പ്രഥമ യേശുദാസ് പുരസ്കാരം ജയചന്ദ്രന്
തിരുവനന്തപുരം: പ്രഥമ യേശുദാസ് പുരസ്കാരം ഗായകന്‍ ജയചന്ദ്രന് .സ്വരലയയും കൈരളി ടിവിയും ചേര്‍ന്ന് ഏര്‍പ്പെടുത്തിയതാണ് ഒരു ലക്ഷം രൂപയും ശില്പവും പ്രശസ്തിപത്രവും അടങ്ങുന്ന യേശുദാസ് പുരസ്കാരം.
മലയാള ചലച്ചിത്ര സംഗീതത്തിന് ജയചന്ദ്രന്‍ നല്കിയ സമഗ്ര സംഭാവനകള്‍ പരിഗണിച്ചാണ് അവാര്‍ഡ് നല്കുന്നതെന്ന് അവാര്‍ഡ് നിര്‍ണ്ണയ സമിതി ചെയര്‍മാന്‍ പ്രഫ.ഒ.എന്‍.വി. കുറുപ്പ് പത്രസമ്മേളനത്തില്‍ അറിയിച്ചു.
മലയാള സിനിമയിലെ ആദ്യ ഗായകരില്‍ പ്രമുഖനായ കെ.പി.ഉദയഭാനുവിന് സ്പെഷ്യല്‍ ജൂറി അവാര്‍ഡ് നല്കാനും തീരുമാനിച്ചിട്ടുണ്ട്.അരലക്ഷം രൂപയും ശില്പവും പ്രശസ്തി പത്രവുമടങ്ങിയതാണ് അവാര്‍ഡ്.
കേരള സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ.ബി.ഇക്ബാല്‍ ,സ്വാതി തിരുനാള്‍ സംഗീത കോളേജ് മുന്‍ പ്രിന്‍സിപ്പല്‍ പ്രഫ.എസ്.രുഗ്മിണി,സ്വരലയ കേരള ചാപ്റ്റര്‍ ചെയര്‍മാന്‍ ജി.രാജ്മോഹന്‍ ,കലാകൗമുദി എഡിറ്റര്‍ എന്‍.ആര്‍.എസ്.ബാബു എന്നിവരടങ്ങുന്നതായിരുന്നു ജഡ്ജിംഗ് കമ്മിറ്റി .ഗാലപ് പോളിന്റെ ഫലം കൂടി പരിഗണിച്ചാണ് അവാര്‍ഡ്.
ജനവരി നാലിന് വ്യാഴാഴ്ച നിശാഗന്ധി ഓഡിറ്റോറിയത്തില്‍ നടക്കുന്ന ഗന്ധര്‍വസന്ധ്യയില്‍ ജയചന്ദ്രന് യേശുദാസ് അവാര്‍ഡ് സമ്മാനിക്കും.യേശുദാസിന്റേതില്‍ നിന്ന് വ്യത്യസ്തമായ ശബ്ദവും ശൈലിയും ഭാവദീപ്തിയും ആണ് ജയചന്ദ്രനെ ശ്രദ്ധേയനാക്കുന്നതെന്ന് ഒ.എന്‍.വി.കുറുപ്പ് ചൂണ്ടിക്കാട്ടി.
ഗാലപ് പോളില്‍ ജയചന്ദ്രന്റെ പേര് നിര്‍ദ്ദേശിച്ചവരില്‍ കൊല്ലം നെടുമങ്ങാവ് വിളയില്‍ പുത്തന്‍ വീട്ടില്‍ ഗിരിജാകുമാരിയ്ക്കാണ് ദുബായില്‍ പോയി വരുന്നതിനുള്ള സൗജന്യ വിമാനടിക്കറ്റിനുള്ള ഭാഗ്യം ലഭിച്ചത്.നറുക്കെടുപ്പിലൂടെയാണ് ഗിരിജാകുമാരിയെ തിരഞ്ഞെടുത്തത്.
പാലിയത്തച്ചന്‍മാരുടെ കുടുംബത്തില്‍ ജനിച്ച ജയചന്ദ്രന്‍ മൃദംഗവും ചെണ്ടയും സംഗീതവും ചെറുപ്രായം മുതലേ അഭ്യസിച്ചിരുന്നു. പി.ഭാസ്കരന്‍ എഴുതി ദേവരാജന്‍മാസ്റര്‍ സംഗീതം ചെയ്ത മഞ്ഞലയില്‍ മുങ്ങിത്തോര്‍ത്തി എന്ന കളിത്തോഴനിലെ ഗാനത്തിലൂടെയാണ് സിനിമാരംഗത്തെത്തിയത്.1976 ലായിരുന്നു ഈ ഗാനം പുറത്തുവന്നത്.1972-ല്‍ പണിതീരാത്ത വീടി ലെ സുപ്രഭാതം എന്ന ഗാനത്തിനും 1988-ല്‍ എം.ബി. ശ്രീനിവാസന്റെ രാഗം ശ്രീരാഗം എന്ന ഗാനത്തിനും സംസ്ഥാന സര്‍ക്കാരിന്റെ അവാര്‍ഡ് ലഭിച്ചു.
ശ്രീനാരായണഗുരു വെന്ന ചിത്രത്തിലെ ശിവശങ്കരസര്‍വശരണ്യവിഭോ എന്ന ഗാനത്തിനും നഖക്ഷതങ്ങളിലെ കേവല മര്‍ത്ത്യഭാഷ കേള്‍ക്കാത്ത എന്ന ഗാനത്തിനും ദേശീയ പുരസ്കാരം ലഭിച്ചു.












Click it and Unblock the Notifications