ആഗോള മലയാളി സമ്മേളനം കൊച്ചിയില്‍
കൊച്ചി: നാലാമത് ആഗോള മലയാളി സമ്മേളനം കൊച്ചിയില്‍ ആഗസ്ത് 18ന് ആരംഭിക്കും. രണ്ടു ദിവസത്തെ സമ്മേളനത്തില്‍ സെമിനാറും, ആരോഗ്യ ക്യാമ്പും ടൂറിസം, ആയുര്‍വേദം, നിക്ഷേപം എന്നീ മേഖലകളെക്കുറിച്ച് ചര്‍ച്ചയും നടക്കും.
യൂണിയന്‍ ഓഫ് ജര്‍മ്മന്‍ മലയാളി അസോസിയേഷന്‍(ഉഗ്മ) ആണ് ഈ സമ്മേളനം സംഘടിപ്പിക്കുന്നതെന്ന് അസോസിയേഷന്‍ പ്രസിഡന്റ് അബ്രഹാം ജോണ്‍ നെടുംതുരുത്തിമൈലില്‍ ജൂണ്‍ 25 ചൊവാഴ്ച വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.
കേരളത്തിലെ ഐടി വിദഗ്ധര്‍ക്ക് പരിശീലനം നല്കാനായി ഒരു പ്രത്യേക ഗ്രൂപ്പിന് ഈ സമ്മേളനം രൂപം നല്കും. കേരളത്തെ വിവരസാങ്കേതികവിദ്യാരംഗത്ത് മുന്‍നിരയിലെത്തിക്കാന്‍ ഉദ്ദേശിച്ചുകൊണ്ടുള്ളതാണ് ഈ നീക്കം. ജര്‍മ്മനിയില്‍ നിന്ന് കേരളത്തിലെ വിവരസാങ്കേതികവിദ്യാ മേഖലയില്‍ മുതല്‍ മുടക്കെത്തിക്കാനും പരിശ്രമിക്കും.
കേരളത്തിലെ വിനോദസഞ്ചാരമേഖലയെ വളര്‍ത്തുന്നതിന്റെ ഭാഗമായി ഉഗ്മ ജര്‍മ്മനിയില്‍ 2003 മാര്‍ച്ചില്‍ മൂന്നു ദിവസത്തെ പ്രത്യേക കേരളോത്സവം സംഘടിപ്പിക്കും. വിദേശഇന്ത്യക്കാര്‍ക്ക് വേണ്ടി കേരളത്തില്‍ പ്രത്യേക വിനോദസഞ്ചാരകേന്ദ്രങ്ങള്‍ വികസിപ്പിക്കാനുള്ള പദ്ധതിയ്ക്കും ഈ സമ്മേളനം രൂപം നല്കുമെന്ന് ഉഗ്മ പ്രസിഡന്റ് അബ്രഹാം ജോണ്‍ പറഞ്ഞു.
പാവങ്ങള്‍ക്ക് ചികിത്സയ്ക്ക് ധനസഹായം നല്കാനുള്ള പദ്ധതി ഉടനെ തുടങ്ങും. അടുത്ത ആഗോള മലയാളി സമ്മേളനം ലണ്ടനില്‍ 2003 ഒക്ടോബറില്‍ നടക്കുമെന്നും അബ്രഹാം ജോണ്‍ പറഞ്ഞു.












Click it and Unblock the Notifications