കോണ്‍ഗ്രസിന് ഒരേ സ്വരം... രാഹുല്‍ തിരിച്ചുവരണം, ഉപദേശ റോളില്‍ ഒരാള്‍ മാത്രം, ഇത്തവണ വന്‍ മാറ്റം!!
ദില്ലി: കോണ്‍ഗ്രസ് അധ്യക്ഷനായി രാഹുല്‍ ഗാന്ധി തിരിച്ചെത്തുമെന്ന് ഏകദേശം ഉറപ്പായിരിക്കുകയാണ്. നേതാക്കള്‍ പരസ്യമായി തന്നെ ഇത് ഉന്നയിക്കാന്‍ തുടങ്ങിയിരിക്കുകയാണ്. ഏപ്രിലിലെ പ്ലീനറി യോഗത്തില്‍ അദ്ദേഹം അധ്യക്ഷനായി തിരിച്ചെത്തുമെന്നായിരുന്നു അഭ്യൂഹം. എന്നാല്‍ കോണ്‍ഗ്രസ് നേതാക്കള്‍ അക്ഷരാണ്. പാര്‍ലമെന്റില്‍ അടക്കം രാഹുല്‍ ഗാന്ധിയുടെ തിരിച്ചുവരവിനായി ഇവര്‍ സമ്മര്‍ദം ചെലുത്തുകയാണ്.
കോണ്‍ഗ്രസിലെ സീനിയര്‍ ഗ്യാംഗാണ് ഇതിന് മുന്‍കൈ എടുക്കുന്നത്. എത്രയും പെട്ടെന്ന് രാഹുല്‍ തിരിച്ചെത്തണമെന്ന് അജയ് മാക്കനും രണ്‍ദീപ് സുര്‍ജേവാലയും ആവശ്യപ്പെട്ടിരിക്കുകയാണ്. അതേസമയം കോണ്‍ഗ്രസിലെ ജൂനിയര്‍ നേതാക്കള്‍ മൗനം പാലിക്കുമ്പോഴാണ് സീനിയേഴ്‌സിന്റെ ഈ പടയൊരുക്കം. രാജ്യസഭാ തിരഞ്ഞെടുപ്പാണ് ഇതിന് പിന്നിലുള്ളതെന്നാണ് സൂചന. രാഹുല്‍ തിരിച്ചുവന്നാല്‍ നിര്‍ണായക സീറ്റുകളില്‍ ട്വിസ്റ്റും ഇവര്‍ പ്രതീക്ഷിക്കുന്നുണ്ട്.

മാക്കന്റെ ആവശ്യം
രാഹുല്‍ തിരിച്ചെത്തേണ്ട സമയം അതിക്രമിച്ചു എന്നാണ് അജയ് മാക്കന്‍ പറയുന്നത്. കോണ്‍ഗ്രസിലെ ഏറ്റവും സ്വീകാര്യനായ നേതാവാണ് അദ്ദേഹമെന്നാണ് മാക്കന്‍ പറയുന്നത്. പാര്‍ട്ടിയിലെ സീനിയേഴ്‌സ് യുവാക്കള്‍ക്ക് വഴിയൊരുക്കണമെന്നും മാക്കന്‍ ആവശ്യപ്പെട്ടു. ഇല്ലെങ്കില്‍ ജനങ്ങള്‍ പാര്‍ട്ടിയെ മാറ്റുമെന്നും അദ്ദേഹം വ്യക്തമാക്കി. സീനിയര്‍ വിഭാഗം നേതാക്കള്‍ക്കും യുവാക്കള്‍ക്കും ഒരുപോലെ സ്വീകാര്യനാണ് രാഹുല്‍. വേറൊരു നേതാവ് പകരമില്ലെന്നും മാക്കന്‍ വ്യക്തമാക്കി.

ലക്ഷ്യം രാജ്യസഭാ
കോണ്‍ഗ്രസിന് അധ്യക്ഷനില്ലാത്തത് കൊണ്ട് പലയിടത്തും രാജ്യസഭാ സീറ്റുകള്‍ നഷ്ടമാകുമെന്ന സൂചനയുണ്ട്. ഇതിനെ മറികടക്കണമെങ്കില്‍ രാഹുല്‍ അധ്യക്ഷ സ്ഥാനത്തുണ്ടാവണം. സോണിയാ ഗാന്ധി ചികിത്സയുമായി ബന്ധപ്പെട്ട് വിദേശത്തേക്ക് പോകുന്നത് കൊണ്ട് കോണ്‍ഗ്രസിന്റെ നേതൃത്വത്തിന് പല തീരുമാനങ്ങളും എടുക്കാനാവുന്നില്ല. ഗുജറാത്തില്‍ ജിഗ്നേഷ് മേവാനി, ഹര്‍ദിക് പട്ടേല്‍ സഖ്യത്തെ സജ്ജമാക്കാന്‍ അടക്കമുള്ള കാര്യങ്ങളാണ് രാഹുലിനുള്ള വെല്ലുവിളി. ഗുജറാത്ത് ഇഞ്ചോടിഞ്ച് പോരാട്ടം നടക്കുന്നത സംസ്ഥാനമാണ്. ഇവിടെ രാഹുലിന്റെ ഇടപെടല്‍ ഗുണം ചെയ്യും.

