ദിലീപിന് വേണ്ടിയാണ് ചെയ്തത് എന്ന് അറിഞ്ഞ് അതിജീവിത മിണ്ടാതിരുന്നോ?', പൾസർ സുനി എന്നെ ഒലത്തും'; രാഹുൽ ഈശ്വർ
നടി ആക്രമിക്കപ്പെട്ട കേസിൽ നടനും കേസിലെ എട്ടാം പ്രതിയുമായ ദിലീപിന് കുരുക്കുമുറുക്കുകയാണ് ഒന്നാം പ്രതിയായ പൾസർ സുനിയുടെ വെളിപ്പെടുത്തൽ. തനിക്ക് ഒരു കോടി രൂപയ്ക്ക് ദിലീപ് ക്വട്ടേഷൻ നൽകിയതാണെന്നും ക്വട്ടേഷൻ തുകയുടെ ആദ്യ ഘഡുവായി 70 ലക്ഷം രൂപ തനിക്ക് ദിലീപ് തന്നുവെന്നുമാണ് റിപ്പോർട്ടർ ചാനൽ നടത്തിയ സ്റ്റിംഗ് ഓപ്പറേഷനിൽ പൾസർ സുനി വെളിപ്പെടുത്തിയത്. കേസിലെ ഏറ്റവും നിർണായക ദൃശ്യങ്ങൾ അടങ്ങിയ മെമ്മറി കാർഡ് നശിപ്പിച്ചിട്ടില്ലെന്നും അത് മറ്റൊരു സ്ഥലത്ത് സുരക്ഷിതമായി ഉണ്ടെന്നും സുനി വെളിപ്പെടുത്തിയിട്ടുണ്ട്. ഇതോടെ കേസിൽ ദിലീപിന്റെ പങ്കിനെ കുറിച്ച് വീണ്ടും അന്വേഷണം ഉണ്ടാകുമോയെന്നാണ് ഉറ്റുനോക്കപ്പെടുന്നത്.
എന്നാൽ ഇപ്പോഴത്തെ വെളിപ്പെടുത്തൽ യാതൊരു ചലനവും കേസിൽ ഉണ്ടാക്കാൻ പോകുന്നില്ലെന്നും വിധി വരാനിരിക്കെ ദിലീപിനെ കുടുക്കാനുള്ള പൾസർ സുനിയിടെ നാടകമാണ് ഇതെന്നുമാണ് ദിലീപ് അനുകൂലിയായ രാഹുൽ ഈശ്വറിന്റെ വാദം. സുനിയുടെ വെളിപ്പെടുത്തൽ സംബന്ധിച്ച് റിപ്പോർട്ടർ ചാനലിൽ നടന്ന ചർച്ചയിൽ സംസാരിക്കുകയായിരുന്നു രാഹുൽ ഈശ്വർ. രാഹുലിന്റെ വാക്കുകളിലേക്ക്

'കേസിൽ ദിലീപിനെതിരെ കടുക് മണിയോളം പോലും തെളിവില്ലെന്നിരിക്കെ ദിലീപിനെ എതിർക്കുന്നവരും പൾസർ സുനിയും ചേർന്ന് ഒരു നാടകം കളിക്കുകയാണെന്ന് ആളുകൾ തെറ്റിധരിച്ചാൽ കുറ്റംപറയാൻ സാധിക്കില്ല. കഴിഞ്ഞ തവണ കേട്ടത് ദിലീപ് നാല് പോലീസുകാരെ കൊല്ലാൻ ശ്രമിച്ചുവെന്നാണ്. ആ കേസ് ഇതുവരെ പുരോഗമിച്ചിട്ടില്ല.
2014-15 വർഷമാണ് മഞ്ജു വാര്യരും ദിലീപും വേർപിരിയുന്നത്. അതിൽ പ്രതികാരം ചെയ്യുന്നത് അഞ്ച് വർഷത്തിന് ശേഷമാണോ? 2014 ൽ ദിലീപും കാവ്യ മാധവനും തമ്മിലുള്ള വിവാഹം കഴിഞ്ഞു, 2018 ൽ മഹാലക്ഷ്മിയുണ്ടായി. ഇതൊക്ക കഴിഞ്ഞ് പുതിയ ജീവിതത്തിലേക്ക് കടന്നപ്പോഴാണ് ദിലീപ് അതിജീവിതയോട് പ്രതികാരം ചെയ്തത് എന്നാണോ മനസിലാക്കേണ്ടത്.
