എടുത്തോണ്ട് പോടാ.. കാർ കാണാന്‍ മോഹിച്ച അഖില്‍ മാരാറെ കശുവണ്ടി കള്ളനാക്കിയ കഥ: വൈറലായി കുറിപ്പ്
മലയാളം ബിഗ് ബോസ് ഷോയിലേക്ക് സിനിമ സംവിധാന രംഗത്ത് നിന്നും ആദ്യമായി എത്തുന്ന വ്യക്തിയാണ് അഖില്‍ മാരാർ. ആദ്യ ദിവസങ്ങളില്‍ തന്നെ തന്റെ മത്സര രീതികള്‍ എന്തായിരിക്കുമെന്ന ഒരു ധാരണ പ്രേക്ഷകന് നല്‍കാന്‍ അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്. ഇത് അദ്ദേഹത്തിന് വലിയ തോതില്‍ വിമർശകരേയും സമ്പാദിച്ചു. എന്നാല്‍ അദ്ദേഹത്തിന് വേണ്ടി വാദിക്കുന്ന വലിയൊരു വിഭാഗം ആളുകളും പുറത്തുണ്ട്.
അത്തരങ്ങില്‍ അദ്ദേഹത്തെ അനുകൂലിക്കുന്ന 'അഖിൽ മാരാരുടെ ജീവിതത്തിലൂടെ..' എന്ന തലക്കെട്ടോടെയുള്ള കുറിപ്പാണ് ഇപ്പോള്‍ വൈറലായി മാറിക്കൊണ്ടിരിക്കുന്നത്. അഖില്‍ മാരാരുടെ ജീവിതവും അദ്ദേഹം നേരിട്ട പ്രതിസന്ധികളൊക്കെയുമായി കുറിപ്പില്‍ പറയുന്നത്. സോഷ്യല്‍ മീഡിയയിലെ ഒരു ബിഗ്ബോസ് ഗ്രൂപ്പില്‍ വന്ന കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ.. അഖില്‍ മാരാർ എഴുതുന്ന തരത്തിലുള്ളതാണ് ഈ കുറിപ്പ്.

അഖിൽ മാരാരുടെ ജീവിതത്തിലൂടെ..
ജീവിതം പൂർണമായും അവസാനിക്കാൻ പോകുന്നു എന്ന അവസ്‌ഥയിൽ നിന്നും സ്വപ്നം കണ്ടിരുന്നതെല്ലാം ഒരിക്കലും നടക്കില്ല എന്ന യാഥാർഥ്യത്തിൽ നിന്നും ഓടി കയറി വന്നവൻ. ക്ളീഷേ ആയി തോന്നുന്നവർക്ക് അവഗണിക്കാം..
10 ക്‌ളാസ് വരെ സ്വന്തമായി വീടില്ലായിരുന്നു..പല ഇടങ്ങളിൽ ആയി ഏഴിലധികം വാടക വീട്ടിൽ താമസിച്ച എനിക്ക് മാമന്റെ മരണമാണ് സ്വന്തമായി ഒരു വീട് ലഭിക്കാൻ കാരണമാകുന്നത്. മാമന്റെ ഓഹരി അമ്മയ്ക്ക് ലഭിച്ചതാണ് കാരണം. കുട്ടിക്കാലം മുതൽ നേരിട്ട അവഗണന ആയിരുന്നു എന്നിൽ ഒരു തീ സൃഷ്ടിച്ചത്. അമ്മയറിയാതെ ആകെ ചെയ്തിരുന്നത് ക്രിക്കറ്റ് കളിക്കാൻ പോകുന്നതും ക്രിക്കറ്റ് മത്സരങ്ങൾ കാണാൻ പോകുന്നതുമായിരുന്നു..
