അഖില്‍ മാരാർ ഒരിടത്തും അങ്ങനെ പറഞ്ഞതായി ഞാന്‍ കേട്ടിട്ടില്ല; കേസ് എന്താവുമെന്നും സായി കൃഷ്ണ
കൊല്ലം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിക്കെതിരെ പ്രചരണം നടത്തിയതിന് ബിഗ് ബോസ് മലയാളം സീസണ്‍ 5 ജേതാവും സംവിധായകനുമായ അഖില്‍ മാരാർക്കെതിരെ കഴിഞ്ഞ ദിവസം പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു. ചൂരല്‍മല, മുണ്ടക്കൈ ഉരുള്‍പൊട്ടലിന്റെ പശ്ചാത്തലത്തില്‍ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന ചെയ്യണമെന്ന അഭ്യര്‍ഥനയ്‌ക്കെതിരേ പ്രചാരണം നടത്തിയതിനായിരുന്നു അഖില്‍ മാരാർക്കെതിരായ നടപടി.
എറണാകുളം ഇന്‍ഫോപാർക്ക് പോലീസാണ് അഖില്‍ മാരാരുടെ പേരില്‍ കേസെടുത്തത്. എന്നാല്‍ ഇതിന് പിന്നാലെയും രൂക്ഷമായ വിമർശനം അഖില്‍ മാരാർ നടത്തി. മുഖ്യമന്ത്രിയെയും തനിക്കെതിരേ കേസെടുക്കണമെന്ന് പോസ്റ്റിട്ട എഴുത്തുകാരന്‍ എന്‍ എസ് മാധവനെയും അഖില്‍ രൂക്ഷമായ ഭാഷയില്‍ വിമർശിക്കുന്നു.

ഇതിനിടെ അഖില്‍ മാരാറിനെ പിന്തുണച്ച് സീക്രട്ട് ഏജന്റ് എന്ന പേരില്‍ അറിയപ്പെടുന്ന യൂട്യൂബർ സായി കൃഷ്ണയും രംഗത്ത് വന്നു. താല്‍പര്യമുള്ളവർക്ക് എങ്ങനേയും സഹായം നല്‍കാം. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലൂടെ സംഭവാന കൊടുക്കുന്നവർക്ക് അങ്ങനെ കൊടുക്കാം. സ്വന്തം നിലയ്ക്ക് കൊടുക്കുന്നവരാണെങ്കില്‍ അങ്ങനേയും കൊടുക്കാം. അല്ലാതെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലൂടെ മാത്രമേ കൊടുക്കാവൂ എന്നൊരു നിയമം നമ്മുടെ നാട്ടിലില്ലെന്നും സായി കൃഷ്ണ വ്യക്തമാക്കുന്നു.
എങ്ങനെ ആയാലും അർഹതപ്പെട്ടവർക്ക് സഹായം ലഭിച്ചാല്‍ മതി. സർക്കാറിലൂടേയും അല്ലാതേയുമൊക്കെ സഹായം നല്‍കിയിട്ടും അർഹതപ്പെട്ടവർക്ക് ലഭിച്ചില്ലെങ്കില്‍ ഇതുകൊണ്ടൊന്നും കാര്യം ഉണ്ടാകില്ല. പിന്നെ ഒരാള്‍ ചിലവഴിക്കുന്ന തുക വ്യക്തിപരമായി ആരിലേക്ക് എത്തണം എന്നത് അയാളുടെ ആഗ്രഹമാണ്.
നല്ല കമ്മ്യൂണിസ്റ്റുകാർ ഒരുപാടുണ്ട്. എന്നാല്‍ പാർട്ടിയിലെ പിണറായി ഭക്തന്മാരെക്കൊണ്ട് ഒരു രക്ഷയുമില്ല. അവരുടെ അത്ര ക്യാപ്സൂള്‍ അടിച്ചിറക്കുന്ന ആളുകളെ ഞാന്‍ കണ്ടിട്ടില്ല. അവരെക്കൊണ്ടാണ് സോഷ്യല്‍ മീഡിയയില്‍ ഇരിക്കപ്പൊറുതി ഇല്ലാത്തത്. അഖില്‍ മാരാർ എന്ന വ്യക്തിക്ക് മാത്രമല്ല, വേറെ ഏതെങ്കിലും ഒരു വ്യക്തിക്ക് ആയാലും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പൈസ ഇടാന്‍ താല്‍പര്യമില്ലെങ്കില്‍ അവരെ നിർബന്ധിക്കാന്‍ സാധിക്കില്ലെന്നും സായി പറയുന്നു.
