കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നാടകീയത നിറഞ്ഞ രാഷ്ട്രീയജീവിതം

  • By Staff
Google Oneindia Malayalam News

എം.ജി.രാമചന്ദ്രനോടൊപ്പം അനേകം ചിത്രങ്ങളില്‍ അഭിനയിച്ച ജയലളിത അദ്ദേഹത്തിന്റെ ഉറ്റവരിലൊരാളായി മാറിയത് പെട്ടെന്നായിരുന്നു. എംജിആറിന്റെ എഐഎഡിഎംകെയില്‍ 1980ല്‍ അംഗമായി ജയലളിത രാഷ്ട്രീയജീവിതം ആരംഭിച്ചപ്പോള്‍ പാര്‍ട്ടിക്കുള്ളിലെ പലരുടെയും നെറ്റി ചുളിഞ്ഞു. എന്നാല്‍ അവര്‍ക്കെതിരായ വ്യക്തമായ ചേരിതിരിവ് പാര്‍ട്ടിക്കുള്ളിലുണ്ടാവുന്നത് എംജിആര്‍ അസുഖം മൂലം യുഎസ്സില്‍ ചികിത്സയ്ക്കായി പോയപ്പോഴാണ്.

ജയയുടെ രാഷ്ട്രീയ വളര്‍ച്ച പെട്ടെന്നായിരുന്നു. പാര്‍ട്ടിയുടെ പ്രോപഗാണ്ട സെക്രട്ടറിയായ ജയയ്ക്ക് എംജിആര്‍ കൊണ്ടുവന്ന ഉച്ചഭക്ഷണ പരിപാടിയുടെ ചുമതലയും ലഭിച്ചു. തുടര്‍ന്ന് അവര്‍ രാജ്യസഭാംഗമായി.

എംജിആറിന്റെ മരണത്തിന് ശേഷം രാജ്യസഭാംഗമെന്ന സ്ഥാനം രാജിവെച്ച ജയ സംസ്ഥാന രാഷ്ട്രീയത്തിലേക്ക് തിരിച്ചുവന്നു. എഐഡിഎംകെയുടെ നേതൃസ്ഥാനം നോട്ടമിട്ടാണ് ജയ രാജ്യസഭാ എംപി സ്ഥാനം രാജിവെച്ചത്.

എന്നാല്‍ എംജിആറിന്റെ ഭാര്യ ജാനകി രാമചന്ദ്രന്‍ അദ്ദേഹത്തിന്റെ പിന്‍ഗാമി സ്ഥാനത്തിന് അവകാശവാദമുന്നയിച്ചതോടെ അത് പാര്‍ട്ടിക്കകത്തെ പിളര്‍പ്പിന്് തന്നെ കാരണമായി. 1989ല്‍ നടന്ന തിരഞ്ഞെടുപ്പില്‍ ഈ പിളര്‍പ്പ് മുതലെടുത്ത് ഡിഎംകെ അധികാരത്തിലെത്തുകയും ചെയ്തു.

എന്നാല്‍ ഡിഎംകെയുടെ ഭരണകാലത്തിനിടെ പാര്‍ട്ടിയെ തന്റെ മേധാശക്തിയ്ക്ക് കീഴിലാക്കാന്‍ ജയയ്ക്ക് കഴിഞ്ഞു. ജാനകി രാമചന്ദ്രന്‍ രാഷ്ട്രീയത്തില്‍ നിന്ന് പിന്മാറിയതോടെ ജയ തന്റെ നിലയുറപ്പിക്കുകയായിരുന്നു. 1991ലെ തിരഞ്ഞെടുപ്പില്‍ വന്‍ഭൂരിപക്ഷത്തോടെ ജയിച്ച ജയ ആദ്യമായി തമിഴ്നാട് മുഖ്യമന്ത്രിയായി.

എന്നാല്‍ അഴിമതി ആരോപണങ്ങളുടെ ഒരു പരമ്പരയാണ് ജയയുടെ ഭരണകാലത്തുണ്ടായത്. 1996ലെ തിരഞ്ഞെടുപ്പില്‍ ഇത് വ്യക്തമായി പ്രതിഫലിക്കുകയും ചെയ്തു. എഐഡിഎംകെയെ തൂത്തുവാരി അധികാരത്തിലെത്തിയ ഡിഎംകെയുടെ ഭരണകാലത്ത് അഴിമതി കേസുകളുടെ പേരില്‍ ജയ അറസ്റ് ചെയ്യപ്പെട്ടു. ജയയ്ക്കെതിരായ കേസുകള്‍ വിചാരണ ചെയ്യുന്നതിന് പ്രത്യേക കോടതി രൂപീകരിക്കുകയും ചെയ്തു.

2001ലെ തിരഞ്ഞെടുപ്പില്‍ ജയ മത്സരിക്കാനായി പത്രിക നല്‍കിയെങ്കിലും അഴിമതി കേസുകളില്‍ വിചാരണ നേരിടുന്ന അവര്‍ക്ക് മത്സരിക്കാന്‍ യോഗ്യതയില്ലെന്നാണ് തിരഞ്ഞെടുപ്പ് കമ്മിഷന്‍ വിധിച്ചത്. എങ്കിലും എഐഡിഎംകെ വന്‍ഭൂരിപക്ഷത്തോടെ അധികാരത്തിലെത്തുക തന്നെ ചെയ്തു.

ജനപ്രാതിനിധ്യ നിയമ പ്രകാരം തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ യോഗ്യത നിഷേധിക്കപ്പെട്ട ജയയെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യാന്‍ ഗവര്‍ണര്‍ ഫാത്തിമാ ബീവി ക്ഷണിച്ചത് നാല് മാസം നീണ്ടുനിന്ന നിയമയുദ്ധത്തിലേക്കാണ് നയിച്ചത്. മുഖ്യമന്ത്രിയായി തുടരാന്‍ ജയയ്ക്ക് യോഗ്യതയില്ലെന്ന് 2001 സെപ്തംബര്‍ 21-ാം തീയതി സുപ്രിം കോടതി വിധിച്ചതോടെ ജയയുടെ ഭരണം അവസാനിച്ചു. അന്നുതന്നെ ജയലളിത മുഖ്യമന്ത്രിസ്ഥാനം രാജി വച്ചു.

സംഭവബഹുമലമായിരുന്നു ഈ നാല് മാസങ്ങള്‍. മുന്‍ മുഖ്യമന്ത്രിയെ കരുണാനിധിയെയും രണ്ട് കേന്ദ്രമന്ത്രിമാരെയും അറസ്റ് ചെയ്ത് തന്റെ രാഷ്ട്രീയപക തീര്‍ത്ത ജയ വീണ്ടും തിരിച്ചുവരുമെന്ന ആത്മവിശ്വാസത്തിലാണ് സെപ്തംബറില്‍ രാജി വച്ചത്. തിരഞ്ഞെടുപ്പില്‍ മത്സരിക്കാനാവുമെന്ന പ്രതീക്ഷയോടെയാണ് അവര്‍ രാജിവെച്ചൊഴിഞ്ഞത്. ജയയുടെ രാഷ്ട്രീയജീവിതത്തിലെ നാടകീയത തുടരുകയാണ്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X