സ്വന്തമായി ഒരു ടിവ യൊക്കെ സ്വപ്നമായിരുന്ന അക്കാലത്തു ആരെയെങ്കിലും വീടിന്റെ ജനലിലൂടെ കളി കണ്ട് നിൽക്കും. ഒരിക്കൽ ഒരു വീട്ടിൽ കളി കണ്ട് നിൽക്കുമ്പോൾ ഒരു വലിയ കാർ അവിടെ വന്ന് നിന്നു. അംബാസിഡർ മാത്രം കണ്ട് ശീലിച്ച എന്റെ മുന്നിൽ ഒരു ഒരു സൂപ്പർ കാർ വന്ന് കിടക്കുന്നു. Maruthi Esteem ആണ്. വന്ന ആൾ വെളിയിൽ നിന്ന എന്നെ രൂക്ഷമായി ഒന്ന് നോക്കിയിട്ട് അകത്തേക്ക് കയറി..

കൂട്ടിക്കാലത്തെ അനുഭവം
സ്‌കൂൾ യൂണിഫോമിൽ കളി കണ്ട് നിന്നതാവാം അയാളുടെ നോട്ടത്തിന്റെ രൂക്ഷതയ്ക്ക് കാരണം എന്നെനിക്ക് തോന്നി. കളി കണ്ട് നിന്ന എന്റെ ശ്രദ്ധ കാറിലായി ഞാൻ പതിയെ കാറിൻറെ അടുത്തു ചെന്ന് നിന്ന് വണ്ടിയിൽ കുറച്ചു സമയം നോക്കി. തുറന്ന് നോക്കി അകമോന്ന് കണ്ടാലോ..മനസ് കൊതിച്ചു.. തുറക്കാൻ ആയി ഡോറിൽ ഒന്ന് പിടിച്ചതും പിടലിക്ക് ശക്തമായ ഒരടി. അടി കൊണ്ട് തിരിഞ്ഞ എന്നെ പിടിച്ചു വലിച്ചു അയാൾ വെളിയിൽ ആക്കി..
ഇത് കണ്ടിറങ്ങി വന്ന വീട്ടുകാരനെ നോക്കി അയാളുടെ വക ഒരുപദേശവും ഇവനെ പോലുള്ളവന്മാരെ ഒന്നും വീടിന്റെ പരിസരത്തു കയറ്റരുത്.. കാണാൻ അല്ല ഓരോന്ന് മോഷ്ടിക്കാൻ കയരുന്നതാ..? കരഞ്ഞു കൊണ്ട് നിന്ന എനിക്ക് ജനലിനു താഴെ വെച്ച എന്റെ ബാഗ് എടുക്കണം എന്നുണ്ടായിരുന്നു..ഞാൻ അയാളോട് ബാഗ് എന്ന് പറഞ്ഞു.. അപ്പോഴാണ് എന്റെ ബാഗ് ജനലിനു പുറത്തിരിക്കുന്നത് അയാൾ കണ്ടത്.. ബാഗ് എടുത്തു ഉയർത്തിയ ശേഷം "അയാൾ എന്തേലും പറക്കി ഇതിൽ ഇട്ടിട്ടുണ്ടോടാ.."
അതും പറഞ്ഞു അയാൾ സിംപ് തുറന്ന് ബാഗ് തലകീഴായി കുലുക്കി. പുസ്തകത്തിനും ഉച്ചയൂണിനും ഒപ്പം ബാഗിൽ പെറക്കി ഇട്ട കുറച്ചു കശുവണ്ടി താഴെ വീണു. താഴെ വീണ കശുവണ്ടി നോക്കി താൻ പറഞ്ഞത് എത്ര ശെരിയെന്ന മട്ടിൽ അയാൾ വീട്ടുകാരനെ നോക്കി പറഞ്ഞു. കണ്ടോ..സ്‌കൂളിൽ പോകും എന്ന് പറഞ്ഞു ഇറങ്ങി ഓരോ വീട്ടിൽ കയറി ഇത് പോലെ ഓരോന്ന് പറക്കി നടക്കും. പത്തു വീട്ടിൽ നിന്ന് പത്തെണ്ണം കിട്ടിയാൽ പോരെ..? എടുത്തോണ്ട് പോടാ..അയാൾ ഒന്നലറി..

