ലോകത്തിലെ ഏറ്റവും ഉയരം കുറഞ്ഞ സ്ത്രീയെ 'പറത്തി' ഗ്രേറ്റ് ഖാലി: പിന്നാലെ വിമർശനവും
ലോക റെസ്‌ലിംഗ് എൻ്റർടെയ്ൻമെൻ്റിൻ്റെ ചരിത്രത്തില്‍ ഇന്ത്യയുടെ അഭിമാനമായിരുന്ന വ്യക്തിയാണ് ദ ഗ്രേറ്റ് ഖാലി എന്ന ദലിപ് സിംഗ് റാണ. റെസ്‌ലിംഗ് വിട്ട അദ്ദേഹം രണ്ട് വർഷം മുന്‍പ് ബി ജെ പിയില്‍ ചേർന്ന് രാഷ്ട്രീയത്തിലും സജീവമായിരിക്കുകയാണ്. ഇപ്പോഴിതാ ലോകത്തെ ഏറ്റവും ഉയരം കുറഞ്ഞ സ്ത്രീയായ ജ്യോതി ആംഗെയെ കണ്ടുമുട്ടിയ ഗ്രേറ്റ് ഖാലിയുടെ വീഡിയോയും സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിക്കുകയാണ്.
സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ഇന്‍സ്റ്റഗ്രാമില്‍ ജ്യോതി ആംഗെയെ ഒറ്റക്കയ്യില്‍ ഉയർത്തിയെടുക്കുന്ന വീഡിയോയും ദലിപ് സിംഗ് റാണ പുറത്ത് വിട്ടുണ്ട്. ഇരുവരുടെയും ഉയരത്തിലും ശരീരവലുപ്പത്തിലുമുള്ള അസാമാന്യമായ വ്യത്യാസം എടുത്തുകാണിക്കുന്ന വീഡിയോ പലരേയും ആശ്ചര്യപ്പെടുത്തുന്നു എന്നതില്‍ സംശയമൊന്നുമില്ല.

92 മില്യണ്‍ ആളുകളാണ് വീഡിയോ ഇതുവരെ കണ്ടത്. രണ്ട് ദശലക്ഷത്തിലധികം ലൈക്കുകളും വീഡിയോക്ക് ലഭിച്ചിട്ടുണ്ട്. നിരവധിയാളുകള്‍ വീഡിയോ ഷെയർ ചെയ്യുകയും ചെയ്യുന്നു. അതേസമയം വലിയൊരു വിഭാഗം ആളുകള്‍ ഈ സംഭവത്തില്‍ ദലിപ് സിംഗ് റാണയെ വിമർശിക്കുകയും ചെയ്യുന്നുണ്ട് എന്നതാണ് ശ്രദ്ധേയം. "ഒരു കുട്ടിയല്ല അത്, 30 വയസ്സുള്ള ഒരു സ്ത്രീ ജ്യോതി ആംഗെയോട് ഇത്തരത്തിൽ പെരുമാറിയത് വളരെ അനുചിതമാണെന്ന് ഞാൻ കരുതുന്നു. ഉയരം കുറവാണെങ്കിലും, മറ്റേതൊരു സ്ത്രീയെയും പോലെ അവൾക്ക് മാന്യതയുണ്ട്. ദലിപ് സിംഗ് റാണ (വലിയ ഖാലി) അവളെ അനുചിതമായി തൻ്റെ കൈകളാല്‍ അവരെ ഉയർത്തുകയും അവളെ തൻ്റെ മടിയിൽ ഇരുത്തുകയും ചെയ്തത് മോശമാണ്" എന്നാണ് ഒരാള്‍ കുറിച്ചത്.
അതേസമയം തന്നെ ഇത്തരം വിമർശനങ്ങള്‍ക്ക് യാതൊരു അടിസ്ഥാനവും ഇല്ലെന്നാണ് മറ്റൊരു വിഭാഗം വ്യക്തമാക്കുന്നത്. രണ്ടുപേരും വളരെ സന്തോഷത്തില്‍ കടന്ന് പോയ നിമിഷങ്ങളില്‍ എന്തിനാണ് ഇത്ര നെഗറ്റീവിറ്റി കാണുന്നതെന്നും അവർ ചോദിക്കുന്നു.
62.8 സെൻ്റീമീറ്റർ മാത്രം ഉയരമുള്ള ആംഗെ 1993 ഡിസംബർ 6 ന് ജനിച്ചത്. മഹാരാഷ്ട്രയിലെ നാഗ്പൂർ സ്വദേശിയായ ആംഗെ ലോക റെക്കോർഡില്‍ ഇടം പിടിച്ചതിന് പിന്നാലെയാണ് അന്താരാഷ്ട്ര തലത്തില്‍ ശ്രദ്ധേയയാകുന്നത്. 2012-ൽ ബിഗ് ബോസ് റിയാലിറ്റി ഷോയിൽ അതിഥിയായി എത്തിയ ആംഗെ 2014 ഓഗസ്റ്റിൽ "അമേരിക്കൻ ഹൊറർ സ്റ്റോറി: ഫ്രീക്ക് ഷോ" യുടെ നാലാം സീസണിൽ പങ്കെടുക്കുകയും ചെയ്തിരുന്നു.












Click it and Unblock the Notifications