അടച്ച് പൂട്ടേണ്ട സാഹചര്യമില്ല,സംസ്ഥാനങ്ങളും അവസാന ഉപാധിയായേ ലോക്ഡൗൺ നടപ്പാക്കാവൂ; പ്രധാനമന്ത്രി
ദില്ലി; രാജ്യത്ത് ലോക്ക് ഡൗൺ നടപ്പാക്കേണ്ടതില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്ത് കൊവിഡ് രണ്ടാം തരംഗം രൂക്ഷമായ സാഹചര്യത്തിൽ രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു മോദി. നിലവിൽ രാജ്യം അടച്ച് പൂട്ടേണ്ട സാഹചര്യം ഇല്ല. ലോക്ക് ഡൗൺ അവസാന ഉപാധിയായി മാത്രമേ സംസ്ഥാനങ്ങളും നടപ്പാക്കാവൂ. മൈക്രോ കണ്ടെയ്ൻമെന്റ് സോണുകൾ ഏർപ്പെടുത്തി കൊവിഡ് വ്യാപനം തടയാനാണ് ഇപ്പോൾ ശ്രമിക്കുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു.
ഒന്നിച്ച് പ്രവർത്തിക്കുകയാണെങ്കിൽ കണ്ടെയ്‌ൻമെൻറ് സോണുകൾ കണ്ടെത്തുന്നത് എളുപ്പമാകുമെന്ന് എനിക്ക് ഉറപ്പുണ്ട്. യാതൊരു കാരണവുമില്ലാതെ വീടുകളിൽ നിന്ന് ഇറങ്ങരുതെന്ന് ഞാൻ ആളുകളോട് അഭ്യർത്ഥിക്കുകയാണ്.തൊഴിലാളികൾ ഇപ്പോൾ എവിടെയാണോ അവിടെ തന്നെ തുടരണം. അവർക്ക് വാക്സിൻ എത്തിക്കാനുള്ള എല്ലാ നടപടികളും സംസ്ഥാന സർക്കാരുകൾ കൈക്കൊള്ളണം.

കൊവിഡ് രണ്ടാം തരംഗം കൊടുങ്കാറ്റ് പോലെയാണ് ആഞ്ഞടിച്ചത്.വലിയ വെല്ലുവിളിയാണ് രാജ്യം നേരിടുന്നതെന്ന കാര്യത്തിൽ സംശയമില്ല. എന്നാൽ ഒരുമയോടെയും കൃത്യമായ തയ്യാറെടുപ്പും നടത്തിയാൽ നമ്മുക്ക് കൊവിഡിനെ പരാജയപ്പെടുത്താൻ സാധിക്കും, പ്രധാനമന്ത്രി പറഞ്ഞു.
കൊവിഡ് ആദ്യ ഘട്ടത്തിൽ നമ്മുക്ക് കൃത്യമായി ചികിത്സാ സൗകര്യങ്ങൾ ഉണ്ടായിരുന്നില്ല. എന്നാൽ നിലവിൽ അതല്ല സാഹചര്യം. വളരെ ചെറിയ സമയത്തിനുള്ളിൽ തന്നെ നമ്മുക്ക് അതെല്ലാം സജ്ജമാക്കാൻ സാധിച്ചു. ഇപ്പോഴും രാജ്യത്ത് പരിശോധനകൾ വർധിപ്പിക്കുകയാണ്. കൊവിഡിൻ്റെ രണ്ടാം തരംഗത്തിൽ രാജ്യത്ത് ഓക്സിജൻ ക്ഷാമം നേരിടുന്നുണ്ട്. എന്നാൽ ഓക്സിജൻ ലഭ്യത ഉറപ്പാക്കാനുള്ള ശ്രമങ്ങൾ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ശ്രമിക്കുകയാണ്.
ഇന്ന് നവരാത്രിയുടെ അവസാന ദിനമാണ്, നാളെ രാമനവമിയാണ്. നം എല്ലാവരും തന്നെ മര്യാദാപുരുഷോത്തമനായ രാമനെ പോലെ മര്യാദയുള്ളവരായി നിലകൊള്ളണം. ആത്മബലം നൽകുന്ന ഈ റംസാൻ മാസത്തിൽ അതേ ആത്മബലം കൊവിഡ് പോരട്ടത്തിലും നമ്മൾ പുലർത്തണമെന്നും പ്രധാനമന്ത്രി പറഞ്ഞു.












Click it and Unblock the Notifications