ആദ്യമായി ഒരു തിരക്കഥ എഴുതി
കരഞ്ഞു കൊണ്ട് പുസ്തകവും ചോറും ,വഴിയിൽ നിന്ന് പെറുക്കി ബാഗിൽ ഇട്ട കശുവണ്ടിയും എടുത്തു ബാഗിൽ ഇടുമ്പോൾ മനസിൽ ആഗ്രഹിച്ചതാ.. വലുതാവുമ്പോൾ വില കൂടിയ ഒരു കാർ വാങ്ങണം.. പിന്നീട് പലവിധ പ്രശ്നങ്ങളിലൂടെ ജീവിതം മുന്നോട്ട് പോയി.. ജീവിതത്തിൽ എന്തെങ്കിലും ആകണം എന്ന വാശിയിൽ തോന്നിയ ചിന്ത ആണ് സിനിമയ്ക്ക് തിരക്കഥ എഴുതണം എന്നത്. ആദ്യമായി ഒരു തിരക്കഥ എഴുതി കൂട്ടുകാർക്ക് മുന്നിൽ വായിച്ചപ്പോൾ മുതൽ കേട്ട് തുടങ്ങിയ പരിഹാസം ആണ് എന്നിൽ വാശി കൂട്ടിയത്..
പിന്നീട് കുറച്ചു വർഷങ്ങൾ കഴിഞ്ഞപ്പോൾ എനിക്ക് എഴുതാൻ കഴിയും എന്ന് ബോധ്യപ്പെട്ട സുഹൃത്തുക്കളിൽ ചിലർ പറഞ്ഞു..
നി എഴുതിക്കോ സംവിധാനം നിനക്ക് പറ്റിയ പണിയല്ല..
അന്ന് തീരുമാനിച്ചു സംവിധായകനും ആവണം.. പിന്നീട് പലവിധ ജീവിത സാഹചര്യങ്ങൾ തരണം ചെയ്തു മുന്നോട്ട് പോകുമ്പോൾ 2018 അവസാനത്തോടെ ഷെയർ മാർക്കറ്റിലും അല്ലാതെ ചെയ്ത ബിസിനെസ്സിലും വലിയ നഷ്ടങ്ങൾ സംഭവിച്ചു ..
രാഷ്ട്രീയം ഉപേക്ഷിച്ചതോടെ സമൂഹത്തിന് എന്റെ ആവശ്യം ഇല്ലാതായി..
കൈയിൽ അഞ്ചു പൈസ ഇല്ലാത്തത് കൊണ്ടും ജീവിതം കൊണ്ട് കളഞ്ഞവൻ എന്ന പേരുദോഷം കൊണ്ടും പണ്ടേ അച്ഛനും അമ്മയ്ക്കും എന്നെ കൊണ്ട് യാതൊരു ഗുണവുമില്ലായിരുന്നു. പിന്നെ ഭാര്യ ,മക്കൾ..പൂർണമായും അവർ അവരുടെ വീട്ടുകാരുടെ ചിലവിൽ ജീവിക്കുന്നു. ചുരുക്കത്തിൽ ഞാൻ ജീവിച്ചിരുന്നത് കൊണ്ട് ആർക്കും ഒരു ഗുണമില്ലാത്ത അവസ്‌ഥ. എന്റെ കാഴ്ചപ്പാടിൽ ഒരു മനുഷ്യൻ ജീവിച്ചിരിക്കുന്നത് കൊണ്ട് അയാൾക്കെങ്കിലും ഗുണം ഉണ്ടാവണം. അല്ലെങ്കിൽ ആർക്കെങ്കിലും ഒരു സന്തോഷം ഉണ്ടാവണം..
അഹങ്കാരിയും ആരും പറഞ്ഞാൽ കേൾക്കാത്തവനും നിഷേധിയുമായ ഞാൻ നശിച്ചു കാണണം എന്ന് ആഗ്രഹിക്കുന്ന ഒരു സമൂഹവും.. ഇങ്ങനൊരു മോൻ ജനിച്ചിട്ടില്ല എന്ന് ഞാൻ കരുതികൊള്ളാം എന്ന് മുഖത്തു നോക്കി പറഞ്ഞ അമ്മയും. ഒരു കാലത്തും നീ ഗുണം പിടിക്കില്ല എന്ന് ശപിച്ച അച്ഛനും. ഇവിടെ നിന്ന് എവിടെങ്കിലും അങ്ങു ഇറങ്ങി പോയി തരാമോ എന്ന് ഭാര്യയും..ജീവിതം ആകെ മടുത്ത അവസ്‌ഥ ..
