുകളുമാകും ഉണ്ടാകുക. നേരത്തെ 16 കോച്ചുകൾ ഉള്ള വന്ദേഭാരത് മാത്രമായിരുന്നു കേരളത്തിൽ സർവീസ് നടത്തിയിരുന്നത്. മറ്റ് സംസ്ഥാനങ്ങളിൽ ഒക്കെയും 20 കോച്ചുള്ള ട്രെയിനുകൾ ഓടി തുടങ്ങിയെങ്കിലും കേരളത്തിലേക്കുള്ള വരവ് വൈകിയിരുന്നു.
ഇന്ത്യയിൽ തന്നെ ഏറ്റവും തിരക്കേറിയ, യാത്രക്കാരുള്ള റൂട്ടായ തിരുവനന്തപുരം-കാസർഗോഡ് റൂട്ടിലാണ് വന്ദേഭാരത് കൂടുതൽ മുഖം മിനുക്കലുമായി വരുന്നത്. കാലങ്ങളായി ഈ റൂട്ടിൽ കൂടുതൽ മെച്ചപ്പെട്ട ട്രെയിനുകൾ വേണമെന്ന ആവശ്യം ശക്തമായിരുന്നു. വന്ദേഭാരത് വന്നെങ്കിലും മതിയായ സീറ്റുകൾ ഇല്ലാത്തതും ബോഗികൾ കുറവായതും തിരിച്ചടിയായിരുന്നു.
പുതിയ വണ്ടിയിൽ നാല് അധിക കോച്ചുകളുടെ വരവോടെ സീറ്റുകളുടെ എണ്ണത്തിൽ ഗണ്യമായ വർധനയാണ് ഉണ്ടായിരിക്കുന്നത്. ആകെ 312 സീറ്റുകൾ അധികമായി ഇതിൽ ചേർത്തിട്ടുണ്ട്. ഇതോടെ യാത്രക്കാരുടെ പരാതിക്ക് ഒരു പരിധിവരെ പരിഹാരമായിരിക്കുകയാണ്. 200 ശതമാനം ഒക്കുപ്പൻസി ഉള്ള റൂട്ടുകളിൽ ഒന്നാണിത്.
അതുകൊണ്ട് തന്നെ സീറ്റുകളുടെ എണ്ണം ഉയർത്തിയത് യാത്രക്കാർക്ക് വലിയ രീതിയിൽ ഗുണം ചെയ്യുമെന്നാണ് പ്രതീക്ഷ. നിലവിൽ ഐആർസിടിസി അടക്കമുള്ള അംഗീകൃത ആപ്പുകൾ മുഖേന ബുക്ക് ചെയ്യുമ്പോൾ പോലും ആഴ്‌ച്ചകൾക്ക് അപ്പുറമുള്ള വന്ദേഭാരതിൽ സീറ്റുകൾ കിട്ടാത്ത സാഹചര്യമായിരുന്നു. പലപ്പോഴും വെയിറ്റിങ് ലിസ്‌റ്റ് ആയിരുന്നു കാണിക്കാറുള്ളത്.
സർവീസിന്റെ വിശേഷങ്ങൾ
നേരത്തെ പറഞ്ഞത് പോലെ സീറ്റുകളുടെ എണ്ണം 312 കൂടി കൂടിയതോടെ ആകെ സീറ്റ് 1016 നിന്നും 1328 എന്ന നിലയിലേക്ക് ഉയർന്നു. വ്യാഴം ഒഴികെ എല്ലാ ദിവസവും നിലവിൽ സർവീസ് നടത്തുന്നുണ്ട്. രാവിലെ 5.15ന് തിരുവനന്തപുരം സെൻട്രലിൽ നിന്ന് പുറപ്പെടുന്ന ട്രെയിൻ ഉച്ചയ്‌ക്ക് 1.20ന് കാസർഗോഡ് എത്തും. മടക്കയാത്ര കാസർഗോഡ് നിന്ന് ഉച്ചയ്‌ക്ക് 2.30ന് പുറപ്പെട്ട് രാത്രി 10.40ന് തിരുവനന്തപുരത്ത് എത്തുന്ന രീതിയിലാണ്. 8 മണിക്കൂർ 5 മിനിറ്റാണ് ആകെ യാത്രാ സമയം. 1500 രൂപ മുതലാണ് ടിക്കറ്റ് നിരക്ക്.












Click it and Unblock the Notifications