'ബിഗ് ബോസിലെ ഒരു താരം ആത്മഹത്യക്ക് ശ്രമിച്ചു': ഷോയ്ക്ക് പിന്നില്‍ 350 വരെ ആളുകളെന്നും വെളിപ്പെടുത്തല്‍
മലയാളത്തില്‍ ബിഗ് ബോസ് അള്‍ട്ടിമേറ്റ് സീസണെക്കുറിച്ചുള്ള ആലോചനകള്‍ ഇതുവരെ ഉണ്ടായിട്ടില്ലെന്ന് ബിഗ് ബോസ് ക്രിയേറ്റീവ് ഡയറക്ടർ ഹാഫിസ്. തമിഴില്‍ മാത്രമാണ് മുന്‍ താരങ്ങള്‍ മത്സരിക്കുന്ന അള്‍ട്ടിമേറ്റ് ഷോ ഉണ്ടായിട്ടുള്ളത്. മലയാളത്തില്‍ ഉണ്ടാവുമോ എന്ന് അറിയില്ല. അങ്ങനെ ഒരു സീസണ്‍ വന്നാല്‍ തീർച്ചയായും നന്നായിരിക്കുമെന്നും അദ്ദേഹം പറയുന്നു. മൈല്‍ സ്റ്റോണ്‍ മേക്കേഴ്സിന് അനുവദിച്ച പ്രത്യേക അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ഹാഫിസ്.
ഇതുവരേയുള്ള ബിഗ് ബോസ് സീസണ്‍ എടുത്ത് നോക്കിയാല്‍ മികച്ച ഒരുപാട് മത്സരാർത്ഥികളുണ്ട്. സീസണ്‍ വണ്ണിലെ സാബു, ഷിയാസ്, സീസണ്‍ 4 ലെ റിയാസ് തുടങ്ങിയവരൊക്കെ ഉദാഹരണങ്ങളാണ്. ഈ മൂന്ന് പേരെ പെട്ടെന്ന് ഓർമ്മ വന്നുവെന്നേയുള്ളു. ക്രൂവിന് ഒരു തലവേദനയായി മാറിയ മത്സരാർത്ഥികളൊന്നും ആരും ഇല്ല. ചിലപ്പോള്‍ ചില താരങ്ങള്‍ അവരുടെ സമ്മർദ്ദങ്ങള്‍ക്ക് അനുസരിച്ചായിരിക്കും പ്രവർത്തിക്കുക. എന്ത് തന്നെയായാലും പുതിയ ഒരാളായിട്ടായിരിക്കും പുറത്തിറങ്ങുക.

പുറത്ത് ആരോടെങ്കിലും അടിയുണ്ടാക്കിയാല്‍ നമുക്ക് എങ്ങോട്ടെങ്കിലും ഇറങ്ങിപ്പോവാം. എന്നാല്‍ ബിഗ് ബോസില്‍ അതൊന്നും സാധിക്കില്ല. ആരോടെങ്കിലും അടിയുണ്ടാക്കിയാല്‍ അവരെ തന്നെ വീണ്ടും കണ്ടുകൊണ്ടേയിരിക്കണം. പുറത്ത് നിന്ന് നോക്കുമ്പോള്‍ നമുക്ക് അവിടെ കയറി ഗെയിം ചേഞ്ച് ചെയ്യാന്‍ സാധിക്കും എന്നൊക്കെ കരുതും. എന്നാല്‍ അതിന് ഉള്ളിലെത്തിയാല്‍ അതിനൊന്നും സാധിച്ചെന്ന് വരില്ല. എന്നെ ഒരു മത്സരാർത്ഥിയായി വിളിച്ചാല്‍ ഞാന്‍ പോവില്ലെന്നും ഹാഫിസ് പറയുന്നു.
ടെന്‍ഷന്‍ അടിച്ച ഒരുപാട് സമയങ്ങള്‍ ഉണ്ടായിട്ടുണ്ട്. അന്നത്തെ വർക്ക് എല്ലാം തീർത്ത് വീട്ടിലെത്തി കുളിച്ച് കിടക്കാന്‍ നോക്കുമ്പോഴായിരിക്കും അവിടെ എന്തെങ്കിലും അടി നടക്കുന്നത്. അപ്പോള്‍ നമ്മള്‍ ഇവിടെ നിന്ന് ഇറങ്ങി പോവേണ്ടി വരും. അത്തരത്തില്‍ ഒരു പ്രധാന വിഷയം ഉണ്ടാവുന്നത് ബിഗ് ബോസ് തമിഴ് സീസണ്‍ 3 ചെയ്തുകൊണ്ടിരിക്കുമ്പോഴാണ്. അതിലെ മത്സരാർത്ഥിയായ മധുമിത ഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിക്കുകയായിരുന്നു. ഭാഗ്യത്തിന് അധികം മുറിഞ്ഞില്ല. രണ്ട് മൂന്ന് വരകള്‍ മാത്രമേ വീണിരുന്നുള്ളു. താരത്തെ ഉടന്‍ തന്നെ ആശുപത്രിയിലെത്തിക്കുകയും പിന്നീട് സീസണില്‍ നിന്ന് പുറത്താക്കുകയും ചെയ്തു.

