അവൾ നെഞ്ച് പൊട്ടി കരഞ്ഞത് ഞങ്ങൾ കണ്ടിട്ടുണ്ട്..ഇവർ ഇപ്പോൾ എന്താണ് ഉദ്ദേശിക്കുന്നത്? തുറന്നടിച്ച് സയനോര
കൊച്ചി; ആക്രമിക്കപ്പെട്ട നടി തന്റെ അതിജീവനത്തെ കുറിച്ച് കഴിഞ്ഞ ദിവസം ഫേസ്ബുക്കിൽ കുറിപ്പ് പങ്കിട്ടപ്പോൾ നിരവധി താരങ്ങളായിരുന്നു പിന്തുണയുമായി രംഗത്തെത്തിയത്. എന്നാൽ കേസിൽ പ്രതി ചേർക്കപ്പെട്ട നടൻ ദിലീപിനൊപ്പം നേരത്തേ നിന്നവർ ഉൾപ്പെടെ നടിയുടെ പോസ്റ്റ് പങ്കുവെച്ച് പിന്തുണ പ്രഖ്യാപിച്ചതിനെതിരെ പല കോണുകളിൽ നിന്നും വിമർശനങ്ങൾ ഉയർന്നിരുന്നു. ഇപ്പോഴിതാ അവർക്കെതിരെ രൂക്ഷവിമർശനം ഉയർത്തുകയാണ് ഗായികയായ സയനോര. നടി ക്രൂരമായി ആക്രമിക്കപ്പെട്ടപ്പോൾ മൗനം പാലിച്ചവർ ഇപ്പോൾ നടിയുടെ സോഷ്യൽ മീഡിയ പോസ്റ്റ് പങ്കുവെയ്ക്കുന്നതിലെ അർത്ഥമെന്താണെന്ന് സയനോര ചോദിച്ചു. മനോരമ ഓൺലൈനിന് നൽകിയ അഭിമുഖത്തിലാണ് ഗായികയുടെ പ്രതികരണം.

നേരത്തേ മൗനം പുലർത്തിയിരുന്നവരാണ് ഇപ്പോൾ അവളുടെ പോസ്റ്റ് പങ്കുവെയ്ക്കുന്നത്. അതുകൊണ്ടൊക്കെ അവർ എന്താണ് ഉദ്ദേശിക്കുന്നതെന്ന് മനസിലാകുന്നില്ല. സംഭവം നടന്നപ്പോൾ എല്ലാവരും വായും പൂട്ടി ഇരിക്കുകയാണ് ചെയ്തത്. ഞങ്ങൾ കുറച്ച് പേർ മാത്രമാണ് നടിക്ക് വേണ്ടി ശക്തമായി രംഗത്തെത്തിയത്. സിനിമയിലെ അതികായൻമാർ പോലും അന്ന് മിണ്ടിയില്ല. എന്തുകൊണ്ടാണ് അവർ അന്ന് പ്രതികരിക്കാതിരുന്നത്. ഇപ്പോൾ പോസ്റ്റ് പങ്കുവെച്ചത് കൊണ്ട് അവൾക്ക് നീതി ലഭിക്കുമെന്നാണോയെന്നും സയനോര ചോദിച്ചു.

സംഭവത്തിന് ശേഷം അവളുടെ നെഞ്ച് പൊട്ടിയുള്ള കരച്ചിൽ ഞങ്ങൾ കണ്ടിട്ടുണ്ട്. ഉറക്കം കിട്ടാത്ത രാത്രികളിൽ അവൾ പറയുന്ന വിഷമങ്ങൾ ഞങ്ങൾ കേട്ടിരുന്നിട്ടുണ്ട്. അവൾ അനുഭവിച്ച വിഷമങ്ങൾ നേരിട്ട് കണ്ടിട്ടുണ്ട്. എന്നാൽ സിനിമാ രംഗത്തുള്ള പലരും ഇതൊന്നും കണ്ടില്ലെന്ന് നടിക്കുന്നവരാണ്, സയനോര പറഞ്ഞു.

