'കലിയാ... കലിയാ.. കൂയ്': കാർഷിക സംസ്കൃതിയുടെ ഓർമ്മപുതുക്കി, കലിയനെ വരവേറ്റ് നാട്ടിന്‍പുറങ്ങള്‍
'കലിയാ... കലിയാ.. കൂയ്, ചക്കേം മാങ്ങേം കൊണ്ടത്താ..' ഞങ്ങള്‍ കുട്ടികളെല്ലാം ആർത്തുവിളിച്ചുകൊണ്ട് വൈകുന്നേരം ആ ആള്‍ക്കൂട്ടത്തിനൊപ്പം നടന്ന് നീങ്ങുകയാണ്.. സാധാരണയില്‍ നിന്നും അല്‍പം വേഗത്തിലാണ് നടത്തം. ഉണങ്ങിയ വാഴയിലകൊണ്ടും കുരുത്തോലകള്‍കൊണ്ടും അലങ്കരിച്ച പ്രത്യേക വേഷം ധരിച്ച ഒരാള്‍ മുന്നിലുണ്ട്.. വാഴപ്പോളകൊണ്ട് ഉണ്ടാക്കിയ പ്രത്യേക ഒരു കൂടും മുന്‍നിരയിലുള്ളവരുടെ കയ്യിലുണ്ട്..
കൂടെയുള്ള മുതിർന്നവരില്‍ ചിലരെല്ലാം ഇരുട്ട് വീണിട്ടില്ലാത്ത ആ വൈകുന്നേരവും ചൂട്ട് കത്തിച്ച് പിടിച്ചാണ് നടക്കുന്നത്. വേറെ എന്തൊക്കെയോ കാര്യങ്ങളും മുതിർന്നവർ പറയുന്നുണ്ടെങ്കില്‍ ഞങ്ങള്‍ കുട്ടികള്‍ക്ക് മനസ്സിലായത് 'കലിയാ... കലിയാ.. കൂയ്, ചക്കേം മാങ്ങേം കൊണ്ടത്താ..' എന്നത് മാത്രമാണ്.. വീണ്ടും വീണ്ടും ഞങ്ങള്‍ ഉറക്കെ വിളിച്ചുകൊണ്ടിരുന്നു 'കലിയാ... കലിയാ.. കൂയ്, ചക്കേം മാങ്ങേം കൊണ്ടത്താ..'

കൊയിലാണ്ടി മന്ദമംഗലം പ്രദേശത്ത് നടന്ന കലിയനെ വരവേല്‍ക്കല്‍
ഒന്ന് രണ്ട് വർഷങ്ങളിലും മഴ തങ്ങി നില്‍ക്കുന്ന വൈകുന്നേരങ്ങളില്‍ ഈ പരിപാടികളില്‍ നടന്നു, ഞാനും പങ്കുചേർന്നു. ചക്ക പുഴുക്കും അച്ചാറുമൊക്കെ കഴിച്ച് വീട്ടിലേക്ക് എത്തി. പിന്നീട് എപ്പോഴോ നാട്ടില്‍ നിന്നും ആ പരിപാടി കാണാതായി, അതിനെക്കുറിച്ച് ശ്രദ്ധിക്കാതുമായി. എന്നാല്‍ അടുത്ത കാലത്താണ് വീണ്ടും പഴയ ആവേശത്തോടെ കലിയാ... കലിയാ വിളി നാട്ടിന്‍ പുറങ്ങളില്‍ നിന്നും ഉയർന്ന് കേട്ട് തുടങ്ങിയത്.
കലിയനെ വരവേല്‍ക്കല്‍
കോഴിക്കോട് ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ ഇത്തവണയും വലിയ ആഘോഷപൂർവ്വം തന്നെ കലിയനെ വരവേല്‍ക്കല്‍ നടന്നു. കേരളത്തിന്റെ ഗ്രാമീണ സംസ്കൃതിയുമായി ചേർന്ന് നില്‍ക്കുന്ന ഒരു ചടങ്ങാണ് കലിയനെ വരവേല്‍ക്കല്‍. പഞ്ഞമാസമായ കർക്കിടത്തിലെ ദുരിതങ്ങളും ദാരിദ്രവും ഒഴിവാക്കി കാര്‍ഷികസമൃദ്ധിക്കും ഐശ്വരത്തിനും വേണ്ടിയാണ് കലിയനെ വരവേല്‍ക്കുന്നത്.

