അമ്മ വിട്ടവര്‍ തിരിച്ചുവരണമെന്ന് മോഹന്‍ലാല്‍; 'യുവതാരങ്ങള്‍ പ്രസിഡന്റ് സ്ഥാനമേറ്റെടുക്കാന്‍ തയ്യാറായില്ല'
തിരുവനന്തപുരം: മലയാള സിനിമയിലെ അഭിനേതാക്കളുടെ സംഘടനയായ അമ്മയില്‍ വന്ന നേതൃമാറ്റത്തില്‍ പ്രതികരിച്ച് നടനും മുന്‍ പ്രസിഡന്റുമായ മോഹന്‍ലാല്‍. സ്ത്രീകള്‍ അമ്മയുടെ തലപ്പത്തേക്ക് വന്നത് നല്ല മാറ്റമാണ് എന്ന് അദ്ദേഹം പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസിനോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ഫുള്‍ സ്റ്റോപ്പ് വേണമെന്ന് തോന്നിയപ്പോഴായിരുന്നു പ്രസിഡന്റ് സ്ഥാനത്ത് നിന്ന് രാജി വെച്ചതെന്നും മോഹന്‍ലാല്‍ പറഞ്ഞു.
ഒരുപാട് വിമര്‍ശനങ്ങള്‍ നേരിടേണ്ടി വന്നു എന്നും പെട്ടെന്ന് തങ്ങള്‍ പലര്‍ക്കും ശത്രുക്കളായി എന്നും അദ്ദേഹം പറഞ്ഞു. 'പ്രസിഡന്റ് എന്നത് ഒരു പദവിയാണ്. ഏതൊരു സംഘടനയിലും ഒരു പ്രശ്‌നമുണ്ടായാല്‍ പ്രസിഡന്റ് അല്ലേ പറയുന്നത്. എന്നോട് ശത്രുതയുള്ളവരുണ്ടാകാം. ഉണ്ടോ ഇല്ലയോ എന്ന് ഞാന്‍ പറയുന്നില്ല. എല്ലാവരും എന്നോട് സ്‌നേഹമുള്ളവരാണ് എന്നൊന്നും ഞാന്‍ പറയുന്നില്ല,' മോഹന്‍ലാല്‍ പറഞ്ഞു.

എന്തിനാണ് ശത്രുത എന്ന് തനിക്ക് മനസിലാകുന്നില്ല എന്നും എന്നാല്‍ വിമര്‍ശനങ്ങള്‍ കൊണ്ടായിരുന്നില്ല കൂട്ടരാജിയെന്നും അദ്ദേഹം വ്യക്തമാക്കി. അമ്മയില്‍ നിന്ന് രാജി വെച്ച നടിമാര്‍ തിരിച്ചുവരണം എന്നും അദ്ദേഹം ആവശ്യപ്പെട്ടു. 'വിട്ട് പോയ നടിമാര്‍ തിരിച്ചുവരട്ടെ. അത് അവരുടെ ഇഷ്ടമല്ലേ. അതുകൊണ്ടല്ലേ ഏറ്റവും നല്ല തീരുമാനമല്ലേ വനിതകള്‍ തന്നെയല്ലേ നയിക്കുന്നത്. അപ്പോള്‍ അവര്‍ക്ക് കൂടുതല്‍ കാര്യങ്ങള്‍ സംസാരിക്കാമല്ലോ,' മോഹന്‍ലാല്‍ ചൂണ്ടിക്കാട്ടി.
ഒരുപക്ഷെ തുറന്ന് പറയാനും അങ്ങോട്ടുമിങ്ങോട്ടും കണ്‍വേ ചെയ്യാനുമൊക്കെ മടിയൊക്കെയുണ്ടാകും. ഇതിനകത്ത് ഈഗോയും കാര്യങ്ങളൊന്നുമില്ല, അവര്‍ പറയട്ടെ, അവര്‍ എന്ത് വേണമെങ്കിലും ചെയ്യട്ടെ. നമ്മള്‍ അതിനെല്ലാം സപ്പോര്‍ട്ട് ആയിട്ടാണ് നില്‍ക്കുന്നത് എന്നും അദ്ദേഹം പറഞ്ഞു. അതേസമയം അമ്മയുടെ നേതൃസ്ഥാനത്തേക്ക് യുവാക്കള്‍ വരണ്ടേ എന്ന ചോദ്യത്തിനും അദ്ദേഹം പ്രതികരിച്ചു.
'യുവാക്കള്‍ വരണം എന്ന് എനിക്ക് മാത്രം തോന്നിയിട്ട് കാര്യമില്ലല്ലോ. റെസ്‌പോണ്‍സിബിലിറ്റി ഏറ്റെടുക്കാന്‍ തയ്യാറല്ല. ടോളറന്‍സ് ലെവല്‍ ചിലപ്പോള്‍ കുറവായിരിക്കും. എന്തായാലും നല്ലത് സംഭവിക്കട്ടെ,' മോഹന്‍ലാല്‍ പറഞ്ഞു. അമ്മ പ്രസിഡന്റ് സ്ഥാനത്ത് നിന്ന് മോഹന്‍ലാല്‍ മാറി നിന്നതിനാല്‍ നടന്ന തിരഞ്ഞെടുപ്പില്‍ ശ്വേത മേനോന്‍ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെടുകയായിരുന്നു.
ആദ്യമായാണ് അമ്മയുടെ തലപ്പത്തേക്ക് വനിത എത്തുന്നത്. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടും പിന്നാലെ വന്ന വെളിപ്പെടുത്തലുകളും കാരണമായിരുന്നു അമ്മ പ്രസിഡന്റ് സ്ഥാനത്ത് നിന്ന് മോഹന്‍ലാല്‍ രാജി വെച്ചത്. ഇതിന് പിന്നാലെ അമ്മ ഭരണസമിതിയൊന്നാകെ പിരിച്ചുവിടുകയായിരുന്നു. പിന്നീട് കഴിഞ്ഞ മാസം തിരഞ്ഞെടുക്കപ്പെട്ട പുതിയ ഭരണസമിതി വരുന്നത് വരെ അഡ്‌ഹോക്ക് കമ്മിറ്റിയായിരുന്നു സംഘടനയുടെ കാര്യങ്ങള്‍ ചലിപ്പിച്ചത്.












Click it and Unblock the Notifications