കൊച്ചി-ബെംഗളൂരു വന്ദേഭാരത് സ്പെഷ്യൽ എങ്കിലും?കോച്ചുകൾ കൂട്ടുമോ? കൂടുതൽ ട്രെയിനുകളില്ലെങ്കിൽ ദുരിതം
ബെംഗളൂരു-എറണാകുളം വന്ദേഭാരതിൽ ടിക്കറ്റ് കിട്ടാക്കനിയായതോടെ സ്പെഷൽ ട്രെയിനുകൾക്കായുള്ള ആവശ്യം ശക്തമാക്കി യാത്രക്കാർ. ക്രിസ്തുമസിന് അഞ്ച് ദിവസം മുൻപ് വരെയുള്ള വന്ദേഭാരതിൻ്റെ ടിക്കറ്റുകളെല്ലാം വിറ്റ് തീർന്നതോടെയാണ് സ്പെഷ്യൽ ട്രെയിനുകൾ വേണമെന്ന ആവശ്യം ഉയർന്നത്. ഡിസംബർ 20 മുതൽ 25 വരെ ബെംഗളൂരു-എറണാകുളം യാത്രയ്ക്കുള്ള ചെയർ ടിക്കറ്റുകളെല്ലാം ഫുൾ ആണ്. വെറ്റിംഗ് ലിസ്റ്റ് ആകട്ടെ 100 കവിഞ്ഞു. തിരിച്ചുള്ള എറണാകുളം-ബെംഗളൂരു സർവീസിൽ ഡിസംബർ 28, ജനുവരി 4 തീയതികളിലെ ടിക്കറ്റുകളും ലഭ്യമല്ല.
ഈ സാഹചര്യത്തിൽ മറ്റൊരു സ്പഷ്യൽ വന്ദേങാരത് അവതരിപ്പിക്കുമോയെന്നാണ് യാത്രക്കാരുടെ ചോദ്യം.കഴിഞ്ഞ വർഷം ഓണത്തിന് ഈ റൂട്ടിൽ റെയിൽവെ സ്പെഷ്യൽ വന്ദേഭാരത് അനുവദിച്ചിരുന്നു. സ്പെഷ്യൽ വന്ദേഭാരതിന് അധിക റേക്കുകൾ ആവശ്യമാണ്. നിലവിൽ റേക്കുകളുടെ ക്ഷാമം റെയിൽവെ നേരിടുന്നുണ്ട്. കൂടുതൽ പുതിയ റൂട്ടുകളിലാണ് റെയിൽവെ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. അതിനാൽ സ്പെഷ്യൽ വന്ദേഭാരതിനുള്ള സാധ്യത കുറവാണെന്നാണ് വിലയിരുത്തപ്പെടുന്നത്.

തിരക്ക് കണക്കിലെടുത്ത് ഒക്ടോബറിലെ പൂജാ അവധിക്ക് ബെംഗളൂരു-കേരള റൂട്ടുകളിൽ സൗത്ത് വെസ്റ്റേൺ റെയിൽവേ പ്രത്യേക ട്രെയിനുകൾ ഓടിച്ചിരുന്നു. വെയ്റ്റിംഗ് ലിസ്റ്റുകളുടെ എണ്ണം കുത്തനെ ഉയർന്നാൽ ഒരു അന്തിമ തീരുമാനം ഉടൻ ഉണ്ടായേക്കാം, പക്ഷേ ക്രിസ്മസിന് 20 ദിവസങ്ങൾ മാത്രം ബാക്കിയുള്ളതിനാൽ ഇത്തരത്തിലുള്ള പ്രഖ്യാപനങ്ങൾക്കും സാധ്യത വിരളമാണ്.
അതേസമയം ആവശ്യം ശക്തമായാൽ കൂടുതൽ റേക്കുകൾ കൂട്ടിച്ചേർത്തേക്കും. നിലവിൽ 8 കോച്ചുകളുള്ള (7 ചെയർ കാറുകളും ഒരു എക്സിക്യൂട്ടീവ് ചെയർ കാറും) ഒറ്റ റേക്കാണ് ട്രെയിനിനുള്ളത്. ഒരു ട്രിപ്പിൽ ഏകദേശം 600 യാത്രക്കാരെ മാത്രമേ ഉൾക്കൊള്ളാനാകൂ. എട്ട് കോച്ചുകൾ കൂടി വന്നാൽ 1200 പേർക്ക് യാത്ര ചെയ്യാനാകും. മുൻപ് ഉത്സവ കാലങ്ങളിൽ തിരക്കുള്ള റൂട്ടുകളിൽ റെയിവെ ഇത്തരത്തിൽ കൂടുതൽ റേക്കുകൾ അവതരിപ്പിച്ചിട്ടുണ്ട്.ഇക്കഴിഞ്ഞ ഓഗസ്റ്റിൽ യാത്രാക്കാരുടെ എണ്ണം പരിഗണിച്ച്, എട്ട് കോച്ചുകളുള്ള നാല് വന്ദേ ഭാരത് ട്രെയിനുകൾ 16 കോച്ചുകളായും 16 കോച്ചുകളുള്ള മൂന്നെണ്ണം 20 കോച്ചുകളായും ഉയർത്തിയിരുന്നു.
പൂജാ അവധിക്ക് മധുരൈ-ബെംഗളൂരു വന്ദേ ഭാരതിലും ഡൽഹി-വാരാണസി പോലുള്ള വടക്കൻ റൂട്ടുകളിലും ഉത്സവത്തിരക്ക് പരിഗണിച്ച് കോച്ചുകൾ ചേർത്തിരുന്നു. ആവശ്യം 100% കവിയുമ്പോൾ കോച്ചുകൾ വർദ്ധിപ്പിക്കുന്നത് റെയിൽവെയുടെ പതിവ് നടപടിയാണ്. അതുകൊണ്ട് തന്നെ വലിയ പ്രതീക്ഷയിലാണ് യാത്രക്കാർ.
അനുവദിച്ചില്ലെങ്കിൽ...
ക്രിസ്തുമസ് അടുത്തതോടെ സ്വകാര്യ ബസുകൾ റേറ്റ് കുത്തനെ ഉയർത്തിയിട്ടുണ്ട്. അതുകൊണ്ട് തന്നെ കൊള്ളനിരക്ക് കൊടുക്കാതെ നാട്ടിലെത്തുക ചിന്തിക്കാൻ പോലും സാധിക്കില്ല. കെ എസ് ആർ ടി സി ഇതുവരെ ക്രിസ്തുമസ്-പുതുവത്സര സെപ്ഷ്യലുകൾ പ്രഖ്യാപിച്ചിട്ടില്ല. ഉയർന്ന നിരക്ക് നൽകേണ്ടി വരുമെന്നതുകൊണ്ട് തന്നെ വിമാന യാത്രയും സാധാരണക്കാരനെ സംബന്ധിച്ച് ആലോചിക്കാൻ പോലും സാധിക്കില്ല. എന്തായാലും കെഎസ്ആർടിസിയും റെയിൽവെയും ഉചിതമായ തീരുമാനം കൈക്കൊള്ളുമെന്നാണ് യാത്രക്കാരുടെ പ്രതീക്ഷ.












Click it and Unblock the Notifications