'എല്ലാ കലാകാരന്മാരുടെയും ഗതികേടാണത്; മനം കവർന്ന പ്രിയ അഭിനേത്രിയ്ക്ക് പ്രാര്‍ത്ഥനകൾ'; കൂട്ടിക്കൽ ജയചന്ദ്രൻ
കൊച്ചി: നടിയും കേരള സംഗീത നാടക അക്കാദമിയുടെ ചെയര്‍പേഴ്‌സണുമായ കെപിഎസി ലളിതയുടെ ചികിത്സ ചെലവ് സംസ്ഥാന സര്‍ക്കാര്‍ വഹിക്കുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചകളും വിവാദങ്ങളുമാണ് സോഷ്യല്‍ മീഡിയയില്‍ നടക്കുന്നത്. ഒരു വിഭാഗം ചികിത്സ ചെലവ് നല്‍കിയതിനെ അനുകൂലിക്കുമ്പോല്‍ മറ്റ് ചിലര്‍ സര്‍ക്കാര്‍ തീരുമാനത്തിനെതിരെ വിമര്‍ശനം ഉയര്‍ത്തുന്നുണ്ട്. നടി ആവശ്യപ്പെട്ടതുകൊണ്ടാണ് സര്‍ക്കാര്‍ ധനസഹായം നല്‍കിയതെന്നും അതിനെ അനാവശ്യ വിവാദങ്ങളിലേക്ക് എത്തിക്കേണ്ടെന്നും മന്ത്രി അബ്ദുറഹ്മാന്‍ പറഞ്ഞിരുന്നു.

ചികിത്സാ സഹായം നല്‍കിയ സര്‍ക്കാര്‍ തീരുമാനത്തെ പിന്തുണച്ച് നടന്‍ സുരേഷ് ഗോപി എംപി, ഗെബി ഗണേഷ് കുമാര്‍ എംഎല്‍എ, പിടി തോമസ് എംഎല്‍എ എന്നിവര്‍ രംഗത്തെത്തിയിരുന്നു. എന്നാല്‍ ഇപ്പോഴിതാ വിവാദങ്ങളും ചര്‍ച്ചകളും സോഷ്യല്‍ മീഡിയയില്‍ നടക്കുന്നതിനിടെ കെപിഎസി ലളിതയോടൊപ്പമുള്ള ചിത്രം പങ്കുവച്ച് രംഗത്തെത്തിയിരിക്കുകയാണ് നടന്‍ കുട്ടിക്കല്‍ ജയചന്ദ്രന്‍.

എന്തെങ്കിലും സംഭവിച്ചാല്‍ എന്റെ അമ്മയായിരുന്നു.. അമ്മൂമ്മയായിരുന്നു..എന്ന് പറഞ്ഞു വരാന്‍ കുറെ മഹത്തുക്കളും..നല്ല ഫോട്ടോ നോക്കി എടുത്ത് വച്ച് കുറെ ഫേസ്ബുക്ക് തൊഴിലാളികളും കാത്തിരിക്കുന്നുണ്ട്! എല്ലാ കലാകാരന്മാരുടെയും ഗതികേടാണത്! മനം കവര്‍ന്ന പ്രിയ അഭിനേത്രിയ്ക്ക് പ്രാര്‍ത്ഥനകള്‍ എന്നാണ് കൂട്ടിക്കല്‍ ജയചന്ദ്രന്‍ ഫേസ്ബുക്കില്‍ പങ്കുവച്ച കുറിപ്പില്‍ പറയുന്നത്.

കരള്‍ സംബന്ദമായ അസുഖത്തെ തുടര്‍ന്നാണ് കെപിഎസി ലളിതയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ജീവന്‍ രക്ഷിക്കാന്‍ കരള്‍മാറ്റ ശസ്ത്രക്രിയ എത്രയും പെട്ടെന്ന് നടത്തണമെന്നാണ് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്. ആരോഗ്യനിലയില്‍ പുരോഗതിയുണ്ടെന്നാണ് ആശുപത്രി അധികൃതര്‍ കഴിഞ്ഞ ദിവസം അറിയിച്ചത്. മകനും നടനുമായ സിദ്ധാര്‍ത്ഥ ഭരതനാണ് ഇക്കാര്യം സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചത്.

അതേസമയം, കെപിഎസി ലളിതയ്ക്ക് സര്‍ക്കാര്‍ സഹായം നല്‍കാനുള്ള തീരുമാനത്തെ പിന്തുണച്ച് പിടി തോമസ് രംഗത്തെത്തിയിരുന്നു. കെ പി എ സി ലളിതയെ സംരക്ഷിക്കേണ്ട ഉത്തരവാദിത്വം കേരളത്തിനുണ്ടെന്നാണ് പിടി തോമസ് പറയുന്നത്. നടന വൈഭവത്തിന്റെ ഇതിഹാസ തുല്യമായ സമര്‍പ്പണം കലാലോകം വേണ്ടുവോളം ആസ്വദിച്ചിട്ടുള്ളതാണ്. കെ പി എ സി ലളിതക്ക് എന്തെങ്കിലും സഹായം പ്രഖ്യാപിക്കുന്നതിനെ പരിഹസിക്കുവാന്‍ മുന്നോട്ട് വരുന്നവര്‍ ഒരു വട്ടം കൂടി ആലോചിക്കുന്നത് നല്ലതാണെന്ന് പിടി തോമസ് പറഞ്ഞിരുന്നു.

രാഷ്ട്രീയ കാര്യങ്ങളില്‍ അവര്‍ക്ക് നിലപാടുകള്‍ ഉണ്ടാവാം, അതിനെ ബഹുമാനിക്കുകയാണ് വേണ്ടത്. നടന നാടക സിനിമാ ലോകത്തിന് അവര്‍ നല്‍കിയ വിലമതിക്കാനാകാത്ത സംഭാവനയെ മാനിക്കാന്‍ മലയാളികള്‍ തയ്യാറാവണം. സാമൂഹ്യ മാധ്യമങ്ങളില്‍ ഒരു പോസ്റ്റിട്ട് കെ പി എ സി ലളിതയെ പോലുള്ളവരെ ആക്ഷേപിക്കുന്നവര്‍ പിന്നീട് ദുഖിക്കേണ്ടി വരുമെന്നും പിടി തോമസ് പങ്കുവച്ച കുറിപ്പില്‍ വ്യക്തമാക്കിയിരുന്നു.












Click it and Unblock the Notifications