എസ്എഫ്ഐ-സർക്കാർ വിരുദ്ധ ക്യാമ്പയിന്‍ നടത്തിയാല്‍ ഇനിയും കേസെടുക്കും: എംവി ഗോവിന്ദന്‍
തിരുവനന്തപുരം: ഏഷ്യാനെറ്റ് ന്യൂസ് സീനിയർ റിപ്പോർട്ടർ അഖില നന്ദകുമാറിനെതിരെ കേസെടുത്ത പൊലീസ് നടപടിയെ ന്യായീകരിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. ഗൂഡാലോചനക്കാരെ മുഴുവന്‍ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട സിപിഎം സംസ്ഥാന സെക്രട്ടറി, സർക്കാർ എസ്എഫ്ഐ വിരുദ്ധ പ്രചരണം നടത്തിയാല്‍ ഇനിയും കേസെടുക്കുമെന്നും പറഞ്ഞു.
'അന്വേഷണത്തിന്റെ ഭാഗമായി കണ്ടെത്തിയത് ആരാണെങ്കിലും അവരുടെ പേരില്‍ കേസെടുക്കണം. ആരൊക്കെയാണ് ഗൂഢാലോചനയില്‍ പങ്കെടുത്തത് അവരെയെല്ലാം നിയമപരമായി കൈകാര്യം ചെയ്യണം. അങ്ങനെ വേണമെന്ന് നിങ്ങള്‍ തന്നേയല്ലേ പറഞ്ഞത്'- എംവി ഗോവിന്ദന്‍ മാധ്യമപ്രവർത്തകരോടായി പറഞ്ഞു.

റിപ്പോർട്ടറും ഗൂഡാലോചനയുടെ ഭാഗമാണോയെന്നാണ് അന്വേഷിക്കേണ്ടത്. വെറുതെ റിപ്പോർട്ട് ചെയ്തതിന് കേസ് എടുക്കില്ലാലോ. ഗുഡാലോചന നടത്തിയത് ആരെക്കെയെന്ന് കണ്ടെത്തി, അവരെയൊക്കെ നിയമത്തിന്റെ മുന്നില്‍ കൊണ്ടുവന്ന് ആവശ്യമായി നടപടികള്‍ സ്വീകരിക്കണം. അതില്‍ ഇന്നയാളെ ഉള്‍പ്പെടുത്തണം, ഇന്നയാളെ ഉള്‍പ്പടുത്തണ്ട എന്നൊന്നും പറയാന്‍ സാധിക്കില്ല.
കേന്ദ്ര സാർക്കാറിന്റെ മാധ്യമവിരുദ്ധ നീക്കങ്ങളുമായി ഇതിനെ താരതമ്യപ്പെടുത്തേണ്ട ആവശ്യമേയില്ല. അതും ഇതും തമ്മില്‍ യാതൊരു ബന്ധവുമില്ല. അവിടെ പഠിച്ചുകൊണ്ടിരുന്ന ഒരു കുട്ടിയുടെ മാർക്ക് പൂജ്യം എന്ന് കണ്ടതിന് ശേഷവും പാസ് എന്നാക്കി വാർത്തകൊടുത്ത് കേരളത്തില്‍ അങ്ങോളം ഇങ്ങോളം പ്രചരിപ്പിക്കുകയാണ്. വലിയ ഗൂഡാലോചനയാണ് ഇതിന് പിന്നില്‍ നടന്നതെന്നും അദ്ദേഹം പറയുന്നു.
കേസിന്റെ മെറിറ്റിലേക്ക് ഞാന്‍ പോവുന്നേയില്ല. കേസ് എന്ത് എന്നുള്ളതല്ല, ഗൂഡാലോചനക്കാരെ മുഴുവന്‍ പുറത്ത് കൊണ്ടുവരണം. മാധ്യമത്തിന്റെ പേര് പറഞ്ഞ് അതില്‍ നിന്നും ഒഴിയാന്‍ സാധിക്കില്ല. എസ് എഫ് ഐ വിരുദ്ധ സർക്കാർ വിരുദ്ധ കാമ്പയ്നുകള്‍ മാധ്യമത്തിന്റെ പേരും പറഞ്ഞ് നടത്തരുത്. അങ്ങനെ ചെയ്താല്‍ നേരത്തേയും കേസെടുത്തിട്ടുണ്ട്. അത് ആവർത്തിച്ചാല്‍ ഇനിയും കേസെടുക്കുമെന്നും സിപിഎം സംസ്ഥാന സെക്രട്ടറി കൂട്ടിച്ചേർത്തു.
എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി എം ആർഷോയ്ക്കെതിരായ വാർത്ത റിപ്പോർട്ട് ചെയ്തതിന്റെ പേരിലാണ് ഏഷ്യാനെറ്റ് ന്യൂസ് സീനിയർ റിപ്പോർട്ടർ അഖില നന്ദകുമാറിനെതിരെ പൊലീസ് കേസെടുത്തിരിക്കുന്നത്. ആർഷോയ്ക്കെതിരെ കെഎസ്‌യു നേതാവ്, ചാനലിലെ തത്സമയ റിപ്പോർട്ടിങ്ങിനിടയിൽ ഉന്നയിച്ച ആരോപണത്തിന്റെ പേരില്‍ അഖിലയെ അഞ്ചാം പ്രതിയാക്കി പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്യുകയായിരുന്നു.












Click it and Unblock the Notifications