ഗണേഷ് കുമാർ ചെയ്തത് വളരെ മോശം: സുരേഷ് ഗോപി, ഇടവേള ബാബു എന്നിവരെക്കുറിച്ച് അങ്ങനെ പറയരുത്: ധർമ്മജന്‍
കൊച്ചി: തന്റെ രാഷ്ട്രീയ നിലപാടുകള്‍ തുടരുമെന്ന് വ്യക്തമാക്കി നടന്‍ ധർമ്മജന്‍ ബോള്‍ഗാട്ടി. എനിക്ക് വ്യക്തമായ രാഷ്ട്രീയമുണ്ട്. അത് ചെറുപ്പം മുതലേയുള്ളതാണ്. അത് എനിക്ക് ഇപ്പോഴുമുണ്ട്, വിടുകയുമില്ല. ആ രാഷ്ട്രീയത്തില്‍ അടിയുറച്ച് നില്‍ക്കും. അതൊക്കെ വെച്ച് എന്നെ ആക്രമിക്കാന്‍ ആരും വരണ്ട. അതൊക്കെ കയ്യില്‍ മടക്കി വെച്ചാല്‍. എന്റെ രാഷ്ട്രീയമാണ് എന്റെ സന്ദേശമെന്നും ധർമ്മജന്‍ വ്യക്തമാക്കുന്നു.
ഷൂട്ടിങ്ങിന്റെ തിരക്കുകള്‍ ആയതിനാലാണ് രാഷ്ട്രീയ പ്രചരണത്തിലൊക്കെ സജീവമായി ഇറങ്ങാന്‍ സാധിക്കാത്തത്. കെ മുരളീധരന്റേയും ഹൈബിയുടേയും പ്രചരണത്തിന് പോയിരുന്നു. ആ സമയത്ത് ഒരു മാസത്തിലേറെ വളരെ തിരക്ക് പിടിച്ച ഷൂട്ടിങ്ങിലായിരുന്നു. ഒരു ദിവസം ഞാന്‍ മാറി നിന്നാല്‍ ഷൂട്ടിങ് മുടങ്ങുന്ന അവസ്ഥയായിരുന്നു. അല്ലെങ്കില്‍ ഞാന്‍ കേരളത്തിലുടനീളം സജീവമായി ഉണ്ടാകുമായിരുന്നു. ഷാഫി, ഡീനൊക്കെ നമ്മുടെ വളരെ വേണ്ടപ്പെട്ടവരാണ്.

സ്കൂളില്‍ നിന്നും സംഘടന പ്രവർത്തനം തുടങ്ങിയ വ്യക്തിയാണ് ഞാന്‍. കെ എസ് യു ജില്ലാ സെക്രട്ടറിയായിരുന്നു. സേവാദള്‍ ദേശീയ ക്യാമ്പില്‍ പങ്കെടുത്തു. നാട്ടിലെ യൂത്ത് കോണ്‍ഗ്രസ് ഭാരവാഹിയായിരുന്നു. അങ്ങനെ സംഘടനാപരമായി വളർന്ന് വന്നതാണ്. രമേഷ് പിഷാരടി സജീവ രാഷ്ട്രീയത്തിലെത്തുന്നത് 2019 ലാണ്. അവന്റെ വരവ് ഒരു ഒന്നൊന്നര വരവായിരുന്നു. കുറേയാളുകള്‍ക്ക് പ്രചേദനമാകുന്ന വരവായിരുന്നു അതെന്നും ധർമ്മജന്‍ പറയുന്നു.
2019 ലെ തിരഞ്ഞെടുപ്പില്‍ എനിക്ക് സീറ്റ് കിട്ടിയത് എങ്ങനെയാണെന്ന് എനിക്ക് അറിയില്ല. അവർ തന്നു, ഞാന്‍ നിന്നു, മാന്യമായി തോറ്റു. അതില്‍ വേറെ കഥയൊന്നും ഇല്ല. വേറെ രണ്ട് മൂന്ന് സ്ഥലങ്ങളും പറഞ്ഞിരുന്നെങ്കിലും അവിടെയാണ് കിട്ടയത്. എറണാകുളത്ത് നിന്ന് കോഴിക്കോട് ബാലുശ്ശേരി പോലുള്ള സ്ഥലത്ത് പോയി വിജയിക്കുന്നത് എളുപ്പമല്ല.