കേസിൽ കൂറുമാറിയവർ എങ്ങനെയാണ് കിടന്നുറങ്ങുന്നതെന്ന് മനസിലാകുന്നില്ല. എങ്ങനെയാണ് സ്വന്തം മനസാക്ഷിയെ വഞ്ചിക്കുകയെന്നും സയനോര ചോദിച്ചു. പലർക്കും സംഭവത്തെ കുറിച്ച് പച്ചവെള്ളം പോലെ അറിയുമെങ്കിലും ആരും തന്നെ അതിനെ കുറിച്ച് തുറന്ന് പറയാൻ തയ്യാറാകുന്നില്ലെന്നും അവരെല്ലാം സ്വന്തം നേട്ടങ്ങളെ കുറിച്ച് ആഘോഷിക്കുകയാണെന്നും സയനോര പറഞ്ഞു.

നടിക്കൊപ്പം നിന്നത് കൊണ്ട് തന്റെ അവസരങ്ങൾ പലതും നിഷേധിക്കപ്പെട്ടിരിക്കാം. എന്നാൽ മറ്റുള്ളവരെ പ്രീതിപ്പെടുത്തി ജീവിക്കുന്ന ആളല്ല താനെന്ന് സയനോര പറഞ്ഞു. സിനിമാ മേഖലയിൽ പലരുടേയും അവസരങ്ങൾ ഇല്ലാതാക്കിയതായി താൻ അറിഞ്ഞിട്ടുണ്ട്. നമ്മുടെ കഴിവിനെ ആർക്കും അടിച്ചമർത്താൻ സാധിക്കില്ല. നടിക്ക് വേണ്ടി നിലകൊണ്ട രമ്യയും പാർവ്വതി തിരുവോത്തും റിമ കല്ലിങ്കലുമെല്ലാം അവരുടെ കഴിവുകൾ തെളിയിച്ചിട്ടുണ്ടെന്നും സയനോര വ്യക്തമാക്കി.

മിണ്ടാതിരിക്കുകയെന്നത് എളുപ്പമാണ്. എന്നാൽ നമ്മുടെ കുടുംബത്തിലെ ആർക്കെങ്കിലുമാണ് ഇത്തരത്തിൽ സംഭവിക്കുന്നതെങ്കിൽ ഇതുപോലെ ആളുകൾ മിണ്ടാതിരിക്കുമോയെന്ന് സയനോര ചോദിച്ചു.അതിജീവിത ഇപ്പോൾ വളരെ ശക്തയാണ്. എന്നാൽ അവൾ നേരിട്ട ആഘാതത്തിൽ നിന്ന് എപ്പോൾ പുറത്തുവരാൻ അവൾക്ക് സാധിക്കുമെന്ന് അറിയില്ലെന്നും പലപ്പോഴും തനിച്ചിരുന്ന് വിഷമിക്കുന്നത് കണ്ടിട്ടുണ്ടെന്നും സയനോര അഭിമുഖത്തിൽ പറഞ്ഞു.

കേസിലെ യഥാർത്ഥ പ്രതി ആരായാലും അയാൾ ശിക്ഷിക്കപ്പെടണം. അയാൾ പ്രബലനായത് കൊണ്ട് നിയമത്തിന്റെ മുന്നിൽ നിന്നും അയാൾ രക്ഷപ്പെടാൻ പാടില്ല. താരസംഘടന അവളെ പിന്തുണച്ചില്ല. അവൾക്ക് വേണ്ടി സംഘടന ഒന്നും ചെയ്തില്ല. ശക്തമായ നിലപാടെടുത്തവരെ ആളുകൾ കല്ലെറിഞ്ഞു. കാലം ഇതിനെല്ലാം മറുപടി നൽകും. അവൾക്ക് നീതി കിട്ടിയില്ലേങ്കിൽ ഈ നാട്ടിൽ സ്ത്രീകൾക്ക് സുരക്ഷിതമായി ജീവിക്കാൻ കഴിയുമെന്ന് എന്ത് പ്രതീക്ഷയാണ് ഉള്ളതെന്നും സയനോര അഭിമുഖത്തിൽ ചോദിച്ചു.
ഞെട്ടിച്ച് അമല പോൾ.. നടിയുടെ കിടിലൻ ഫോട്ടോഷൂട്ട് വീണ്ടും വൈറൽ












Click it and Unblock the Notifications