80 ലക്ഷം രൂപ ദിലീപ് തനിക്ക് നൽകിയെന്നാണ് പൾസർ സുനി പറയുന്നത്. അത് കണ്ടെടുക്കാതെയോ അതിനെകുറിച്ച് അന്വേഷിക്കാതെയോ എങ്ങനെയാണ് ഇതൊക്കെ പറയുന്നത്. ഒരുരൂപയെങ്കിലും കൊടുത്തുവെന്ന് തെളിയിക്കട്ടെ. ഈ കേസ് തീരാതിരിക്കാനുള്ള ശ്രമമാണ് ഇപ്പോൾ നടക്കുന്നത്. അതിജീവിതയോടുള്ള സോഫ്റ്റ് വികാരം മുതലെടുത്ത് ദിലീപിനെ കരിവാരിതേക്കുന്നത് മറ്റുള്ളവരാണ്.
റോഷിപാലിനെ പോലും പൾസർ സുനി തെറ്റിധരിപ്പിച്ചതാകാം. താൻ എന്തായാലും ഈ കേസിൽ അകത്ത് പോകുമെന്ന് പൾസർ സുനിക്ക് അറിയാം, അപ്പോൾ ദിലീപിനേയും കൂടി എങ്ങനെയെങ്കിലും അകത്താക്കാൻ കേസ് ഡയല്യൂട്ട് ചെയ്യുകയാണ് എന്ന് ധരിച്ചൂടെ. 2017 ഫബ്രുവരി 17 ന് തന്നെ താൻ ചെയ്യാൻ പോകുന്നത് എന്താണെന്ന് അതിജീവിതയോട് പൾസർ സുനി പറഞ്ഞിട്ടുണ്ടെന്നാണ് പറയുന്നത്. സംഭവത്തിന് രണ്ട് ദിവസത്തിന് ശേഷമാണ് മഞ്ജു വാര്യർ ഈ കേസിലെ ഗൂഢാലോചന സംബന്ധിച്ച് പറയുന്നത്. എന്നാൽ അടുത്ത ദിവസം മുഖ്യമന്ത്രി പറഞ്ഞത് ഗൂഢാലോചന ഇല്ലെന്നാണ്. ഇതെല്ലാം കഴിഞ്ഞ് ജുലൈയിലാണ് ദിലീപ് അറസ്റ്റിലാകുന്നത്. അപ്പോൾ ആദ്യം തന്നെ ദിലീപിനെതിരെ എല്ലാം അറിഞ്ഞിട്ടും അതിജീവിത മറച്ചുവെച്ചതാണോ? ഇനി ദിലീപിന് വേണ്ടിയാണോ ചെയ്യുന്നതെന്ന് പറഞ്ഞില്ലെയോ എന്ന് അറിയില്ല.
ഇനി ഒറ്റകാര്യം അറിയേണ്ടത് 70 ലക്ഷം രൂപ എങ്ങനെ കൊടുത്തുവെന്നതാണ്. എവിടെ വെച്ച് ആര് കൊടുത്തു, എങ്ങനെ കൊടുത്തു എന്നൊക്കെ അറിയണം. ഒരു രൂപയെങ്കിലും കൊടുത്തൂവെന്ന് തെളിയിക്കാനായാൽ കേസ് മാറി', രാഹുൽ ഈശ്വർ പറഞ്ഞു. വെളിപ്പെടുത്തലിനിടെ രാഹുൽ ഈശ്വറിനെതിരേയും സുനി രംഗത്തെത്തിയിരുന്നു. അയാളെ താൻ നോക്കിവെച്ചിട്ടുണ്ടെന്നായിരുന്നു സുനിയുടെ പറഞ്ഞത്. ഇത് സംബന്ധിച്ചുള്ള ചോദ്യത്തിന് പരിഹാസത്തോടെയായിരുന്നു രാഹുലിന്റെ മറുപടി. 'പൾസുനി നീയെന്നേ ഒലർത്തും, നിന്റെ അപ്പുറത്തെ ആൾക്കാരെ വരെ ഞാൻ കണ്ടിട്ടുണ്ട്',എന്നായിരുന്നു രാഹുലിന്റെ വാക്കുകൾ.












Click it and Unblock the Notifications