വിഘ്നങ്ങൾ അകറ്റുന്ന വിഘ്നേശ്വരൻ; കേരളത്തിലെ വിശേഷപ്പെട്ട ഗണപതി ക്ഷേത്രങ്ങളും ഐതിഹ്യവും


വിഘ്നങ്ങൾ അകറ്റുന്നവനാണ് വിഘ്നേശ്വരൻ. മഹാദേവന്റെയും പാർവതി ദേവിയുടെയും പുത്രനാണ് ഗണപതി. ഗണപതിയുടെ ജന്മദിനമാണ് വിനായക ചതുർത്ഥി ആഘോഷിക്കുന്നത്. ചിങ്ങമാസത്തിലെ കറുത്തവാവ് കഴിഞ്ഞു വരുന്ന വെളുത്തപക്ഷ ചതുര്‍ഥിയാണ് ഗണപതിയുടെ ജന്‍മദിനമായി കരുതുന്നത്.

എന്താണ് വിനായക ചതുര്‍ത്ഥി? പത്ത് ദിവസം നീളുന്ന ആഘോഷങ്ങള്‍ എന്തിന്!!

വിനായക ചതുർത്ഥി ദിനത്തിൽ വിനായക ക്ഷേത്രങ്ങൾ സന്ദർശിക്കുന്നത് പുണ്യമാണെന്നാണ് ഹൈന്ദവിശ്വാസം. ഏതൊരു നല്ല കാര്യത്തിന് തുടക്കത്തിലും ഗണപതിയെ പൂജിച്ചാൽ തടസ്സങ്ങൾ ഒഴിവായിക്കിട്ടുമെന്നാണ് വിശ്വാസം. കേരളത്തിലെ പ്രധാനപ്പെട്ട ഗണപതി ക്ഷേത്രങ്ങളെ പരിചയപ്പെടാം

കൊട്ടാരക്കര മഹാഗണപതി ക്ഷേത്രം

കൊല്ലം ജില്ലയിലെ കൊട്ടാരക്കരയിലാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. പരമശിവനാണ് മുഖ്യപ്രതിഷ്ഠ. പക്ഷെ ഉപദേവനായി പ്രതിഷ്ഠിക്കപ്പെട്ട ബാല ഗണപതിയിലൂടെയാണ് ക്ഷേത്രം പ്രസിദ്ധിയാർജ്ജിച്ചത്. ഇവിടുത്തെ ഗണപതിയുടെ വിഗ്രഹം പെരുന്തച്ചനാണ് കൊത്തിയതെന്നാണ് വിശ്വാസം. കൊട്ടാരക്കര ഉണ്ണിയപ്പവും പ്രസിദ്ധമാണ്. ക്ഷേത്രത്തിലെ പ്രധാന വഴിപാടും ഇത് തന്നെ. ഗണപതി നടയിലെ തിടപ്പള്ളിയിലൊരുക്കിയ അപ്പക്കാരയിലാണ് ഉണ്ണിയപ്പം തയാറാക്കുന്നത്. ഗണേശചതുർത്ഥി ഇവിടുത്തെ പ്രധാന ആഘോഷങ്ങളിലൊന്നാണ്.

മഥൂർ ക്ഷേത്രം

കാസർകോഡ് ജില്ലയിലാണ് മഥൂർ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. അനന്തേശ്വര വിനായക ക്ഷേത്രമെന്നും ഇതിന് പേരുണ്ട്. കൊട്ടാരക്കരയിലേതു പോലെ ശിവനാണ് മുഖ്യപ്രതിഷ്ഠയെങ്കിലും ഗണപതിയുടെ പേരിലാണ് അറിയപ്പെടുന്നത്. പച്ച അപ്പവും ഉണ്ണിയപ്പവുമാണ് ഇവിടുത്തെ പ്രധാന പ്രതിഷ്ഠ. ഇവിടുത്തെ ഗണപതി വിഗ്രഹം ദിവസം തോറും വലിപ്പം വയ്ക്കുന്നുണ്ടെന്നാണ് വിശ്വാസം. ഗണേശചതുർത്ഥിയും മഥൂർ ബേഡി എന്നറിയപ്പെടുന്ന ആഘോഷവുമാണ് ഇവിടുത്തെ പ്രത്യേകത.

