ദിലീപിന്റെ മകളെ വെച്ച് വരെ ഇല്ലാക്കഥകള്‍ മെനഞ്ഞില്ലേ? ഒന്നും തീർന്നിട്ടില്ല, അദ്ദേഹത്തിന് ഇനിയും സമയമുണ്ട്
നടി ആക്രമിക്കപ്പെട്ട കേസില്‍ സി ബി ഐ അന്വേഷണം വേണമെന്ന ആവശ്യം തള്ളിയതില്‍ യാതൊരു അതിശയോക്തിയും ഇല്ലെന്ന് അഡ്വ. ശ്രീജിത്ത് പെരുമന. 2018 ലാണ് കേസില്‍ സി ബി ഐ അന്വേഷണം ആവശ്യപ്പെട്ട് ദിലീപ് ഡി ജി പിക്കും മുഖ്യമന്ത്രിക്കും അപേക്ഷ നല്‍കുന്നത്. അതിന് ശേഷം ഹൈക്കോടതിയിലേക്ക് പോകുന്നു. അന്ന് ഹർജി പരിഗണിച്ച കോടതി കേസില്‍ ഏത് അന്വേഷണം വേണമെന്ന് ഒരു പ്രതിക്ക് എങ്ങനെ ആവശ്യപ്പെടാനാകുമെന്ന് ചോദിച്ചു. ആ പറഞ്ഞതില്‍ കാര്യമുണ്ടെന്നും ശ്രീജിത് പെരുമന പറയുന്നു.
ഏത് അന്വേഷണം വേണമെന്ന് തീരുമാനിക്കേണ്ടത് പ്രതിയല്ലെന്നാണ് യഥാർത്ഥ്യം. എങ്കിലും സമൂഹവും മാധ്യമങ്ങളും വളഞ്ഞിട്ട് ആക്രമിച്ചു, കുറ്റക്കാരനെന്ന് വിധിച്ചു, കരിയർ നശിപ്പിച്ചു എന്നീ സാഹചര്യങ്ങളിലാണ് എട്ടാം പ്രതി സി ബി ഐ അന്വേഷണം എന്ന ആവശ്യം ദിലീപ് ഉയർത്തുന്നത്. ഇത് നിലനില്‍ക്കാന്‍ പോകുന്ന ഒരു കാര്യം അല്ലെന്ന് സ്വാഭാവികമായും ഞങ്ങള്‍ക്ക് അന്ന് തന്നെ അറിയാമായിരുന്നു.

സിംഗിള്‍ ബെഞ്ച് ഹർജി തള്ളിയപ്പോള്‍ ഡിവിഷന്‍ ബെഞ്ചിലേക്ക് പോയി. അതിന് ശേഷം നാല് വർഷങ്ങള്‍ക്ക് ശേഷമാണ് ഇപ്പോള്‍ തീരുമാനമാകുന്നത്. കേസിലെ പ്രോസിക്യൂഷന്‍ വിചാരണ പൂർണ്ണമായും കഴിഞ്ഞെന്നും പ്രതിഭാഗത്തിന്റെ ശേഷിക്കുന്ന വിചാരണ ഏപ്രില്‍ 11 ന് അകം തീർക്കണമെന്ന നിർദേശമുണ്ടെന്നും സർക്കാർ കോടതിയെ അറിയിച്ചു. ഈ സാഹചര്യത്തില്‍ കൂടിയാണ് സി ബി ഐ അന്വേഷണം വേണമെന്ന ആവശ്യം തള്ളുന്നത്. അതുകൊണ്ട് തന്നെ ഇതില്‍ യാതൊരു അസ്വാഭാവികതയും ഇല്ലെന്നും ശ്രീജിത് പെരുമന പറയുന്നു. സീ ന്യൂസ് മലയാളത്തിന്റെ ചർച്ചയില്‍ പങ്കെടുത്ത് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
പൊതുസമൂഹത്തിന് മുന്നില്‍ ദിലീപിനെ കുറ്റവാളിയായി നിലനിർത്തുകയെന്ന ഒരു ലോബിയുടെ ആവശ്യത്തിലേക്ക് പല ആളുകളും വന്നുചേർന്നു. മാധ്യമങ്ങളും അതിന്റെ ഭാഗമായി. ദിലീപിന്റെ കുടുംബത്തെ, കുട്ടിയെ വെച്ച് പോലും ഇല്ലാക്കഥകള്‍ മെനഞ്ഞിരിക്കുന്ന ഒരു സമൂഹമാണ് നമ്മുടേത്. അദ്ദേഹം ഏതെങ്കിലും രീതിയില്‍ തെറ്റ് ചെയ്തിട്ടുണ്ടെന്ന് കോടതി തീരുമാനിക്കുകയാണെങ്കില്‍ നമ്മള്‍ എല്ലാവരും അതിനെ സ്വാഗതം ചെയ്യും.