പാർട്ടിക്കാരുടെ കാര്യങ്ങള്‍ക്ക് വേണ്ടി ദുരിതാശ്വാസ നിധി വകമാറ്റി ചിലവഴിക്കാം എന്നതാണ് അഖില്‍ മാരാർ പറയുന്നത്. അങ്ങനെ ഇവിടെ സംഭവിച്ചിട്ടില്ലേ? അതിന്റെ പേരില്‍ ലോകായുക്തയില്‍ കേസ് ഉണ്ടായിട്ടില്ലേ. ദുരിതാശ്വാസ നിധിയിലേക്ക് കൊടുക്കാനെ പാടില്ലെന്ന് അഖില്‍ മാരാർ പറഞ്ഞിട്ടില്ല. പക്ഷെ സുതാര്യമാണോയെന്ന ഒരു ചോദ്യം ബാക്കിയുണ്ട്. അതിന്റെ പേരിലാണോ ഇപ്പോഴത്തെ കേസ് എന്ന് എനിക്ക് അറിയില്ല.
ഈ കേസുകളൊക്കെ നില്‍ക്കുമോയെന്ന് എനിക്ക് അറിയില്ല. തനിക്ക് ദുരിതാശ്വാസ നിധിയിലേക്ക് കൊടുക്കാന്‍ താല്‍പര്യമില്ലെന്നാണ് അഖില്‍ മാരാർ പറഞ്ഞത്. അല്ലാതെ വേറെ ആരോടും കൊടുക്കരുതെന്ന് പറഞ്ഞതായിട്ട് ഞാന്‍ എവിടേയും കണ്ടിട്ടും കേട്ടിട്ടുമില്ല. നിങ്ങള്‍ക്ക് ഇഷ്ടമുണ്ടെങ്കില്‍ കൊടുത്തോ, ഞാന്‍ കൊടുക്കുന്നില്ലെന്നാണ് അഖില്‍ പറഞ്ഞതെന്നും സായി കൂട്ടിച്ചേർക്കുന്നു.
അതേസമയം, വയനാട്ടിലെ ദുരന്തബാധിതര്‍ക്ക് വീട് വെച്ച് കൊടുക്കുന്നത് മറ്റുള്ളവരുടെ കൈയില്‍ നിന്ന് പണം പിരിച്ചിട്ടാണ് എന്ന് എവിടെ എങ്കിലും താന്‍ പറഞ്ഞിട്ടുണ്ടെങ്കില്‍ ശിഷ്ടകാലം കഴുത ആയി ജീവിക്കാന്‍ തയ്യാറാണ് എന്ന് അഖില്‍ മാരാര്‍ വെല്ലുവിളിച്ചു. തന്നെ വിമർശിച്ച എന്‍എസ് മാധവനുള്ള മറുപടിയായിട്ടായിരുന്നു അഖില്‍ മാരാരുടെ പ്രതികരണം.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് എന്‍എസ് മാധവന്‍ എന്താണ് നല്‍കിയത്. പഠിപ്പും വിവരവും അറിവും ഉള്ള ബുദ്ധി ജീവി കമ്മിയുടെ അവസ്ഥ ഇതാണെങ്കില്‍ അന്തം കമ്മികളുടെ കാര്യം പറയേണ്ടതില്ലല്ലോ. ഞാന്‍ പറഞ്ഞത് എന്താണെന്ന് പോലും നോക്കാതെ കമ്മി ഗ്രൂപ്പുകള്‍ പ്രചരിപ്പിക്കുന്ന ട്രോള്‍ പോസ്റ്റുകള്‍ കണ്ട് തന്റെ അഭിപ്രായം പറഞ്ഞിരിക്കുന്ന എന്‍എസ് മാധവന്‍ സാറിനോട് സഹതാപം മാത്രമെന്നും അഖില്‍ അഭിപ്രായപ്പെട്ടു.












Click it and Unblock the Notifications