പഴവങ്ങാടി ഗണപതി ക്ഷേത്രം

തിരുവനന്തപുരത്ത് ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിന്റെ വടക്ക് ഭാഗത്താണ് പഴവങ്ങാടി ഗണപതി ക്ഷേത്രം. പുഴയിൽ നിന്നും കിട്ടിയ വിഗ്രഹമാണ് ഇവിടെ പ്രതിഷ്ഠിച്ചിരിക്കുന്നതെന്നാണ് വിശ്വാസം. ബാലഗണപതിയായാണ് സങ്കൽപ്പം. തമിഴ്നാട്ടിലെ ക്ഷേത്രങ്ങളുടെ മാതൃകയിലാണ് നിർമാണം. ധർമശാസ്താവ്, നാഗം,രക്ഷസ്, ദുർഗ്ഗ എന്നിവരാണ് ഉപദേവതമാർ. വിനായക ചതുർത്ഥി തന്നെയാണ് ക്ഷേത്രത്തിലെ പ്രധാന ആഘോഷം. നാളികേരം ഉടയ്ക്കുന്നതാണ് പ്രധാന വഴിപാട്. പത്മനാഭന്റെ മണ്ണിലെത്തുന്ന വിശ്വാസികൾ പഴവങ്ങാടി ഗണപതിയേയും കണ്ടെ മടങ്ങാറുള്ളു.

മള്ളിയൂർ ശ്രീ മഹാഗണപതി ക്ഷേത്രം

കോട്ടയം ജില്ലയിലെ കുറുപ്പന്തറയിലാണ് മള്ളിയൂർ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. അതിപുരാതനമാണ്‌ മള്ളിയൂര്‍ ശ്രീമഹാഗണപതിക്ഷേത്രം. ബീജഗണപതിയുടെ വലപിരി രൂപത്തിലുള്ള പ്രതിഷ്ഠയാണ് മള്ളിയൂരിലുള്ളത്. വൈഷ്ണവ ഗണപതി സങ്കൽപ്പമാണ് ഇവിടുത്തേത്. ഗണപതിയുടെ മടിയിൽ കഥകേട്ടിരിക്കുന്ന ഉണ്ണിക്കണ്ണൻ. മള്ളിയൂരിലെ മഹാഗണപതി ക്ഷിപ്രപ്രസാദിയാണ്. ഗണപതിഹോമം തന്നെയാണ് മള്ളിയൂരിലേയും പ്രധാന വഴിപാട്. മുക്കുറ്റി പുഷ്പാഞ്ജലിയാണ് ക്ഷേത്രത്തിലെ മറ്റൊരു വഴിപാട്. വേരോടെ പിഴുതെടുത്ത 108 മുക്കുറ്റി ഉപയോഗിച്ചാണ് വഴിപാട്.

അഞ്ചുമൂർത്തിമംഗല ക്ഷേത്രം

പാലക്കാട് ആലത്തൂരിനടുത്താണ് അഞ്ചുമൂര്‍ത്തിമംഗലം ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. പരശുരാമന്‍ പ്രതിഷ്ഠ നടത്തിയ ഈ ക്ഷേത്രത്തില്‍ ശിവനോടൊപ്പം സുദര്‍ശനമൂര്‍ത്തിയ്ക്കും മഹാവിഷ്ണുവിനും പാര്‍വ്വതി ദേവിക്കും ഗണപതിക്കും തുല്യപ്രാധാന്യമാണുള്ളത്. വിനായക ചതുര്‍ഥി ദിവസം ഇവിടെ പൂജകളും ആഘോഷങ്ങളും ഉണ്ടാവാറുണ്ട്.

വാഴപ്പള്ളി മഹാദേവർ ക്ഷേത്രം

ചങ്ങാനാശ്ശേരിയിലെ വാഴപ്പള്ളിയിലാണ് ക്ഷേത്രം. ശിവനോടൊപ്പം ഗണപതിയേയും ആരാധിക്കുന്നു. ശിവപ്രതിഷ്ഠയോട് ചേർന്ന് തന്നെയാണ് ഗണപതിയേയും പ്രതിഷ്ഠിച്ചിരിക്കുന്നത്. ആദ്യകാലങ്ങളില്‍ ഈ പ്രതിഷ്ഠയായിരുന്നുവത്രെ പ്രധാനം. ഇപ്പോള്‍ കാണുന്ന ഗണപതിയെ പിന്നീട് പ്രതിഷ്ഠിച്ചതാണ്. ക്ഷേത്രത്തില്‍ ധാരാളം ഗണപതി പ്രതിഷ്ഠകളും ശിലാവിഗ്രഹങ്ങളും കാണുവാന്‍ സാധിക്കും

Have a great day!
Read more...

English Summary

famous ganesh temples of kerala