ലക്ഷ്യങ്ങൾ നേടി എടുക്കാൻ
ലക്ഷ്യങ്ങൾ നേടി എടുക്കാൻ പരമാവധി ഞാൻ ശ്രമിച്ചു എന്നതാണ് എല്ലാവരെയും വെറുപ്പിക്കാൻ ഉള്ള കാരണമായത്. അപ്പോഴും ഞാൻ ചിന്തിച്ചത്. ഒരിക്കൽ പരിഹസിച്ചവർക്ക് മുന്നിൽ അച്ഛനും അമ്മയ്ക്കും അഭിമാനം ഉണ്ടാവണം. എന്റെ മക്കൾക്ക് ഭാവിയിൽ ലഭിക്കുന്ന ഏറ്റവും വലിയ സ്വത്തു അവരുടെ അച്ഛൻ ആവണം.. എന്റെ നാട്ടുകാർക്ക് മറ്റുള്ളവർക്കിടയിൽ കൂടുതൽ അഭിമാനം ഉണ്ടാവണം..അവർ എന്റെ പേര് പറഞ്ഞു അഭിമാനിക്കണം..
പക്ഷെ ഞാൻ ഈ ചിന്തിച്ചതോന്നും ആരും ചിന്തിച്ചില്ല. അവർക്കെല്ലാം നാളെയെ കുറിച്ചുള്ള ചിന്ത ഇല്ലായിരുന്നു. എന്നാൽ എന്റെ ഉള്ളിലെ സത്യം പ്രകൃതി തിരിച്ചറിഞ്ഞു. പൂർണമായും ഇരുട്ട് വീണ ജീവിതത്തിൽ വെളിച്ചം വീശി എന്റെ പ്രിയപ്പെട്ട സുഹൃത്തുക്കൾ ശ്രീഹരി,ഹരീഷ്, അനീഷ് അമ്പാടി, പ്രവീണ്, ശങ്കർ എന്നിവർ മാനസികമായും സാമ്പത്തികമായും കരുത്തു നൽകി.
ഉള്ളിലെ ലക്ഷ്യം സത്യമായത് കൊണ്ട് ദൈവം യോഹന്നാൻ സാറിന്റെ രൂപത്തിൽ എനിക്ക് മുന്നിൽ അവതരിച്ചു. എന്നാൽ ലോക് ഡൗണ് എൻറെ പ്രതീക്ഷകൾ തകർത്തു. കൊച്ചിയിൽ നിന്നും ഞാൻ നാട്ടിലേക്ക്. എത്രയൊക്കെ ശപിച്ചാലും മക്കളെ തള്ളി പറയാൻ അമ്മയ്ക്കും അച്ഛനും കഴിയിലല്ലോ. ഞാൻ സ്വന്തം വീട്ടിലേക്ക് വിട്ടു.

ബാത്റൂമിനോട് ചേർന്ന് ഒരു ഷെഡ്
എന്നാൽ അനിയനും കുടുംബവും അവിടെ താമസിക്കുന്നത് കൊണ്ട് വീടിന് വെളിയിൽ പുറത്തെ ബാത്റൂമിനോട് ചേർന്ന് ഒരു ഷെഡ് അടിച്ചു അതിൽ താമസം തുടങ്ങി. 6 മാസം ഈ ഷെഡിൽ ആയിരുന്നു താമസിച്ചത്. പിന്നീട് സിനിമയുടെ ഷൂട്ടിംഗ് വരെ കാര്യങ്ങൾ എത്തിക്കുന്നതിൽ നിരവധി പ്രശ്നങ്ങൾ ഉണ്ടായിരുന്നു എന്നാൽ എന്റെ വിധി നേരത്തെ എഴുത്തപ്പെട്ടതാണ്..
