പാപ്പുവിന്റെ ആ ചോദ്യമാണ് എന്നെ മാറ്റിയത്; മിണ്ടാതിരുന്നില്ല, പ്രതികരിക്കാന്‍ തീരുമാനിച്ചു: അമൃത സുരേഷ്
ജീവിതത്തില്‍ ഒരുപാട് വേനകള്‍ അനുഭവിക്കേണ്ടി വന്നിട്ടുണ്ടെങ്കിലും ഇപ്പോള്‍ അക്കാര്യങ്ങളൊക്കെ ചിരിച്ചുകൊണ്ട് പറയാനുള്ള സ്ഥിതിയായെന്ന് ഗായിക അമൃത സുരേഷ്. ഒരു റിയാലിറ്റി ഷോ ജീവിതത്തെ ഇങ്ങനെ മാറ്റിമറിക്കുമെന്ന് കരുതിയിരുന്നില്ല. അനുഭവിച്ച വേദനകള്‍ ചെറുതായിരുന്നില്ലെന്നും അമൃത പറഞ്ഞു. സഹോദരി അഭിരാമിക്കും മകള്‍ പാപ്പുവിനുമൊപ്പം ഗൃഹലക്ഷ്മിക്ക് അനുവദിച്ച പ്രത്യേക അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അമൃത.
'വിവാഹവും വിവാദവും അങ്ങനെ പലതുമായി എയർറില്‍ നിന്നും ഇറങ്ങാന്‍ സമയം കിട്ടിയില്ല. ജീവിതത്തില്‍ അനുഭവിച്ച വേദനകള്‍ ചെറുതായിരുന്നില്ല.സ്വന്തം കാലിൽ നിൽക്കാൻ പഠിക്കണമെന്ന് പറഞ്ഞാണ് അച്ഛനും അമ്മയും ഞങ്ങളെ വളർത്തിയത്. അവർ പറയുന്നത് അനുസരിക്കാതെ ഞാന്‍ എന്റെ ജീവിതത്തിലെ ഏറ്റവും വലിയ തീരുമാനമെടുത്തു. അതിന് വലിയ വിലകൊടുക്കേണ്ടിവന്നു. അപ്പോഴും അവർ കുറ്റപ്പെടുത്താതെ കൂടെനിൽക്കുകയാണുണ്ടായത്.' അമൃത പറയുന്നു.

വനവാസം 14 വർഷമാണെന്നാണ് പുരാണത്തില്‍ പറയുന്നത്. അങ്ങനെ ഒരു വനവാസമായിരുന്നു ഞങ്ങളുടേതും. സോഷ്യല്‍ മീഡിയയിലൂടെ വലിയ രീതിയിലുള്ള ദുരനുഭവങ്ങളാണ് നേരിട്ടത്. മനസ്സ് മരവിച്ച അവസ്ഥയിലേക്ക് പോയി. ഡിപ്രഷന്റെ ഭീകരമുഖം കണ്ടു. എന്റെ തീരുമാനമായിരുന്നു അതിനൊക്കെ കാരണം. അതിന്റെ പ്രശ്നങ്ങളൊക്കെ എന്നില്‍ മാത്രം ഒതുങ്ങേണ്ടതായിരുന്നു. എന്നാല്‍ സംഭവിച്ചത് അങ്ങനെ ആയിരുന്നില്ല. അച്ഛനും അമ്മയും വരെ കുറ്റക്കാരാണെന്ന് ചിലർ വിധിച്ചു.
വളർത്തു ദോഷമാണെന്നായിരുന്നു പലരും പറഞ്ഞു. ഇതൊക്കെ കേട്ട് ബന്ധുക്കള്‍ക്ക് നാട്ടുകാർക്കും മുന്നില്‍ മറുപടിയില്ലാതെ തലകുനിച്ച് നില്‍ക്കേണ്ട അവസ്ഥയുണ്ടായിട്ടുണ്ട് അവർക്ക്. എല്ലാവരോടും എല്ലാ കാര്യങ്ങളും തുറന്ന് പറയാന്‍ സാധിക്കില്ലല്ലോ. അപ്പുറത്ത് നില്‍ക്കുന്നവർ പറയുന്നതാണ് ശരിയെന്ന് കണ്ണടച്ച് വിശ്വസിക്കുന്നവരും കുറവായിരുന്നില്ല. അന്നൊക്കെ സോഷ്യല്‍ മീഡിയ തുറക്കാന്‍ ഭയമായിരുന്നുവെന്നും അമൃത പറയുന്നു.
