ഭക്തരോട് മാപ്പ് ചോദിക്കുന്നു; ആറ്റുകാല്‍ അമ്മയ്ക്ക് എന്നെ അറിയാം: വൈകാരിക പ്രതികരണവുമായി അന്ന രാജന്‍
ആറ്റുകാല്‍ പൊങ്കാല സമര്‍പ്പിച്ചതുമായി ബന്ധപ്പെട്ട് തനിക്ക് നേരെ സമൂഹ മാധ്യമങ്ങളില്‍ ഉയര്‍ന്ന വിവാദങ്ങളില്‍ വൈകാരിക പ്രതികരണവുമായി നടിയും ഉദ്ഘാടകയുമായ അന്ന രാജന്‍. പൊങ്കാല സമര്‍പ്പണത്തിന് എത്തിയ അന്ന രാജന്റെ വസ്ത്രധാരണത്തിനെതിരെ രൂക്ഷമായ വിമര്‍ശനമാണ് ഉയര്‍ന്നത്. ലക്ഷക്കണക്കിന് സ്ത്രീകള്‍ പങ്കെടുക്കുകയും പൊങ്കാല സമര്‍പ്പിക്കുകയും ചെയ്യുന്ന ഉത്സവത്തിന്റെ ഭാഗമായതില്‍ വലിയ സന്തോഷമുണ്ടെന്ന് അന്ന രാജന്‍ പ്രതികരിച്ചിരുന്നു. ഇതിനു പിന്നാലെയാണ് നടിക്കു നേരെ വലിയ സൈബര്‍ ആക്രമണം ഉണ്ടായത്.
ചില ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ അന്ന രാജന്റെ വസ്ത്രധാരണത്തെ മോശം ആംഗിളുകളിലൂടെ സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിച്ചിരുന്നു. ഇതിന് പിന്നാലെ താരത്തിന്റെ വസ്ത്രധാരണത്തെ വിമര്‍ശിച്ച് യൂട്യൂബേര്‍സ് അടക്കമുള്ളവര്‍ രംഗത്തെത്തിയിരുന്നു. ഒരു പവിത്രമായ ചടങ്ങിന് എത്തുമ്പോഴെങ്കിലും മാന്യമായി വസ്ത്രം ധരിച്ചുകൂടെ എന്നാണ് പലരും അന്ന രാജന്റെ വീഡിയോകള്‍ക്കു താഴെ കമന്റുകളിലൂടെ ചോദിച്ചത്. ഇത് ഉദ്ഘാടന ചടങ്ങല്ല, ആറ്റുകാലമ്മയുടെ പൊങ്കാല ആണെന്ന് ചിലര്‍ ഓര്‍മ്മിപ്പിക്കുന്നുണ്ട്. വ്യൂസ് വര്‍ധിപ്പിക്കാന്‍ വേണ്ടിയാണ് മനപ്പൂര്‍വ്വം മേനി പ്രദര്‍ശനം നടത്തുന്നുവെന്ന ആരോപണം വരെ അന്ന രാജന്‍ കേള്‍ക്കേണ്ടി വന്നു.

ഇന്‍സ്റ്റഗ്രാമിലൂടെയാണ് അന്നാ രാജന്‍ തന്റെ പ്രതികരണം അറിയിച്ചത്. വളരെ വൈകാരികമായിട്ടാണ് വിവാദങ്ങളോട് അന്നാ രാജന്‍ പ്രതികരിച്ചിരിക്കുന്നത്. കൂപ്പുകൈകളോടെയും കണ്ണീരോടെയും എന്നു പറഞ്ഞുകൊണ്ടാണ് ഇംഗ്ലീഷിലുള്ള കുറിപ്പ് ആരംഭിച്ചിരിക്കുന്നത്.
അന്നാ രാജന്റെ ഇന്‍സ്റ്റഗ്രാം കുറിപ്പ്: ആദ്യമായിട്ടാണ് താന്‍ ആറ്റുകാല്‍ അമ്മയുടെ പാദങ്ങളില്‍ പൊങ്കാല സമര്‍പ്പിച്ചത്. കടുത്ത ചൂടില്‍ പവിത്രമായ ഭക്തിയോടെയാണ് അവിടെ ഞാന്‍ നിന്നത്. ഹൃദയത്തില്‍ വിശ്വാസപൂര്‍വ്വം അമ്മയുടെ നാമം ജപിച്ചാണ് വിറകടുപ്പില്‍ പാകം ചെയ്തത്. ഈ പുണ്യ നിമിഷങ്ങള്‍ക്കിടയില്‍ എന്റെ ചില അനാവശ്യ വീഡിയോകളും ചിത്രങ്ങളും പകര്‍ത്തി സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചു. എന്റെ ചുറ്റുമുള്ള എല്ലാവരെയും ഞാന്‍ വിശ്വസിക്കുകയും ബഹുമാനിക്കുകയും ചെയ്തു. എന്നാല്‍ ആ ദിവസത്തെ പവിത്രത നശിപ്പിക്കുന്ന രീതിയില്‍ ചില വീഡിയോകള്‍ പ്രചരിപ്പിച്ചത് എന്നെ ശരിക്കും വേദനിപ്പിച്ചു.
എന്റെ സാരിയോ ഭാവങ്ങളോ അല്ലെങ്കില്‍ എന്നെക്കുറിച്ചുള്ള മറ്റെന്തെങ്കിലും കാര്യങ്ങളോ ഭക്തരുടെ വികാരത്തെ മനപ്പൂര്‍വം വ്രണപ്പെടുത്തിയിട്ടുണ്ടെങ്കില്‍ ഞാന്‍ ആത്മാര്‍ത്ഥമായി ക്ഷമ ചോദിക്കുന്നു. അങ്ങനെ യാതൊരു ഉദ്ദേശവും എനിക്ക് ഉണ്ടായിരുന്നില്ല.
ആറ്റുകാല്‍ അമ്മയ്ക്ക് എന്റെ ഹൃദയത്തെ അറിയാം. എന്റെ പുഞ്ചിരിക്ക് പിന്നിലെ കഷ്ടപ്പാടും ചൂടും പ്രാര്‍ത്ഥനകളും ആത്മാര്‍ത്ഥതയും അമ്മയ്ക്ക് അറിയാം. എനിക്ക് ആ സത്യം മതി. ഞാന്‍ എപ്പോഴും ആറ്റുകാല്‍ അമ്മയുടെ പാദങ്ങളില്‍ എല്ലാം സമര്‍പ്പിച്ചുകൊണ്ട് അമ്മയുടെ എളിയ ഭക്തയായി തുടരും' - ഇതായിരുന്നു അന്നയുടെ പ്രതികരണം. അന്നാ രാജന്റെ ഈ കുറിപ്പിന് അടിയിലും നിരവധി പേര്‍ വിമര്‍ശനവുമായി രംഗത്തെത്തിയിട്ടുണ്ട്.












Click it and Unblock the Notifications