ഞാൻ ആരാകണം എന്താകണം എന്ന് തീരുമാനിച്ച ഒരു വിധി എന്റെ സ്വപ്നങ്ങൾ എന്റെ ലക്ഷ്യങ്ങൾ എനിക്കായി നേടി തന്നു. എല്ലാം അവസാനിച്ചു എന്ന ഒരു നിമിഷം 16 ആം നിലയിൽ നിന്നും താഴേക്ക് ചാടി നോക്കിയാലോ എന്ന് ചിന്തിച്ച അവസ്ഥയിൽ നിന്നും. Maruthi esteem ഡോറിൽ പിടിച്ചതിന് അനുഭവിച്ചത് ഓർക്കുന്ന എനിക്കിന്ന് സ്വന്തമായി ഒരു BMW 730യും,ഹാരിയർ ട്ടോമാറ്റിക്കും,പോളോ GTയും യും,ഭാര്യയ്ക്ക് ഒരു ഔട്ടോ മാറ്റിക്ക് ക്വിഡ് ഉം ഉണ്ട്..
പലരും ചോദിക്കുന്നു ചേട്ടാ അടുത്ത പ്രോജക്ട് എന്നാണ് എന്ന്. സകല പരിഹാസങ്ങളും കേട്ട് നിരവധി പ്രതിസന്ധികളും തരണം ചെയ്തു അതിലുപരി നിലപാടുകളിൽ ഉറച്ചു നിന്നും അത് പരസ്യമാക്കിയും പ്രത്യേകിച്ചൊരു ഗോഡ് ഫാദറുമില്ലാതെ നാലു പേർ അറിഞ്ഞ ആദ്യ സിനിമ എടുത്ത എനിക്ക് രണ്ടാമത്തെ പ്രോജക്ട് എത്രയോ എളുപ്പമാണ്. പക്ഷെ കഴിഞ്ഞ കുറച്ചു നാൾ ഞാൻ മറ്റ് പല ലക്ഷ്യങ്ങൾക്കും പിന്നാലെ ആയിരുന്നു..
ഇപ്പോൾ എന്റെ മനസ്സ് പറയുന്നു.. അടുത്ത സിനിമ തുടങ്ങണം..ആർക്കെങ്കിലും അവസരം കൊടുക്കാം എന്ന ചിന്തയിൽ പലരുടെയും കഥ വായിച്ചു. ഒന്നും തൃപ്തി തന്നില്ല..(വ്യക്തിപരം ആണ്..മറ്റുള്ളവർക്ക് ഇഷ്ടപ്പെട്ടേക്കാം) അപ്പോഴാണ് എന്റെ സുഹൃത്തു ഹരി എന്നോട് ഒരാളുടെ ജീവിതത്തിന്റെ ഒരു രംഗം പറഞ്ഞത്..അത് എനിക്ക് ഏറെ ഇഷ്ട്ടപ്പെട്ടു. അതിൽ നിന്നും ഞാനൊരു കഥ ഉണ്ടാക്കി. ഒരു സൂപ്പർ യുവ താരം ഗസ്റ്റ് ആയി വരുന്ന ഒരു കുഞ്ഞു ഫീൽ ഗുഡ് മൂവി..
ഞാൻ തന്നെ തിരക്കഥ എഴുതുകയാണ്. ഈ കാണുന്ന ഞാൻ അല്ല ഇന്നലെകളിലെ ഞാൻ.. നേടി എടുത്തു എന്ന് നിങ്ങൾക്ക് തൊന്നുന്നതൊന്നും അത്ര എളുപ്പമായിരുന്നില്ല. പ്രത്യേകിച്ച് ഒഴുക്കിനെതിരെ നീന്തി ശീലിച്ച എനിക്ക്. നിങ്ങളുടെ ലക്ഷ്യവും സത്യമാണെങ്കിൽ ഈശ്വരൻ ആരുടെ എങ്കിലും രൂപത്തിൽ നിങ്ങളുടെ മുന്നിലെത്തും.."












Click it and Unblock the Notifications