സഹിക്കാനാവാത്ത തരത്തിലുള്ള വെറുപ്പ് എനിക്കെതിരെയുണ്ടായി. എന്നാല്‍ മറുപക്ഷത്ത് എല്ലാം എനുകൂലമായിരുന്നു. അമ്മ ചീത്തയല്ലേ, എന്നിട്ടും എന്തിനാണ് അമ്മയോടൊപ്പം നില്‍ക്കുന്നതെന്ന ചോദ്യങ്ങള്‍ പാപ്പു കേള്‍ക്കേണ്ടി വന്നു. നിരന്തരം ഇത്തരം ചോദ്യങ്ങള്‍ കേള്‍ക്കേണ്ടി വന്നപ്പോള്‍ അവള്‍ വീട്ടില്‍ വന്ന് കരച്ചിലായി. മമ്മി ഇങ്ങനെ മിണ്ടാതിരിക്കുന്നത് കൊണ്ടല്ലേ ഞാനിത് കേള്‍ക്കേണ്ടി വന്നത് എന്നവള്‍ ചോദിച്ചു. അതോടെയാണ് പ്രതികരിക്കാന്‍ തുടങ്ങിയത്. അതായത് പ്രതികരിക്കാന്‍ ഊർജ്ജം തന്നത് പാപ്പുവാണ്.
ഇത്തരം വിവാദങ്ങള്‍ക്ക് ഇടയില്‍ ഞങ്ങള്‍ക്ക് മനസ്സമാധാനം മാത്രമല്ല അവസരങ്ങളും കൂടിയാണ് നഷ്ടമായത്. സിനിമയില്‍ എന്നെ പാടിക്കരുതെന്ന രീതിയുള്ള പരോക്ഷമായ വിലക്ക് ചിലരുടെ ഭാഗത്ത് നിന്നുമുണ്ടായി. അതായത് പാടി റിലീസ് കാത്തിരുന്ന സിനിമകളില്‍ നിന്ന് പോലും ഞാന്‍ പാടിയ പാട്ടുകള്‍ ഒഴിവാക്കിയിട്ടുണ്ട്. പാടാന്‍ വിളിക്കരുത്, അവസരം കൊടുക്കരുത് എന്നൊക്കെ ഫോള്‍ വളിച്ച് ആവശ്യപ്പെട്ടിരുന്നതായി പലരും പറഞ്ഞിട്ടുണ്ട്. എനിക്ക് മാത്രമല്ല, അഭിരാമിക്കും നഷ്ടമായി.
കൈനിറയെ പണവും സ്വാധീനവുമുള്ളവരെ നേരിടുക എന്നുള്ളത് ഞങ്ങള്‍ക്ക് എളുപ്പമായിരുന്നില്ല. പാപ്പുവിനെ ഇതൊന്നും ബാധിക്കരുതെന്നും ഉണ്ടായിരുന്നു. കൂടുതൽ അപമാനവും ആക്രമണവും ഭയന്ന് നിശബ്ദരാകുന്നവരാണ് സ്ത്രീകളിൽ ഏറെയും. പക്ഷേ നോ എന്നതാണ് നമ്മുടെ തീരുമാനമെങ്കിൽ ആരുടെയും നിർബന്ധത്തിന് വഴങ്ങി അതിനെ യെസ് എന്ന് തിരുത്തരുതെന്നാണ് എനിക്കിപ്പോൾ പറയാനുള്ളത്. ഡൊമസ്റ്റിക് വയലൻസ് ഉൾപ്പെടെ എന്തുതരം അതിക്രമത്തിന് ഇരയായാലും അപ്പോൾതന്നെ പ്രതികരിക്കണമെന്നും അഭിമുഖത്തില്‍ അമൃത സുരേഷ് കൂട്ടിച്ചേർക്കുന്നു.












Click it and Unblock the Notifications