എല്ലായിടത്തും സ്ഥാനാർത്ഥി മോഹികളൊക്കെ ഉണ്ടാകും. ആരും ചതിച്ചു എന്നല്ല പറയുന്നത്. ബാലുശ്ശേരി എന്ന് പറയുന്നത് 45 വർഷത്തോളമായി ഇടതുമണ്ഡലമാണ്. എന്നെ പോലെത്തെ ഒരു മിമിക്രിക്കാരനെ അംഗീകരിക്കാന്‍ ബുദ്ധിമുട്ടായിരിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു.
ഇടവേള ബാബു ചേട്ടന്‍ അമ്മയില്‍ നിന്നും ഒഴിയുന്നത്, അമ്മയുടെ ചെറിയൊരു ഭാഗം പോകുന്നത് പോലെയാണ്. ഫോണിന്‍ തുമ്പത്ത് രണ്ട് റിങ് അടിച്ചാല്‍ കിട്ടുന്ന വ്യക്തിയാണ് അദ്ദേഹം. മാറുന്നതൊക്കെ നല്ലതാണ്. 25 വർഷമായി ഇത്രയും പണിയെടുത്ത ഒരാളെ മാറിയിരുന്ന് കുറ്റം പറയുക എന്നുള്ളത് വലിയ മോശമാണ്.
ഗണേഷ് കുമാർ, എനിക്ക് വളരെ അടുത്ത ബന്ധമുള്ള ആളാണ്. എന്നാല്‍ അങ്ങേര് ബാബു ചേട്ടനെ കുറ്റം പറഞ്ഞത് ശരിയല്ല. എനിക്ക് ഏറ്റവും ഇഷ്ട്ടപ്പെട്ട വ്യക്തിയാണ്, ഇപ്പോഴത്തെ മന്ത്രിയാണ്, എന്റെ ജേഷ്ഠ്യ സഹോദരനായി കരുതിയായാലും ഇടവേളെ ബാബുവിനേയും സുരേഷ് ഗോപിയേയും കുറിച്ച് അങ്ങനെ പറയാന്‍ പാടില്ലായിരുന്നു.
ലോക്സഭ തിരഞ്ഞെടുപ്പില്‍ തൃശൂരില്‍ മത്സരിച്ച മൂന്ന് പേരും വളരെ അടുത്ത ആളുകളാണ്. വ്യക്തമായ രാഷ്ട്രീയം ഉള്ളതുകൊണ്ട് കെ മുരളീധരന് വേണ്ടി പ്രചരണത്തിന് പോയി. സുരേഷ് ഗോപിയുടെ വിജയം സിനിമാക്കാരുടെ വിജയമാണ്, ആ മണ്ഡലത്തിലെ എല്ലാവരുടേയും നല്ലതിന് വേണ്ടിയുള്ള വിജയമായിട്ടാണ് ഞാന്‍ കാണുന്നത്. മുരളിചേട്ടനും സുനില്‍കുമാറുമൊക്കെ എവിടേയും നട്ടാല്‍ മുളയ്ക്കുന്ന വിത്താണ്. മൂന്ന് പേരേയും വേറെ വേറെ സ്ഥലത്ത് മത്സരിപ്പിച്ചിരുന്നെങ്കിലും മൂന്ന് പേരും വിജയിച്ചേനെ.
സുരേഷ് ഗോപിയുടെ വിജയം രാഷ്ട്രീയപരമല്ല, അദ്ദേഹത്തിന് കിട്ടിയ വോട്ടാണ്. ആരെന്ത് കുറ്റം പറഞ്ഞാലും അങ്ങേര് ചെയ്ത് കാര്യങ്ങളുടെ ഫലമാണ്. അദ്ദേഹത്തിന്റെ വ്യക്തിപ്രഭാവം ഭയങ്കരമാണ്. മറ്റുള്ളവർ ആരും ഇത് ചെയ്തില്ലെന്നല്ല പറയുന്നതെന്നും ധർമ്മജന്‍ കൂട്ടിച്ചേർക്കുന്നു.












Click it and Unblock the Notifications