ആരാണ് കലിയന്‍?
ആരാണ് കലിയന്‍ എന്നതിന് വ്യക്തമായ ഉത്തരം പലർക്കുമില്ല. എങ്കിലും കലിയൻ എന്നത് ശിവന്റെ ഒരു രൂപം മാറലാണ് എന്നു പറഞ്ഞു കേൾക്കുന്നുവെന്നാണ് കലിയന് കൊടുക്കല്‍ ചടങ്ങ് സംഘടിപ്പിക്കാറുള്ള രമേഷ് ബാബു ചെറിയമങ്ങാട് പറയുന്നത്. മിഥുനത്തിലെ അവസാനം ദിവസം വൈകീട്ടോടെയാണ് കലിയനെ വരവേക്കല്‍ ചടങ്ങ് നടത്തുന്നത്.തെക്കന്‍ കേരളത്തിലെ ശീവോതിക്ക് കൊടുക്കല്‍ ചടങ്ങിനോടും ഇതിന് സാമ്യമുള്ളതായി പറയപ്പെടുന്നു.
വാഴത്തടയും കണയും ഉപയോഗിച്ച് പ്രത്യേക കൂട് ഉണ്ടാക്കി അതില്‍ അതില്‍ ഏണി, കോണി, നുകം, കലപ്പ എന്നിവ ഉണ്ടാക്കിവെക്കും. പ്ളാവിലകൊണ്ട് ഉണ്ടാക്കുന്ന പശുക്കള്‍ക്കും കൂട്ടില്‍ സ്ഥാനമുണ്ടാകും. പഴുത്ത പ്ലാവിലകള്‍ മാത്രമാണ് പശുക്കളെ ഉണ്ടാക്കാനായി ഉപയോഗിക്കുക. അന്നേ ദിവസം വീട്ടില്‍ ഉണ്ടാക്കി വെക്കുന്ന ഭക്ഷണങ്ങളില്‍ ഒരു വിഹിതം ആദ്യം തന്നെ കലിയന് വേണ്ടി മാറ്റിവെക്കും. നാട്ടിന്‍ പുറത്ത് ഒരു കാലത്ത് സുലഭമായി ലഭിച്ചിരുന്ന ഔഷധ ഗുണമേറിയ ഈന്ത് ഇതില്‍ പ്രധാനപ്പെട്ട ഒരു വസ്തുവാണ്.

മേപ്പയ്യൂർ വിളയാട്ടൂർ പ്രദേശത്തെ നാട്ടുകാർ കലിയനെ വരവേല്‍ക്കുന്നു
ചക്കപ്പുഴുക്ക്, കിഴങ്ങ് വർഗ്ഗങ്ങള്‍, ധാന്യങ്ങള്‍ എന്നിവയും കലിയന് സമർപ്പിക്കും. സന്ധ്യയോടെ വൻപയർ,ശർക്കര, ഏലക്കായ,തേങ്ങ എന്നിവയൊക്കെ ചേർത്ത് ഉണ്ടാക്കിയ ഭക്ഷണം കൂടുമൊക്കെ വീട്ടുവളപ്പിലെ പ്ലാവിന് മുന്നില്‍ കൊണ്ടുപോയി വെക്കും. കത്തിച്ച ചൂട്ടും പ്ലാവില്‍ കുത്തിവെക്കും. ശേഷം പ്ലാവ് നിറച്ച് കായ്ക്കാന്‍ പ്ലാവില്‍ ചരല് വാരി എറിയും. അപ്പോഴൊക്കെ എല്ലാവരും കലിയാ... കലിയാ.. കൂയ്, ചക്കേം മാങ്ങേം കൊണ്ടത്താ എന്ന് വിളിച്ച് പറയുന്നുണ്ടാകും.
വീട്ടിലേക്ക് മടങ്ങുമ്പോള്‍ വെളിച്ചേമ്പും കൂവയും മറ്റും മൂടോടെ പറിച്ച് ഒലപുരപ്പുറത്തേക്കെറിയും. വീട്ടിലും ഫലസമൃദ്ധിയുണ്ടാകാന്‍ വേണ്ടിയാണ് ഇങ്ങനെ ചെയ്യുന്നത്. ഓരോ നാട്ടിലേയും ചടങ്ങുകള്‍ക്ക് വ്യത്യാസമുണ്ട്.