ഇവിടെ ആരും അതിജീവിതയ്ക്ക് എതിരായി നില്‍ക്കുന്നവർ അല്ല. എല്ലാവരും അവരോടൊപ്പം നില്‍ക്കുന്നവരാണ്. അതിന് അപ്പുറത്തേക്ക് ഒന്നാം പ്രതിയെ മഹാനായ വ്യക്തിയാക്കുന്നതിന് അംഗീകരിക്കാനാകില്ല. ജാമ്യത്തില്‍ ഇരിക്കുന്ന ഒന്നാം പ്രതി കഴിഞ്ഞ ദിവസം ഒരു മാധ്യമത്തിന്റെ സ്റ്റിങ് ഓപ്പറേഷനിലൂടെ ചില വെളിപ്പെടുത്തലുകള്‍ നടത്തുന്നത് കണ്ടു. എന്നാല്‍ പിറ്റേ ദിവസം വന്ന വാർത്ത എന്താണ്, അതിജീവിതയെ കുടുംബം ആ മാധ്യമത്തേയും പള്‍സർ സുനിയേയും അഭിനന്ദിച്ച് മുന്നോട്ട് വന്നിരിക്കുന്നുവെന്നാണ്.
എങ്ങനെയാണ് ഈ ഘട്ടത്തില്‍ അതിജീവിതയുടെ കുടുംബത്തിന് ഒന്നാം പ്രതിയായ പള്‍സർ സുനിയേയും അത് റിപ്പോർട്ട് ചെയ്ത മാധ്യമത്തേയും അഭിനന്ദിക്കാന്‍ സാധിക്കുക. അത്തരത്തില്‍ വളരെ ഹീനമായ ഒരു തലത്തിലേക്ക് ഈ ഒരു വിഷയത്തെ കൊണ്ടുപോയിട്ടുണ്ട്. കേസിലെ വിധി ഉടന്‍ തന്നെ വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഈ സാഹചര്യത്തിലാണ് സി ബി ഐ അന്വേഷണമെന്ന ആവശ്യം ഇപ്പോള്‍ തള്ളിയതെന്നും ശ്രീജിത് പെരുമന പറയുന്നു.
ഹൈക്കോടതിയുടെ ഉത്തരവിനെതിരെ സമീപിക്കാന്‍ ഇനിയും ദിലീപിന് സമയമുണ്ട്. അതിന് ആർക്കാണ് തടസ്സം നില്‍ക്കാന്‍ സാധിക്കുക. ആരാണ് കുറ്റക്കാരെന്ന് തീരുമാനിക്കേണ്ടത് വിചാരണക്കോടതിയാണ്. ഒരു പുകമറ സൃഷ്ടിക്കപ്പെടുന്നുണ്ട് എന്നതിന്റെ കൃത്യമായ ഉദാഹരണമാണ് കഴിഞ്ഞ ദിവസം പുറത്തുവിട്ട വാർത്ത. ഈ കേസുമായി ബന്ധപ്പെട്ട് ആ മാധ്യമത്തിനെതിരെ നേരത്തെ ഒരു എഫ് ഐ ആർ പോലും ഉണ്ടായിട്ടുണ്ട്. എട്ടാം പ്രതിയുടെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഒരു ഡസനോളം അപേക്ഷ നല്‍കിയിട്ടും ഒരു ഫലവും ഉണ്ടായില്ല. അദ്ദേഹം ഇപ്പോഴും പുറത്താണെന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു.












Click it and Unblock the Notifications