'സിനിമ ചെയ്യുന്നത് ക്രൈം ആണോ..?'; റിവ്യൂകളില്‍ ടൊവിനോയ്ക്ക് പറയാനുള്ളത് ഇത്
കൊച്ചി: സിനിമ റിവ്യൂ സംബന്ധിച്ച വിവാദങ്ങളില്‍ പ്രതികരണവുമായി നടന്‍ ടൊവിനോ തോമസ്. സത്യസന്ധമായി നിരൂപണം ചെയ്യുന്നവര്‍ വലിയ ഊര്‍ജമാണ് തന്നെപ്പോലുള്ളവര്‍ക്ക് നല്‍കുന്നത് എന്നും എന്നാല്‍ റിവ്യൂവിന്റെ പേരില്‍ വ്യക്തിഹത്യ നടത്തുന്നതിനെ അംഗീകരിക്കാനാവില്ല എന്നുമാണ് ടൊവിനോ തോമസ് പറയുന്നത്. ഡോ ബിജു സംവിധാനം ചെയ്യുന്ന അദൃശ്യ ജാലകങ്ങള്‍ എന്ന സിനിമയുടെ പ്രമോഷന്റെ ഭാഗമായി വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ടൊവിനോ.
സിനിമ ചെയ്യുന്നത് വലിയൊരു ക്രൈം ആണോ എന്നും സിനിമയേക്കാള്‍ കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെടേണ്ട ഒരുപാട് വിഷയങ്ങള്‍ നമുക്ക് ചുറ്റം നടക്കുന്നുണ്ട് എന്നും ടൊവിനോ ചൂണ്ടിക്കാട്ടി. മോശമായത് മോശമായി എന്ന് പറയുമ്പോള്‍ അത് സ്വയം മെച്ചപ്പെടുത്താനുള്ള അവസരം കൂടിയാണ് നല്‍കുന്നത്. സിനിമയെ പറ്റി അഭിപ്രായം പറയുന്നതും പറയാതിരിക്കുന്നതും ഓരോരുത്തരുടെയും വ്യക്തിപരമായ കാര്യങ്ങളാണ് എന്നും ടൊവിനോ പറഞ്ഞു.

'എന്നാല്‍ നിരൂപണം എന്ന പേരില്‍ വ്യക്തിഹത്യ ചെയ്യുന്നതിനോട് യോജിപ്പില്ല. ഞാന്‍ അത് പറഞ്ഞെന്ന് കരുതി ഇനിയൊരിക്കലും ഇവിടെ വ്യക്തിഹത്യകള്‍ നടക്കാതിരിക്കില്ല. അത് ചെയ്യുന്നവര്‍ ഇനിയും ചെയ്ത് കൊണ്ടിരിക്കും. അതിലൂടെ അവര്‍ക്ക് എന്തെങ്കിലും കിട്ടുന്നെങ്കില്‍ കിട്ടിക്കോട്ടെ', ടൊവിനോ തോമസ് പറഞ്ഞു. ഇത്തരം വ്യക്തിഹത്യകള്‍ കാരണം ജീവിതത്തില്‍ വലിയ വിഷമങ്ങള്‍ അനുഭവിച്ചിട്ടുള്ള പലരെയും തനിക്കറിയാമെന്നും അദ്ദേഹം വ്യക്തമാക്കി.
സത്യസന്ധമായി അഭിപ്രായം പറയുന്ന റിവ്യൂവേഴ്‌സിനോട് തനിക്കൊരു വൈരാഗ്യവുമില്ല എന്നും താരം പറഞ്ഞു. അവരോട് സ്‌നേഹം മാത്രമേയുള്ളൂ. അത്തരം ആളുകള്‍ അറിഞ്ഞോ അറിയാതെയോ നമ്മുടെ ഉള്ളില്‍ ഒരു ഫയര്‍ കത്തിക്കുന്നുണ്ട് എന്ന് ടൊവിനോ കൂട്ടിച്ചേര്‍ത്തു. റിവ്യൂവേഴ്സ് അറിഞ്ഞോ അറിയാതെയോ ഇംപ്രൂവ്‌മെന്റിനുള്ള ഒരു സാധ്യത ഉണ്ടാക്കി തരുന്നുണ്ട് എന്നും അദ്ദേഹം സമ്മതിച്ചു.
ഒരിക്കല്‍ മോശമായെന്ന് പറയുന്ന ആളെക്കൊണ്ടു തന്നെ നന്നായി ചെയ്തു എന്ന് പറയിപ്പിക്കാനുള്ള ശ്രമങ്ങള്‍ താന്‍ നടത്താറുണ്ട് എന്നും ടൊവിനോ പറഞ്ഞു. അതിനായി നല്ല സിനിമകള്‍ ചെയ്യുന്നുണ്ടെന്നും താരം വ്യക്തമാക്കി. അതിനാല്‍ അവരോട് നന്ദിയും സ്‌നേഹവും ഉണ്ടെന്നും അവര്‍ക്ക് അതിലൂടെ സബ്‌സ്‌ക്രൈബേഴ്‌സും പൈസയും ഒക്കെ കിട്ടട്ടെ എന്നും ടൊവിനോ ആശംസിച്ചു.
'തെറ്റായ ആളുകളാണ് പലപ്പോഴും സെലിബ്രേറ്റ് ചെയ്യപ്പെടുന്നത്. ഒന്നോ രണ്ടോ യൂട്യൂബേഴ്‌സ് ചെയ്യുന്ന പ്രവൃത്തിക്ക് എല്ലാവരും പഴി കേള്‍ക്കുന്നു. അത് തന്നെയാണ് സിനിമയിലും നടന്നിട്ടുള്ളത്. ചിലര്‍ ചെയ്യുന്ന തെറ്റിന് ഒരു ഇന്‍ഡസ്ട്രിയെ മുഴുവനാണ് കുറ്റം പറയുന്നത്, ''ടൊവിനോ തോമസ് പറഞ്ഞു.












Click it and Unblock the Notifications