• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ലോകത്തിന് വഴികാട്ടുന്ന കൂറ്റ്സി

  • By Staff

2003ലെ സാഹിത്യത്തിനുള്ള നൊബേല്‍ നേടിയ ജോണ്‍ മാക്സ്വെല്‍ കൂറ്റ്സി തീരെ നാട്യങ്ങളില്ലാത്ത പച്ചമനുഷ്യനാണ്. 69-കാരനായ അദ്ദേഹം എപ്പോഴും ആവര്‍ത്തിയ്ക്കുന്ന ഒരു വാചകം ഇതാണ്: ഞാന്‍ സമൂഹത്തിന്റെ വഴികാട്ടിയോ, പ്രവാചകനോ അല്ല.

കൂറ്റ്സി വിനയം കൊണ്ട് പറയുന്ന ആ വാക്കുകള്‍ പക്ഷെ സാഹിത്യലോകം അംഗീകരിയ്ക്കാന്‍ തയ്യാറല്ല. ഈ നൂറ്റാണ്ടില്‍ ലോകത്തിനാകെ വെളിച്ചം പകരുന്ന, വഴികാട്ടുന്ന നക്ഷത്രങ്ങളായാണ് കൂറ്റ്സിയുടെ രചനകളെ സാഹിത്യലോകം കൊണ്ടാടുന്നത്.

ലോകം അംഗീകരിയ്ക്കാന്‍ മടികാട്ടുന്ന ചില സത്യങ്ങള്‍ ഹൃദയഹാരിയായി വരച്ചിടുകയാണ് കൂറ്റ്സി തന്റെ രചനകളില്‍ . അദ്ദേഹത്തിന്റെ നോവലുകളിലെ കഥാപാത്രങ്ങളിലൂടെ കടന്നുപോകുമ്പോള്‍ കൂറ്റ്സി മുന്നോട്ട്വയ്ക്കുന്ന ലളിതമായ ദര്‍ശനങ്ങള്‍ വായനക്കാര്‍ അറിയാതെ അംഗീകരിച്ചുപോകുന്നു. ശരിയെയും തെറ്റിനെയും വേര്‍തിരിയ്ക്കാനാവില്ല എന്നതാണ് കൂറ്റ്സിയുടെ ഒരു വലിയ കണ്ടെത്തല്‍. ശരിയും തെറ്റും കെട്ടുപിണഞ്ഞുകിടക്കുകയാണ് ഈ ലോകത്തില്‍ എന്നും കൂറ്റ്സി കണ്ടെത്തുന്നു. ഇതിന്റെ അനുരണനം കൂറ്റ്സിയുടെ ഏതാണ്ടെല്ലാ രചനകളിലും കാണാം.

