കാണിപ്പയ്യൂരിന്റെ പ്രവചനം തെറ്റി! ഈ മഹാ ദുരന്തത്തിനിടയിലും സോഷ്യൽ മീഡിയ ആഘോഷിക്കുന്ന ഒരു വാർത്തയാണിത്. കുറേ കളിയാക്കലുകളും ട്രോളുകളുമൊക്കെ വായിച്ചു. സത്യത്തിൽ ഇത്രയൊക്കെ ട്രോളാൻ മാത്രം അദ്ദേഹം എന്താണ് പറഞ്ഞത്? സാധാരണ ഒരു വിഷുഫലം പറയുന്ന വീഡിയോ ആയിരുന്നു അത്. അതിൽ അദ്ദേഹത്തിന്റെ നിഗമനം തെറ്റിയിരിക്കാം. വേണ്ടത്ര ഗൗരവത്തോടെയും ഉത്തരവാദിത്വത്തോടെയുമൊക്കെയേ ഇത്തരം പ്രവചനങ്ങൾ നടത്താൻ പാടുള്ളു, അത് നന്നായി അറിയാവുന്ന ഒരാൾ കൂടിയാണ് അദ്ദേഹം.
സാധാരണ ഇന്റർവ്യു പോലെ ഉടനടി മറുപടി നൽകേണ്ട ചോദ്യങ്ങൾക്ക് ഒരു ജ്യോതിഷിക്ക് വിഷയം ചിന്തിക്കാതെ ലൈവ് ആയി മറുപടി കൊടുക്കാൻ കഴിയില്ല അത്തരം സാഹചര്യങ്ങളിൽ സൂക്ഷ്മത പാലിക്കുകയും വേണം. വാളെടുത്തവരെല്ലാം വെളിച്ചപ്പാടാകുന്ന ഇക്കാലത്ത് ജ്യോതിഷം ശാസ്ത്രീയമായി കൈകാര്യം ചെയ്യുന്ന ഒരു വ്യക്തിയാണ് കാണിപ്പയ്യൂർ നാരായണൻ നമ്പൂതിരിപ്പാടെന്ന് എനിക്ക് പറയാൻ കഴിയും. പല പ്രധാന വിഷയങ്ങളിലും ഒന്നിച്ച് ഇടപെടാനുള്ള അവസരമുണ്ടായിട്ടുള്ളത് കൊണ്ട് അദ്ദേഹത്തിന് ജ്യോതിഷത്തിലെ അടിസ്ഥാന ഗ്രന്ഥങ്ങളിലുള്ള പാണ്ഠിത്യവും അനുഭവഞ്ജാനവും അതിലൊക്കെ ഉപരി പാരമ്പര്യവും ഒരാൾക്കും ചോദ്യം ചെയ്യാനാവാത്തതിലും ഉയരത്തിലാണ്.