നടുവത്തൂർ മഠത്തിന്‍ ഭാഗത്തെ നാട്ടുകാർ കലിയനെ വരവേല്‍ക്കുന്നു
കാർഷിക സംസ്കൃതിയുടെ ഓർമ്മപുതുക്കല്‍
കൈവിട്ട കാർഷിക സംസ്കൃതിയെ തിരിച്ച് പിടിക്കുകയെന്ന ലക്ഷ്യത്തോടെ ഇപ്പോള്‍ കൂടുതല്‍ ജനകീയമായിട്ടാണ് പല പ്രദേശങ്ങളിലും കലിയനെ വരവേല്‍ക്കല്‍ ചടങ്ങ് നടക്കുന്നത്. ഒരു വീട് മാത്രം കേന്ദ്രീകരിച്ച് നടക്കാതെ കലിയന്റെ രൂപം കെട്ടി ആളുകള്‍ ഗ്രാമത്തിലെ എല്ലാ വീടും കയറി ഇറങ്ങി ചടങ്ങ് നടത്തുന്നു.
കലിയന് പ്രത്യേക രൂപം ഇല്ലാത്തതിനാല്‍ ഏത് രൂപവും കെട്ടാമെന്നാണ് കൊയിലാണ്ടി മന്ദമംഗലം പ്രദേശത്ത് കലിയനെ വരവേക്കല്‍ ചടങ്ങ് സംഘടിപ്പിച്ച എപി സുധീഷ് വ്യക്തമാക്കുന്നത്. "സ്ത്രീകള്‍ അടക്കം മുന്നൂറിലേറെപ്പേർ പങ്കെടുത്ത ഘോഷയാത്രയായിട്ടാണ് ഞങ്ങള്‍ പരിപാടി സംഘടിപ്പിച്ചത്. എല്ലാവരും ചൂട്ടൊക്കെ കത്തിച്ച്, കലിയനെ വിളിച്ചുകൊണ്ട് ഘോഷയാത്രയായി നടന്നു. തലേദിവസം തന്നെ ചക്കകള്‍ ശേഖരിച്ച് വെക്കുന്നു. പരിപാടിയുടെ ദിവസം എല്ലാവർക്കും ഈ ചക്ക പുഴുങ്ങിയതും ശർക്കര ചേർത്ത കാപ്പിയും ചുട്ടപപ്പടവും നല്‍കി" മുന്‍ നഗരസഭ കൗണ്‍സിലർ കൂടിയായ എപി സുധീഷ് വണ്‍ഇന്ത്യ മലയാളത്തോട് പറഞ്ഞു.
'പഴയ കാർഷിക സംസ്കൃതിയെ പുതിയ തലമുറക്ക് പരിചയപ്പെടുത്തുകയെന്ന ലക്ഷ്യത്തോടുകൂടിയാണ് ഞങ്ങള്‍ കലിയനെ വരവേക്കല്‍ ചടങ്ങ് സംഘടിപ്പിച്ചത്. എല്ലാ വിഭാഗം ആളുകളും ഈ ചടങ്ങിന്റെ ഭാഗമായിരുന്നു. ഏതെങ്കിലും വിശ്വാസപരമായ ചടങ്ങ് എന്നതില്‍ ഉപരി നാട്ടിന്‍പുറത്തെ് നിലനിന്നിരുന്ന പഴയ സംസ്കാരത്തിന്റെ ഓർമ്മ പുതുക്കലാണ് കലിയനെ വരവേക്കല്‍'- എപി സുധീഷ് കൂട്ടിച്ചേർത്തു.












Click it and Unblock the Notifications