ആടുജീവിതം ഹിറ്റായപ്പോൾ നജീബിന് എന്തുകിട്ടി, സഹായിച്ചോ?; വെളിപ്പെടുത്തി ബ്ലെസിയും ബെന്യാമിനും
ബ്ലെസി സംവിധാനം ചെയ്ത ആടുജീവിതം തിയറ്ററുകളിൽ സൂപ്പർഹിറ്റായി പ്രദർശനം തുടരുകയാണ്. ബെന്യാമിന്റെ ആടുജീവിതം എന്ന നോവലാണ് ബ്ലെസി സിനിമയാക്കിയത്. നജീബ് എന്ന മനുഷ്യന്റെ യഥാർത്ഥ ജീവിതത്തെ അടിസ്ഥാനമാക്കി എഴുതിയ നോവൽ സിനിമയായപ്പോൾ സ്ക്രീനിൽ നജീബ് ആയി എത്തിയത് പൃഥ്വിരാജ് ആയിരുന്നു. മികച്ച രീതിയിൽ തന്നെ നജീബിനെ അവതരിപ്പിക്കാൻ പൃഥ്വിരാജിന് സാധിക്കുകയും ചെയ്തു.
നിറഞ്ഞ കണ്ണുകളോടെയാണ് നജീബ് സിനിമ കണ്ടിറങ്ങിയത്. സിനിമ വൻ സാമ്പത്തിക വിജയത്തിലേക്ക് കുതിച്ചുയർന്നപ്പോൾ എല്ലാവർക്കും അറിയേണ്ടിയിരുന്ന ഒരു കാര്യം നജീബിനെ ആടുജീവിതം സിനിമയുടെ ടീം സഹായിച്ചോ എന്നായിരുന്നു. ബ്ലെസിയോ പൃഥ്വിയോ നജീബിനെ സഹായിച്ചോ എന്നിങ്ങനെ നിരവധി ചോദ്യങ്ങൾ വന്നിരുന്നു. ഇപ്പോൾ ഈ ചോദ്യത്തിന് മറുപടിയുമായി രംഗത്തെ് എത്തിയിരിക്കുകയാണ് സിനിമയുടെ സംവിധായകൻ ബ്ലെസിയും എഴുത്തുകാരൻ ബെന്യമിനും.

വിമർശനങ്ങളിൽ കാര്യമില്ലെന്നും നജീബിന് കൃത്യമായ പ്രതിഫലം ലഭിച്ചിട്ടുണ്ടെന്നും ആണ് ബ്ലെസി പറഞ്ഞത്. ഈ സിനിമയ്ക്ക് പിന്നാലെ നജീബിന്റെ സോഷ്യൽ സ്റ്റാറ്റസ് ഉയർന്നിട്ടുണ്ടെന്നും പല പരിപാടികളിലും നജീബ് വിശിഷ്ടാതിഥിയായി പോകുന്നുണ്ടെന്നും വിമർശിക്കുന്നവർ ഇതൊന്നും കാണുന്നില്ലെന്നും ബെന്യാമിൻ പറഞ്ഞു. കൗമുദി ടി വിയോടായിരുന്നു പ്രതികരണം.
ഞാൻ പോലും അതിശയിച്ചുപോയ ഒരു കാര്യമുണ്ട്. നോവലിന്റെ റൈറ്റ്സിന് വേണ്ടി ഞാൻ ബ്ലെസിക്ക് കൊടുത്തതിന്റെ പത്തിരട്ടി നജീബിന് ഒരാൾ കൊടുത്തു. എനിക്കും ബെന്യാമിനും നജീബിനും അടുത്തറിയുന്ന ഒരാളാണ് കൊടുത്തത്. വേറെയാരും അത് അറിയരുത് എന്ന് കൊടുത്ത ആൾക്ക് അത്ര നിർബന്ധം ഉണ്ടായിരുന്നു, ബ്ലെസി പറഞ്ഞു.
അയാളെ ഏറ്റവും അടുത്തറിയുന്ന നിലയ്ക്ക് താൻ പോലും അറിയരുത് എന്ന് അയാൾക്ക് നിർബന്ധം ഉള്ളപ്പോൾ അത് മീഡിയയുടെ മുന്നിലോ, നാട്ടുകാരുടെ മുന്നിലോ പരസ്യമാക്കേണ്ട ആവശ്യമിസ്സ. അതുപോലെ നജീബിന്റെ മകന് ജോലിയൊന്നും ശരിയാകാത്ത സമയത്ത് അയാളുടെ പരിചയത്തിൽ ജോലി ശരിയാക്കി കൊടുക്കുകകയും ചെയ്തു. നജീബിന്റെ ജീവിതത്തെ ഓർത്ത് ആരും ആശങ്കപ്പെടേണ്ടെന്നും ബ്ലെസി പറയുന്നു.
നജീബിന് ഇപ്പോൾ കിട്ടുന്ന സോഷ്യൽ സ്റ്റാറ്റസ് ആരും ശ്രദ്ധിക്കുന്നില്ലെന്നും പല ചടങ്ങുകളിലും നജീബ് വിശിഷ്ടാതിഥിയായി ക്ഷണിക്കുന്നുണ്ടെന്നും ഇന്ന് ഈ ഇന്റർവ്യൂവിന് നജീബ് വരേണ്ടതായിരുന്നുവെന്നും ഒരു ചുണ്ടൻ വള്ളം നീറ്റിലിറക്കുന്ന പരിപാടിയിൽ പങ്കെടുക്കാൻ പോയത് കൊണ്ടാണ് വരാൻ പറ്റാതിരുന്നതെന്നും ബെന്യാമിൻ പറഞ്ഞു. അതേ സമയം നജീബിനെ സഹായിച്ച ആ വ്യക്തി പൃഥ്വിരാജ് ആണോ എന്നാണ് സോഷ്യൽ മീഡിയ ചോദിക്കുന്നത്.












Click it and Unblock the Notifications