രാത്രിയില്‍ നഗരത്തില്‍പ്പെട്ടാല്‍ പേടി വേണ്ട; എന്റെ കൂട് നിങ്ങള്‍ക്ക് അഭയമൊരുക്കും
സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമായി നിരവധി ക്ഷേമ പദ്ധതികള്‍ സംസ്ഥാനത്ത് നടപ്പിലാക്കി വരുന്നുണ്ട്. ഇതില്‍ ഏറ്റവും ശ്രദ്ധേയമായ പദ്ധതികളിലൊന്നാണ് എന്റെ കൂട്. നിരാലംബരായ സ്ത്രികള്‍ക്കും കുട്ടികള്‍ക്കും രാത്രി കാലങ്ങളില്‍ സുരക്ഷിതമായി താമസിക്കുവാന്‍ ഒരു രാത്രികാല അഭയകേന്ദ്രം എന്ന ആശയത്തിന്റെ അടിസ്ഥാനത്തില്‍ ആണ് എന്റെ കൂട് എന്ന പദ്ധതി ആവിഷ്‌കരിക്കുന്നത്.
നിലവില്‍ സംസ്ഥാനത്ത് കോഴിക്കോട്, തിരുവനന്തപുരം, എറണാകുളം ജില്ലകളില്‍ ആണ് പദ്ധതി നടപ്പിലാക്കി വരുന്നത്. 2015-ല്‍ കോഴിക്കോട് കസബ പോലീസ് സ്റ്റേഷനു സമീപവും 2018-ല്‍ തിരുവനന്തപുരം തമ്പാനൂര്‍ ബസ് ടെര്‍മിനലിലെ കെ ടി എഫ് ഡി സി കെട്ടിടത്തിലും ആണ് എന്റെ കൂട് പ്രവര്‍ത്തനം ആരംഭിച്ചത്. 2022 ല്‍ സെപ്തംബറില്‍ കാക്കനാട് ഐ എം ജിയ്ക്ക് സമീപം നിര്‍മിച്ച കെട്ടിടത്തിന്റെ ഒന്നാം നിലയിലും എന്റെ കൂട് പ്രവര്‍ത്തനമാരംഭിച്ചു.

പലവിധ ആവശ്യങ്ങള്‍ക്കായി മറ്റിടങ്ങളില്‍ നിന്നെത്തുന്ന സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും രാത്രിയില്‍ സുരക്ഷിത താമസമുറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പിലാക്കിയത്. പരീക്ഷ, അഭിമുഖം, ചികിത്സ തുടങ്ങിയ വിവിധ ആവശ്യങ്ങള്‍ക്കായി നഗരങ്ങളിലെത്തുന്ന സ്ത്രീകള്‍ക്ക് ഏറെ പ്രയോജനപ്രദമാണ് എന്റെ കൂട്. വൈകിട്ട് 6.30 മുതല്‍ രാവിലെ 7.30 വരെയാണ് എന്റെ കൂട്ടില്‍ വിശ്രമിക്കാന്‍ അനുവദിക്കുക.
മാസത്തില്‍ പരമാവധി 3 ദിവസത്തേയ്ക്ക് സൗജന്യ പ്രവേശനം നല്‍കും. അടിയന്തിര സാഹചര്യങ്ങളില്‍ 3 ദിവസങ്ങളില്‍ കൂടുതല്‍ താമസിക്കേണ്ടി വന്നാല്‍ അധികമായി വേണ്ടി വരുന്ന ഓരോ ദിവസത്തിനും 150 രൂപ നല്‍കി എന്റെ കൂട്ടില്‍ തുടര്‍ന്ന് പോരാം. സ്ത്രീകള്‍, പെണ്‍കുട്ടികള്‍, 12 വയസിനു താഴെ പ്രായമുള്ള ആണ്‍കുട്ടികള്‍ എന്നിവര്‍ക്കാണ് എന്റെ കൂട്ടില്‍ പ്രവേശനം അനുവദിക്കുക. അശരണരായ വനിതകള്‍ക്ക് മുന്‍ഗണന.
പുലര്‍ച്ചെ മൂന്ന് മണി വരെ പ്രവേശനം അനുവദിക്കും. താമസത്തിനായി വരുന്നവര്‍ അംഗീകൃത തിരിച്ചറിയല്‍ രേഖ കൈവശം വെക്കണം. രാത്രി 8 മണി വരെ പ്രവേശനം നേടുന്നവര്‍ക്ക് രാത്രി ഭക്ഷണം സൗജന്യമായിരിക്കും. സ്ഥാപനത്തിന്റെ പ്രവര്‍ത്തനം, ജീവനക്കാരുടെ പെരുമാറ്റം എന്നിവ സംബന്ധിച്ച പരാതികള്‍ [email protected], 04712346508 എന്നിവയില്‍ അറിയിക്കാനുള്ള സൗകര്യവുമുണ്ട്.
2015 സാമ്പത്തിക വര്‍ഷത്തിലാണ് എന്റെ കൂട് പദ്ധതി ആരംഭിക്കുന്നത്. സാമൂഹിക നീതി വകുപ്പാണ് പദ്ധതി നടപ്പിലാക്കി വരുന്നത്. ഒരു രാത്രി 50 പേര്‍ക്ക് വരെ ഈ സൗകര്യം ഉപയോഗിക്കാന്‍ സാധിക്കും. പൊലീസ് വകുപ്പിന്റെയും ജില്ലാ ഭരണകൂടത്തിന്റെയും മറ്റ് സന്നദ്ധ സംഘടനകളുടെയും ഏകോപനത്തോടെയാണ് പദ്ധതി നടപ്പിലാക്കി കൊണ്ടിരിക്കുന്നത്.












Click it and Unblock the Notifications