ധനുഷിന്റെ 'രായൻ' ഫോണിൽ പകർത്താൻ ശ്രമം; രണ്ട് പേർ പിടിയിൽ, നടപടി സുപ്രിയ മേനോന്റെ പരാതിയിൽ
തിരുവനന്തപുരം: സിനിമകളുടെ വ്യാജ പതിപ്പുകൾ തിയേറ്ററുകളിൽ നിന്ന് തന്നെ പകർത്തുന്ന സംഘത്തിലെ രണ്ട് പേർ പിടിയിൽ. തിരുവനന്തപുരം ഏരീസ് പ്ലക്‌സ് തിയറ്ററിൽ വച്ചാണ് സംഭവം. നിർമ്മാതാവ് സുപ്രിയ മേനോൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് നടപടി. ധനുഷ് സംവിധാനം ചെയ്‌ത ഏറ്റവും പുതിയ തമിഴ് ചിത്രമായ രായൻ മൊബൈലിൽ പകർത്തുന്നതിനിടെയാണ് സംഭവം.
നേരത്തെ പൃഥ്വിരാജ് നായകനായി എത്തിയ ഗുരുവായൂരമ്പല നടയിൽ എന്ന ചിത്രത്തിന്റെ വ്യാജ പതിപ്പ് റിലീസിന് പിന്നാലെ ചോർന്നിരുന്നു. ഈ ചിത്രം നിർമ്മിച്ചതും പൃഥ്വിരാജ് പ്രൊഡക്ഷൻസ് ആയിരുന്നു. ഇതിന് പിന്നാലെ സുപ്രിയ മേനോൻ വിഷയത്തിൽ അന്വേഷണം ആവശ്യപ്പെട്ട് പോലീസിൽ പരാതി നൽകുകയായിരുന്നു. ഇതോടെയാണ് സംഘത്തിലെ രണ്ട് പേർ വലയിലായത്.

മധുര സ്വദേശി സ്‌റ്റീഫനാണ് അറസ്‌റ്റിൽ ആയവരിൽ ഒരാൾ. കാക്കനാട് സൈബർ പോലീസാണ് അറസ്‌റ്റ് നടത്തിയത്. ഇയാളുടെ ഒപ്പം ഉണ്ടായിരുന്ന മറ്റൊരാളെ പോലീസ് ചോദ്യം ചെയ്യുകയും ചെയ്‌തിരുന്നു. നേരത്തെ ഗുരുവായൂർ അമ്പലനടയിൽ സിനിമയും സമാന രീതിയിൽ മൊബൈലിൽ പകർത്തിയതും ഇയാളാണെന്ന് പോലീസ് വ്യക്തമാക്കി.
ഗുരുവായൂർ അമ്പലനടയിൽ സിനിമയുടെ വ്യാജ പതിപ്പ് ട്രെയിൻ യാത്രക്കാരൻ കാണുന്നൊരു വീഡിയോ വലിയ രീതിയിൽ പ്രചരിച്ചിരുന്നു. തുടർന്ന് ഇതിനെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഏരീസ് പ്ലക്‌സിൽ നിന്നാണ് ചിത്രത്തിന്റെ വ്യാജ പതിപ്പ് ഷൂട്ട് ചെയ്‌തതെന്ന് കണ്ടെത്തിയിരുന്നു. വീഡിയോയിലെ വാട്ടർമാർക്കിൽ നിന്നായിരുന്നു നിർണായക കണ്ടെത്തൽ.
പിന്നീട് ഇതിനെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ ഒരേ സീറ്റ് ബുക്ക് ചെയ്യുന്ന സംഘത്തെ ലക്‌ഷ്യം വയ്ക്കുകയായിരുന്നു. അങ്ങനെയാണ് സ്‌റ്റീഫനും സംഘവും പോലീസിന്റെ വലയിലായത്. രായൻ എന്ന ചിത്രം ട്രൈപ്പോഡ് ഉപയോഗിച്ച് മൊബൈലിൽ പകർത്തി അപ്‌ലോഡ് ചെയ്യാനായിരുന്നു പദ്ധതി. അതിനിടെയായിരുന്നു അറസ്‌റ്റ്.
മഹാരാജ, കൽക്കി, ഒരു സ്മാർട്ട് ഫോൺ തുടങ്ങിയ ചിത്രങ്ങളുടെ വ്യാജ പതിപ്പും ഇയാൾ സമാനരീതിയിൽ പകർത്തിയതായി പോലീസ് കണ്ടെത്തിയിട്ടുണ്ട്. പ്രതിയുടെ മൊബൈൽ ഫോൺ സൈബർ ഫോറൻസിക്ക് വിഭാഗം വിശദമായി പരിശോധിക്കും എന്നാണ് അറിയിച്ചിട്ടുള്ളത്.
അടുത്തിടെ പുറത്തിറങ്ങിയ പൃഥ്വിരാജ് നായകനായ 'ആടുജീവിത'ത്തിന്റെ മോഷണ പതിപ്പ് ഓൺലൈനിൽ ചോർന്നതിനെ തുടർന്ന് സംവിധായകൻ ബ്ലെസി എറണാകുളം സൈബർ സെല്ലിൽ പരാതി നൽകിയിരുന്നു. റിലീസ് ചെയ്‌ത അതേ ദിവസം തന്നെ സിനിമയുടെ അനധികൃത പകർപ്പ് ചോർന്നുവെന്ന് ആരോപിച്ചായിരുന്നു ബ്ലെസിയുടെ പരാതി.












Click it and Unblock the Notifications