വര്‍ണ്ണവിവേചനം ശരിയല്ല എന്ന് പൊതുവായി വാദിയ്ക്കാം. പക്ഷെ വര്‍ണ്ണവിവേചനത്തെ എതിര്‍ക്കുന്ന കറുത്തവര്‍ഗ്ഗക്കാര്‍ പകരം ചെയ്യുന്നത് എന്താണ്? അവരുടേതായ വര്‍ണ്ണവിവേചനം അടിച്ചേല്പിക്കാന്‍ ശ്രമിക്കുകയല്ലേ?- ഇക്കാര്യം കൂറ്റ്സി 1999ല്‍ ബുക്കര്‍ സമ്മാനം നേടിയ തന്റെ ഡിസ്ഗ്രേയ്സ് എന്ന കൃതിയില്‍ മനോഹരമായി വരച്ചിടുന്നുണ്ട്. കോളെജില്‍ വിദ്യാര്‍ത്ഥിനിയായ 20 കാരിയായ ഒരു പെണ്‍കുട്ടിയോട് പ്രണയാഭ്യര്‍ത്ഥന നടത്തിയതിന്റെ പേരില്‍ വെള്ളക്കാരനായ 50 കാരനായ ഡേവിഡ് ലൂറി എന്ന വിഭാര്യനായ പ്രൊഫസര്‍ സര്‍വകലാശാലയില്‍ നിന്ന് ബഹിഷ്കൃതനാകുന്നു. തുടര്‍ന്നുണ്ടാകുന്ന നാണക്കേടില്‍ നിന്ന് രക്ഷപ്പെടാന്‍ അദ്ദേഹം കറുത്തവര്‍ഗ്ഗക്കാര്‍ തിങ്ങിപ്പാര്‍ക്കുന്ന ഈസ്റേണ്‍ കേപ്പില്‍ താമസിയ്ക്കുന്ന മകള്‍ ലൂസിയുടെ അടുത്തേയ്ക്ക് പോകുന്നു. അവിടെ ഒരു രാത്രിയില്‍ മകളുടെ വീട് കറുത്തവര്‍ഗ്ഗക്കാരായ നാലോ അഞ്ചോപേര്‍ ചേര്‍ന്ന് കൊള്ളയടിയ്ക്കുന്നു. അവര്‍ മകളെ ബലാത്സംഗം ചെയ്യുന്നു. പ്രൊഫസര്‍ക്ക് ഉള്ളില്‍ പതഞ്ഞുപൊങ്ങിയ രോഷം പക്ഷെ കടിച്ചമര്‍ത്താനേ കഴിയുന്നുള്ളൂ. വീണ്ടും സര്‍വകലാശാലയിലേക്ക് മടങ്ങുന്ന പ്രൊഫസര്‍ക്കൊപ്പം പോകാന്‍ മകള്‍ തയ്യാറാവുന്നില്ല. തന്റെ വേരുകള്‍ ഇവിടെയാണെന്നും തന്റെ വയറ്റില്‍ വളരുന്ന കുഞ്ഞിനെ താന്‍ നശിപ്പിയ്ക്കില്ലെന്നും മകള്‍ ദൃഢമായി പറയുമ്പോള്‍ അത് അംഗീകരിയ്ക്കാനേ പ്രൊഫസര്‍ക്ക് കഴിയുന്നുള്ളൂ. ഇതാണ് ഡിസ്ഗ്രേയ്സ്.

അതെ കൂറ്റ്സി ലോകത്തെ, ദര്‍ശനങ്ങളെ എല്ലാം എപ്പോഴും സംശയത്തിന്റെ കണ്ണുകളോടെ വീക്ഷിയ്ക്കുന്ന എഴുത്തുകാരനാണ്. തെറ്റിനെയും ശരിയെയും വേര്‍തിരിയ്ക്കുന്നത് നിര്‍ത്ഥകവ്യായാമമാണെന്ന് കൂറ്റ്സി തന്റെ രചനകളിലൂടെ എന്നും വിളിച്ചുപറയാന്‍ ശ്രമിച്ചിരുന്നു. വര്‍ണ്ണവിവേചനത്തിന് പരിഹാരമായ രണ്ട് പക്ഷങ്ങളെയും കൂറ്റ്സി എതിര്‍ത്തു- ഒരു പക്ഷത്ത് തീവ്രമായ ദേശീയവാദം, മറുപക്ഷത്ത് പാശ്ചാത്യലോകത്തിന്റെ കപടധാര്‍മ്മികത.

രചനാവൈദഗ്ധ്യം, അര്‍ത്ഥഗര്‍ഭമായ സംഭാഷണം, അപഗ്രഥന ചാതുരി എന്നിവയാണ് കൂറ്റ്സി കൃതികളുടെ മേന്മകളായി നൊബേല്‍ സമിതി വിലയിരുത്തുന്നത്. ഒരു വാക്കിനുള്ളില്‍ പല അര്‍ത്ഥങ്ങള്‍ ഒളിപ്പിച്ചുവയ്ക്കുന്ന വൈദഗ്ധ്യം- അത് കൂറ്റ്സിയുടെ പ്രത്യേകതകളിലൊന്നാണ്. ഇദ്ദേഹത്തെ അതിനാലാകാം സാഹിത്യനിരൂപകര്‍ ഉപമിയ്ക്കുന്നത് കാഫ്കയോടും സാമുവല്‍ ബെക്കറ്റിനോടും ആണ്. പക്ഷെ ഇതിനെല്ലാമപ്പുറം ക്ലിഷ്ടമല്ലാത്ത, ലളിതമായി കഥ പറയുന്ന അദ്ദേഹത്തിന്റെ രീതിയാണ് വായനക്കാരെ കൂറ്റ്സെയോട് അടുപ്പിയ്ക്കുന്നത്.