350 വരെ ബിഗ് ബോസ് ഷോയ്ക്ക് വേണ്ടി പിന്നണിയില്‍ പ്രവർത്തിക്കുന്നുണ്ട്. പല ഷിഫ്റ്റുകളിലായിട്ടാണ് ജോലി സജ്ജീകരിച്ചിരിക്കുന്നത്. ഒരു ക്യാമറ ആദ്യ ദിവസം ഓണ്‍ ചെയ്ത് കഴിഞ്ഞാല്‍ പിന്നീട് അത് ഓഫ് ചെയ്യുന്നത് ഗ്രാന്‍ഡ് ഫിനാലെ ദിവസമാണ്. അവസാന രണ്ട് മത്സരാർത്ഥികളുമായി മോഹന്‍ലാല്‍ പുറത്ത് ഇറങ്ങുന്നതോടെ വേദിയിലെ ലൈറ്റ് ഓഫ് ആകുന്നതിനോടൊപ്പം തന്നെ ക്യാമറയും ഓഫാകും.
ബിഗ് ബോസ് വീടും ലാലേട്ടന്‍ നില്‍ക്കുന്ന സ്റ്റുഡിയോയും തമ്മില്‍ പുറത്ത് പ്രചരിക്കുന്നത് പോലെ വലിയ അകലമൊന്നുമില്ല. കഴിഞ്ഞ തവണ 20 അടി മാത്രമേ ഉണ്ടായിരുന്നുള്ളു. ഇത്തവണ അത് 800 മീറ്ററാണ്. ഇതും രണ്ടും തമ്മിലുള്ള അകലം വളരെയധികമാക്കാന്‍ സാധിക്കില്ല. ബിഗ് ബോസ് എന്ന് പറയുന്നത് ഒരാള്‍ തന്നെയാണ്. സാഹചര്യങ്ങള്‍ക്ക് അനുസരിച്ചാണ് അദ്ദേഹം പ്രതികരിക്കുന്നത്. ചിലപ്പോള്‍ എഴുതിവെച്ച് സംസാരിക്കും, അല്ലെങ്കില്‍ സ്വാഭാവികമായ രീതിയില്‍ സംസാരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
റിയാസ് സലീം എന്ന് പറയുന്നത് ഒരു ബ്യൂട്ടിഫുള്‍ ഗെയിമർ ആണെന്നും ഹാഫിസ് അഭിപ്രായപ്പെട്ടു. സീസണ്‍ 4 ലേക്ക് വൈല്‍ഡ് കാർഡ് എന്‍ട്രിയായി വന്ന് അത്രയും നന്നായി മാറ്റങ്ങള്‍ കൊണ്ടുവന്നു എന്നുള്ളതാണ് ശ്രദ്ധേയം. ടോപ്പ് 3 ആയിട്ടാണ് അദ്ദേഹം സീസണില്‍ നിന്നും ഇറങ്ങുന്നത്. വൈല്‍ഡ് കാർഡിലൂടെ ഷോയിലേക്ക് വരുന്ന ആളുകള്‍ക്ക് കാര്യങ്ങള്‍ കുറച്ചൂകൂടി പ്രയാസമാണ്. അവിടെ എന്തെങ്കിലും ചലനം ഉണ്ടാക്കാന്‍ അവർക്ക് കഴിയണമെങ്കില്‍ മികച്ച ഗെയിമറായിരിക്കണം. റിയാസ് അത്തരമൊരു താരമാണെന്നും ഹാഫിസ് പറഞ്ഞു.












Click it and Unblock the Notifications