കണ്ടക്ടറായി ജോലി ചെയ്ത ഡിപ്പോയിലെത്തി രജനികാന്ത്; അതുല്യ നിമിഷം, ഫോട്ടോ വൈറല്‍
ബെംഗളൂരു: ഒരു കാലത്ത് ബസ് കണ്ടക്ടറായിരുന്നു സൂപ്പര്‍ സ്റ്റാര്‍ രജനികാന്ത്. 1970കളിലാണ് അദ്ദേഹത്തിന്റെ ജീവിതത്തില്‍ വഴിത്തിരിവുണ്ടായത്. ശേഷം സിനിമാ രംഗത്ത് ശോഭിച്ച രജനി തമിഴ് സൂപ്പര്‍ സ്റ്റാറായി മാറി. ഇന്ന് ഇന്ത്യന്‍ സിനിമയില്‍ മൂല്യമേറിയ താരങ്ങളിലൊരാളാണ് അദ്ദേഹം. എളിമയോടെ പെരുമാറുന്ന രജനിയെ കൂടെ പ്രവര്‍ത്തിച്ചവരെല്ലാം പുകഴ്ത്തി പറയാറുണ്ട്.
ഇന്ന് രജനികാന്ത് ബെംഗളൂരുവിലെത്തിയ വേളയില്‍ ബസ് ഡിപ്പോ സന്ദര്‍ശിച്ചു. ഇവിടെയായിരുന്നു അദ്ദേഹം ഒരുകാലത്ത് ജോലി ചെയ്തിരുന്നത്. ഡ്രൈവര്‍മാര്‍, കണ്ടക്ടര്‍മാര്‍, ശുചീകരണ തൊഴിലാളികള്‍ എന്നിവരുമായെല്ലാം സംവദിച്ചു. അല്‍പ്പനേരം അവര്‍ക്കൊപ്പം ചെലവഴിക്കുകയും ഫോട്ടോ എടുക്കുകയും ചെയ്തു. സോഷ്യല്‍ മീഡിയയില്‍ വൈറലാണ് രജനിയുടെ പുതിയ ഫോട്ടോകള്‍.

തന്റെ യുവത്വം ചെലവഴിച്ച ഡിപ്പോയിലെ കാര്യങ്ങള്‍ അദ്ദേഹം മറ്റുള്ളവരുമായി പങ്കുവച്ചു. ബെംഗളൂരു മെട്രോപൊളിറ്റന്‍ ട്രാന്‍സ്‌പോര്‍ട്ട് കോര്‍പറേഷന്‍ ഡിപ്പോയില്‍ അപ്രതീക്ഷിതമായി എത്തിയ രജനിയെ കണ്ട് തൊഴിലാളികള്‍ ഫോട്ടോ എടുക്കാന്‍ തിടുക്കംകൂട്ടി. 160ലധികം സിനിമകളില്‍ വേഷമിട്ട രജനിയുടെ ഏറ്റവും പുതിയ ചിത്രം ജയിലര്‍ വന്‍ ഹിറ്റായി പ്രദര്‍ശനം തുടരുകയാണ്.
ബെംഗളൂരുവിലാണ് രജനി ജനിച്ചത്. വിവിധ ജോലികള്‍ അദ്ദേഹം ചെയ്തിരുന്നു. പിന്നീടാണ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പറേഷനില്‍ കണ്ടക്ടറായി എത്തിയത്. ഇക്കാലത്ത് യാത്രക്കാരെ അദ്ദേഹം പല വിദ്യകള്‍ കാട്ടി രസിപ്പിക്കുമായിരുന്നുവത്രെ. രജനിയുടെ ബസില്‍ കയറാന്‍ യാത്രക്കാര്‍ക്ക് പ്രത്യേക താല്‍പ്പര്യമായിരുന്നു. ടിക്കറ്റ് വാങ്ങുകയും ബാക്കി തുക നല്‍കുകയും ചെയ്യുന്ന രജനിയുടെ സ്റ്റൈല്‍ എല്ലാവര്‍ക്കും ഇഷ്ടമായിരുന്നു.
അക്കാലത്തു തന്നെയാണ് കന്നഡ നാടക വേദികളില്‍ രജനി എത്തിയത്. ഇതിഹാസങ്ങളിലെ കഥാപാത്രങ്ങളെ അദ്ദേഹം വേദികളില്‍ അവതരിപ്പിച്ചിരുന്നു. 1973ലാണ് മദ്രാസ് ഫിലിം ഇന്‍സ്റ്റിറ്റൂട്ടില്‍ ചേര്‍ന്നത്. അക്കാലത്ത് അവതരിപ്പിച്ച നാടകം സംവിധായകന്‍ കെ ബാലചന്ദറിനെ ആകര്‍ഷിച്ചതോടെയാണ് രജനിയുടെ ജീവിതം മാറിമറിഞ്ഞത്. 1975ല്‍ ഇറങ്ങിയ അപൂര്‍വ രാഗങ്ങളില്‍ വേഷമിട്ടതോടെ സിനിമാ ലോകത്ത് പുതുയുഗ പിറവിയായിരുന്നു.












Click it and Unblock the Notifications