'അവളുടെ മുന്നിൽ കരഞ്ഞില്ല, പക്ഷേ ആശുപത്രിയുടെ വരാന്തയിലൂടെ ഞാൻ കരഞ്ഞുകൊണ്ടുനടന്നു'; കീർത്തി സുരേഷ്
ഒരു മാസം മുൻപാണ് കീർത്തി സുരേഷിന്റെ ബാല്യകാല സുഹൃത്ത് മനീഷ നായർ അന്തരിച്ച്. ബ്രെയിൻ ട്യൂമറിന് ചികിത്സയിലായിരുന്നു മനീഷ. മനീഷയുടെ ജന്മദിനത്തിലാണ് കീർത്തി സുരേഷ് സുഹൃത്തിനെക്കുറിച്ചുള്ള ഓർമകൾ പങ്കുവെച്ചത്. മനീഷയ്ക്കൊപ്പമുള്ള ഫോട്ടോയും താരം പങ്കുവെച്ചു.
സുഹൃത്തിനെ ബോധരഹിതയായി അവസാനമായി കണ്ടത് തനിക്ക് മറക്കാൻ കഴിയില്ലെന്നും ഇനിയും പൂർത്തീകരിക്കാൻ കഴിയാത്ത ഒരുപാട് സ്വപ്‌നങ്ങൾ ഉള്ള ഒരാൾക്ക് എന്തിനാണ് ഇങ്ങനെ സംഭവിച്ചതെന്നായിരുന്നു തന്നെ വേട്ടയാടുന്ന ചോദ്യമെന്നും കീർത്തി കുറിച്ചു. അവളുടെ ഇച്ഛാശക്തി അസാധാരണമായിരുന്നു, കഠിനമായ വേദന ഉണ്ടായിരുന്നിട്ടും അവൾ ഒരിക്കലും തളർന്നില്ലെന്നും കീർത്തി കുറിച്ചു.

കീർത്തി പങ്കുവെച്ച കുറിപ്പ്:
കഴിഞ്ഞ ഏതാനും ആഴ്ചകൾ അവിശ്വസനീയമാംവിധം കഠിനമായിരുന്നു. ഇത്രയും ചെറുപ്പത്തിൽ എൻ്റെ ബാല്യകാല സുഹൃത്തിനെ നഷ്ടപ്പെട്ടത് ഉൾക്കൊള്ളാൻ പ്രയാസമാണ്. 21-ാം വയസ്സിൽ അവൾക്ക് ഗുരുതരമായ ബ്രെയിൻ ട്യൂമർ ഉണ്ടെന്ന് കണ്ടെത്തി, കഴിഞ്ഞ മാസം വരെ ഏകദേശം എട്ട് വർഷത്തോളം അവൾ അതിനോട് പോരാടി.
അവൾ സമാനതകളില്ലാത്തവളായിരുന്നു, കഴിഞ്ഞ നവംബറിൽ അവളുടെ മൂന്നമാക്കെ സർജറിക്ക് വിധേയയാകുന്നത് വരെ ഇത്രയും ഇച്ഛാശക്തിയുള്ള മറ്റൊരാളെയും ഞാൻ കണ്ടിട്ടില്ല. ഞങ്ങൾ ആഴത്തിലുള്ള സംഭാഷണം നടത്തിയത് അന്നായിരുന്നു. ഇനി വേദന സഹിക്കാൻ വയ്യ എന്ന് പറഞ്ഞ് അവൾ കരഞ്ഞു. അവളുടെ മുന്നിൽ ഞാൻ കരയാതെ പിടിച്ചുനിന്നു, പക്ഷേ പുറത്തിറങ്ങിയ നിമിഷം കണ്ണടയും മാസ്ക്കും ധരിച്ച് ആശുപത്രിയുടെ ഇടനാഴിയിലൂടെ ഞാൻ കരഞ്ഞുകൊണ്ട് നടന്നു.
അവളെ ബോധരഹിതയായി അവസാനമായി കണ്ടത് എനിക്ക് മറക്കാൻ കഴിയില്ല. ഇനിയും പൂർത്തീകരിക്കാൻ കഴിയാത്ത ഒരുപാട് സ്വപ്‌നങ്ങൾ ഉള്ള ഒരാൾക്ക് എന്തിനാണ് ഇങ്ങനെ സംഭവിച്ചതെന്നായിരുന്നു എന്നെ വേട്ടയാടുന്ന ചോദ്യം. ഇപ്പോളും എനിക്ക് ഉത്തരമില്ല.
ട്യൂമറിൻ്റെ കാഠിന്യം അവളെ വേഗത്തിൽ കൊണ്ടുപോകുമായിരുന്നു., പക്ഷേ അവസാന ശ്വാസം വരെ അവൾ ധൈര്യത്തോടെ പോരാടി. അവളുടെ ഇച്ഛാശക്തി അസാധാരണമായിരുന്നു, കഠിനമായ വേദന ഉണ്ടായിരുന്നിട്ടും അവൾ ഒരിക്കലും തളർന്നില്ല. നീ ഞങ്ങളെ വിട്ടു പിരിഞ്ഞിട്ട് കൃത്യം ഒരു മാസം തികയുന്നു. മച്ചുട്ടാ നിന്നെ കുറിച്ച് ചിന്തിക്കാതെ ഒരു ദിവസം പോലും കടന്നു പോകുന്നില്ല. ഇന്ന് നിന്റെ ജന്മദിനമാണ്, ഞാൻ നിന്നെ സ്നേഹപൂർവ്വം ഓർക്കുന്നു, അത് എന്നേക്കും തുടരും, എന്നാണ് കീർത്തി കുറിച്ചത്.












Click it and Unblock the Notifications