ഉപദേശ റോള്‍ വേണം
അജയ് മാക്കന്‍ രാഹുലിനെ പിന്തുണച്ചെങ്കിലും അദ്ദേഹത്തിന് ഉപദേശക റോള്‍ വേണമെന്ന ആവശ്യത്തിലാണ്. സോണിയാ ഗാന്ധിയുടെ ഉപദേശം രാഹുലിന് വേണമെന്നാണ് മാക്കന്‍ പറയുന്നത്. കോണ്‍ഗ്രസ് അധ്യക്ഷയായി സോണിയ തിളങ്ങിയതാണ്. പാര്‍ട്ടിയെ തിരിച്ചുകൊണ്ടുവന്നതും അവരാണ്. തിരഞ്ഞെടുപ്പ് എങ്ങനെ ജയിക്കണമെന്ന് അവര്‍ക്ക് നന്നായി അറിയാം. ദീര്‍ഘകാലം സോണിയ, രാഹുലിന്റെ ഉപദേശക റോളില്‍ ഉണ്ടാവണമെന്നാണ് മാക്കന്‍ ആവശ്യപ്പെടുന്നത്.

തിരിച്ചുവന്നാലുള്ള നേട്ടം...
2014ലെ തിരിച്ചടിക്ക് ശേഷം കോണ്‍ഗ്രസ് വളരെ കഷ്ടപ്പെട്ട നേടിയെടുത്ത വോട്ടുബാങ്കാണ് കര്‍ഷകര്‍. ഇതിന് കാരണം രാഹുലാണ്. കര്‍ഷക വായ്പാ നയവും താങ്ങുവില നിര്‍ണയവും, എംഎസ് സ്വാമിനാഥന്‍ കമ്മീഷന്‍ റിപ്പോര്‍ട്ടും കോണ്‍ഗ്രസ് നടപ്പാക്കുമെന്ന് രാഹുല്‍ ഉറപ്പുനല്‍കിയിരുന്നു. മധ്യപ്രദേശിലും ഛത്തീസ്ഗഡിലും അധികാരത്തില്‍ വന്ന ഉടനെ തന്നെ കര്‍ഷക വായ്പ എഴുതി തള്ളാനുള്ള ശ്രമവും തുടങ്ങി. രാഹുല്‍ സ്ഥാനമൊഴിഞ്ഞ ശേഷം കര്‍ഷകരും ദളിതരും മുസ്ലീങ്ങളും കോണ്‍ഗ്രസില്‍ നിന്ന് വിട്ട്‌നില്‍ക്കുകയാണ്. രാഹുല്‍ പ്രാചരണം നയിച്ചിരുന്നെങ്കില്‍ ഒരുപക്ഷേ ദില്ലിയില്‍ പോലും നേട്ടമുണ്ടാക്കാമായിരുന്നു. ഇത് തിരിച്ചറിഞ്ഞാണ് രാഹുലിന്റെ വരവിന് നേതാക്കള്‍ താല്‍പര്യപ്പെടുന്നത്.

ലോക്‌സഭയിലും ആവശ്യം
ലോക്‌സഭയിലും രാഹുല്‍ തിരിച്ചുവരണമെന്ന ആവശ്യം നേതാക്കള്‍ ഉന്നയിച്ചതാണ് കോണ്‍ഗ്രസ് നേതൃത്വത്തെ അമ്പരിപ്പിച്ചത്. സഭ പിരിഞ്ഞതിന് പിന്നാലെയാണ് നേതാക്കള്‍ രാഹുലിന് മുന്നില്‍ തടിച്ച് കൂടിയത്. മനീഷ് തിവാരിയും ശശി തരൂരും രാഹുലിന്റെ സീറ്റിനടുത്തെത്തിയാണ് ഇക്കാര്യം പറഞ്ഞത്. വളരെ വൈകാരികമായിട്ടുള്ള നീക്കമായിരുന്നു ഇത്. തിവാരിക്കൊപ്പം കേരള എംപി ഹൈബി ഈഡന്‍, ജ്യോതിമണി എന്നിവരുമുണ്ടായിരുന്നു. പത്തോളം എംപിമാരും ഇവര്‍ക്കൊപ്പം ചേര്‍ന്നു.

കോണ്‍ഗ്രസിന്റെ നീക്കങ്ങള്‍
രാഹുല്‍ സഭയില്‍ നേതാക്കളോട് തിരിച്ചുവരില്ലെന്നാണ് സൂചിപ്പിച്ചത്. പക്ഷേ ബീഹാറില്‍ ആര്‍ജെഡി സഖ്യം അധികാരം പിടിച്ചാല്‍ രാഹുല്‍ എല്ലാ ശക്തിയോടെയും തിരിച്ചുവരും. അതിനായി എല്ലാ നീക്കങ്ങളും കോണ്‍ഗ്രസ് നടത്തുന്നുണ്ട്. മറ്റൊന്ന് അടുത്ത രണ്ട് വര്‍ഷത്തിനുള്ളിലെ മാസ്റ്റര്‍ പ്ലാനുകളാണ്. രണ്‍ദീപ് സുര്‍ജേവാലയും ഇതേ ആവശ്യം ഉന്നയിച്ചിട്ടുണ്ട്. കോണ്‍ഗ്രസില്‍ മാറ്റം വേണമെന്നും, തിരഞ്ഞെടുപ്പ് നടത്തണമെന്നും ഇവര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം രാഹുല്‍ തിരിച്ചുവരണമെന്നും, ബിജെപിയില്‍ പണ്ട് വാജ്‌പേയിയും അദ്വാനിയും നിരന്തരം തോറ്റപ്പോഴൊക്കെ അവര്‍ നേതാക്കളെ പുറത്താക്കിയിട്ടില്ലെന്ന് ഓര്‍ക്കണമെന്നും സുര്‍ജേവാല പറഞ്ഞു.












Click it and Unblock the Notifications