ഗോപി സുന്ദറിനെ പരിഹസിച്ചതോ ആ വീഡിയോ?; അഭയ ഹിരൺമയി പറയുന്നത് ഇങ്ങനെ
2021 ലായിരുന്നു സംഗീത സംവിധായകൻ ഗോപി സുന്ദറുമായുള്ള 14 വർഷം നീണ്ടുനിന്ന ലിവ് ഇൻ റിലേഷൻഷിപ്പ് അഭയ ഹിരൺമയി അവസാനിപ്പിച്ചത്. ഇരുവരും പിന്നീട് തങ്ങളുടെ ജീവിതത്തിരക്കുകളുമായി മുന്നോട്ട് പോയി. എന്നാൽ ആ ബന്ധത്തിന്റെ പേരിൽ ഇപ്പോഴും കടുത്ത സൈബർ ആക്രമണങ്ങൾ അഭയ നേരിടാറുണ്ട്. ഇത്തരം കമന്റുകളെ എങ്ങനെയാണ് നേരിടുന്നതെന്ന് പറയുകയാണ് അഭയ. മുൻ പങ്കാളിയെ കുറിച്ച് വളരെ മോശമായി പ്രതികരിക്കണമെന്നതിൽ എന്ത് യുക്തിയാണ് ഉള്ളതെന്നും ഏഷ്യാനെറ്റ് ന്യൂസിന് നൽകിയ അഭിമുഖത്തിൽ അഭയ പറയുന്നു.
അഭയയുടെ വാക്കുകളിലേക്ക് -'ഗോപി സുന്ദറിനൊപ്പമായിരുന്നപ്പോൾ കാണുന്നതും സംസാരിക്കുന്നതും കേൾക്കുന്നതുമൊക്കെ സംഗീതമായിരുന്നു. 14 വർഷം എന്നത് ഗുരുകുല വിദ്യാഭ്യാസം പോലെയായിരുന്നു. ഇപ്പോഴത്തെ മാറ്റം പ്രയാസകരമായിരുന്നു. 14കൊല്ലം പഠിച്ച കാര്യങ്ങൾ എന്റെ ജീവിതത്തിൽ ഇപ്പോൾ സ്വാഭാവികമായി വരുന്നുണ്ട്. സൈബർ ആക്രമണങ്ങളേയും നെഗറ്റീവുകളേയും നേരിടാൻ സാധിക്കാറുണ്ട്. വളരെ ചെറുപ്പം മുതൽ പല വിമർശനങ്ങളും കേൾക്കാറുണ്ട്. വസ്ത്രധാരണത്തെയൊക്കെ വീടനടുത്തുള്ള ചേച്ചിയൊക്കെ ചോദ്യം ചെയ്തിട്ടുണ്ട്. അതുകൊണ്ട് തന്നെ ഞാൻ അതുമായി യൂസ്ഡ് ആയി. രണ്ട് പേർ ഒരുമിച്ച് ജീവിച്ചു, അവർ പിരിഞ്ഞു, അവരുടേതായ ജീവിതം ജീവിക്കുന്നു. രണ്ട് പേരും രണ്ട് പേരുടേയും ലോകത്ത് തിരക്കിലാണ്. പിന്നേയും ഭൂതകാലത്തെ കുറിച്ച് കുത്തിക്കൊണ്ടുവരുന്നവരാണ് ഫ്രസ്ട്രേറ്റഡായി ഇരിക്കുന്നത്.

വയനാട്ടിൽ എന്റെ ഫ്രണ്ടിന്റെ റിസോർട്ടിൽ പോയപ്പോൾ നല്ല ലൈറ്റ് കണ്ടപ്പോൾ എനിക്ക് ആ ബാഗ്രൗണ്ടിലുള്ള ഫോട്ടോക്ക് കമന്റ് ചെയ്യാൻ തോന്നിയത് ലാത്തിരി പൂത്തിരി കമ്പിത്തിരി എന്നതാണ്. പക്ഷേ ആളുകൾ കണക്ട് ചെയ്യുന്നത് മറ്റൊരു തലത്തിലാണ്. ബ്രേക്കപ്പ് ഉണ്ടായാൽ ആ വ്യക്തിയെ കുറിച്ച് നെഗറ്റീവായി സംസാരിക്കണം എന്ന് പറയുന്നതിൽ എന്ത് യുക്തിയാണ് ഉള്ളത്. എന്നെ ഇത്രയും കാലം വളർത്തിക്കൊണ്ടുവന്ന വ്യക്തിയാണ്. എനിക്ക് ആ ബന്ധത്തിൽ പ്രശ്നങ്ങളുണ്ട്. പക്ഷേ അതൊക്കെ നാട്ടുകാരുടെ മുന്നിൽ ചർച്ച ചെയ്യണമെന്ന് പറയുന്നത് അംഗീകരിക്കാനാകില്ല. അദ്ദേഹത്തിനും ഞാനുമായി പ്രശ്നങ്ങളും ഉണ്ടാകാം. എല്ലാത്തിനേയും പോസിറ്റീവ് ആയി കാണാനാണ് എനിക്ക് ഇഷ്ടം.
എന്റെ ഡ്രസിനെ വിമർശിച്ചാൽ അതെന്നെ അത്ര ബാധിക്കാറില്ല.ഒരുപക്ഷേ ആ രീതികൾ അവർക്ക് ഉൾക്കൊള്ളാൻ കഴിയാത്തത് കൊണ്ടായിരിക്കാം. ചിലപ്പോഴൊക്കെ ഞാൻ സൈബർ കമന്റ്സിന് കൃത്യമായി മറുപടി നൽകാറുണ്ട്.












Click it and Unblock the Notifications