കാഫ്ക, സാമുവല്‍ബെക്കറ്റ്, ഡൊസ്റയേവ്സ്കി, ആന്ദ്രെ ബ്രിങ്ക് എന്നിവര്‍ കൂറ്റ്സേയെ സ്വാധീനിച്ച എഴുത്തുകാരാണ്.

1983ല്‍ എഴുതിയ ലൈഫ് ആന്റ് ടൈംസ് ഓഫ് മൈക്കേല്‍ കെ, 1999ല്‍ രചിച്ച ഡിസ്ഗ്രേയ്സ് എന്നീ നോവലുകള്‍ക്കാണ് രണ്ടുകുറി ബുക്കര്‍ സമ്മാനം ലഭിച്ചത്. 2000ലെ കഥാസാഹിത്യത്തിനുള്ള കോമണ്‍വെല്‍ത്ത് റൈറ്റേഴ്സ് പ്രൈസും കൂറ്റ്സിയ്ക്ക് തന്നെ. എലിസബത്ത് കോസ്റെല്ലോ, ഇന്‍ ദി ഹാര്‍ട്ട് ഓഫ് ദി കണ്‍ട്രി, ഡസ്ക്ലാന്റ്സ്, ഏജ് ഓഫ് അയേണ്‍ തുടങ്ങിയവ ഏറെ പ്രശസ്തമായ കൃതികളാണ്.

വെയ്റ്റിംഗ് ഫോര്‍ ദി ബാര്‍ബേറിയന്‍സ് എന്ന കൃതിയും കൂറ്റ്സിയുടെ സര്‍ഗ്ഗാത്മകതയുടെ പ്രാധാന്യം വിളിച്ചോതുന്നു. ബോയ്ഹുഡ് എന്ന അദ്ദേഹത്തിന്റെ ഓര്‍മ്മക്കുറിപ്പുകളും ഈയിടെ രചിച്ച യൂത്ത് എന്ന കൃതിയും ഏറെ പ്രശംസ പിടിച്ചുപറ്റിയിരുന്നു.

2003ലെ സാഹിത്യത്തിനുള്ള നൊബേലിലേക്കുള്ള ജെ.എം. കൂറ്റ്സിയുടെ യാത്ര എളുപ്പമായിരുന്നു. നൊബേല്‍ നിര്‍ണ്ണയ സമിതിയ്ക്ക് വളരെയെളുപ്പം കൂറ്റ്സിയെ തിരഞ്ഞെടുക്കാനായി എന്നാണ് നോബേല്‍ അക്കാദമിയുടെ സ്ഥിരം സെക്രട്ടറി ഹൊറേസ് എംഗ്ദാലിന്റെ വെളിപ്പെടുത്തല്‍.

1991ല്‍ സാഹിത്യത്തിനുള്ള നൊബേല്‍ ലഭിച്ച നദീന്‍ ഗോര്‍ഡിമര്‍ക്ക് ശേഷം വീണ്ടുമൊരു ദക്ഷിണാഫ്രിക്കക്കാരന്‍ നൊബേല്‍ സമ്മാനംവഴി ബഹുമാനിതനാവുന്നു.

മാധ്യമങ്ങളുടെ ശ്രദ്ധാകേന്ദ്രമാകാന്‍ മോഹിയ്ക്കാത്ത ജെ.എം. കൂറ്റ്സി ബുക്കര്‍ സമ്മാനദാനച്ചടങ്ങ് വരെ ബഹിഷ്കരിച്ചിട്ടുണ്ട്. എഴുത്തില്‍ മാത്രമാണ് അദ്ദേഹത്തിന്റെ ശ്രദ്ധ. പക്ഷെ ഇക്കുറി അദ്ദേഹം നോബെല്‍ സമ്മാനം സ്വീകരിയ്ക്കാന്‍ എത്തട്ടെയെന്ന് നമുക്ക് പ്രാര്‍ത്ഥിയ്ക്കാം. അതുവഴി അദ്ദേഹത്തിന്റെ വിലയേറിയ ചില നിരീക്ഷണങ്ങള്‍ സാഹിത്യപ്രേമികള്‍ക്കും ലോകത്തിനും ലഭിയ്ക്കുമല്ലോ?

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more