'തട്ടിക്കളയും, വാ അടച്ച് ഇരുന്നോ' എന്നൊക്കെയാണ് ഭീഷണി: അതിന് ശേഷം നേരിടേണ്ടി വന്നത്: രഞ്ജു രഞ്ജിമാർ
നടി ആക്രമിക്കപ്പെട്ട കേസിലെ അതിജീവിതയായ നടിക്ക് നീതി കിട്ടണം എന്നകാര്യത്തില്‍ സംശയം ഒന്നുമില്ലെന്ന് പ്രമുഖ മേക്കപ്പ് ആർട്ടിസ്റ്റ് രഞ്ജു രഞ്ജിമാർ. ഇത്തരം കാര്യങ്ങള്‍ ലോകത്ത് ഇനി നടക്കാതിരിക്കണമെങ്കില്‍ അവള്‍ക്ക് നീതി കിട്ടണം. ആരൊക്കെയാണ് ഇതിന് അകത്ത് നിരപരാധികള്‍, ആരൊക്കെയാണ് അപരാധികളെന്ന് നമുക്ക് ആർക്കും അറിയില്ല. എനിക്ക് അറിയാവുന്ന കാര്യങ്ങള്‍ ഞാന്‍ പറഞ്ഞു. അതിന് അപ്പുറത്തേക്ക് എന്താണ് സംഭവിച്ചുകൊണ്ടിരിക്കുന്നതെന്ന് എനിക്ക് അറിയില്ലെന്നും അവർ പറയുന്നു.
എന്ത് തന്നെ സംഭവിച്ചാലും ദൈവഹിതം എന്ന രീതിയില്‍ അതിനെ വിട്ടുകൊടുക്കുന്നു. ഈ കേസിലേക്ക് യാദൃശ്ചികമായ വന്ന ആളാണ് ഞാന്‍. ആ ഫോണ്‍ റെക്കോർഡ് ഇല്ലായിരുന്നെങ്കില്‍ ഈ രംഗത്തേ ഞാനില്ല. അത് എന്റെ ഗതികേട് എന്ന് വേണം പറയാന്‍. എനിക്കൊരു സങ്കടം തോന്നി ഞാന്‍ അയച്ചു. ഇക്കാര്യത്തില്‍ മാത്രമല്ല എല്ലാവരുടെ കാര്യത്തില്‍ ഞാന്‍ അങ്ങനെയാണ് ഇടപെടാറുള്ളത്. മുന്നില്‍ നടന്ന കാര്യം കണ്ടില്ലെന്ന് പറയണമെന്ന് ആവശ്യപ്പെടുന്നത് എത്രത്തോളം ശരിയാകും.

ഇന്നും എന്റെ നിലപാടില്‍ ഉറച്ച് നില്‍ക്കുന്ന വ്യക്തിയാണ് ഞാന്‍. അത് വിട്ട് ഒരു കളിയുമില്ല. നാളെ ഈ അതിജീവിത തന്നെ എന്നെ വർക്കിന് വിളിച്ചില്ലെങ്കിലും, ലോകത്ത് വേറെ ഒരു ആർട്ടിസ്റ്റും വിളിച്ചില്ലെങ്കിലും ഇനി ഞാന്‍ അതിനെ തരണം ചെയ്യും. എനിക്ക് അങ്ങനെ മുന്നോട്ട് പോയെ പറ്റുകയുള്ളു. കാരണം എന്നെ പ്രതീക്ഷിച്ച് നില്‍ക്കുന്ന കുറച്ച് ജീവനുകള്‍ വീട്ടിലുണ്ടെന്നും കൌമുദി മൂവിസിന്റെ അഭിമുഖത്തില്‍ പങ്കുടെത്തുകൊണ്ട് രഞ്ജു രഞ്ജിമാർ വ്യക്തമാക്കുന്നു.
ആരൊക്കെയോ വിളിച്ച് എന്നെ ഭീഷണിപ്പെടുത്തുന്നുണ്ട്. 'നിന്നെ തട്ടിക്കളയും, നീ ഇനി അധികനാളൊന്നും മേക്കപ്പ് ചെയ്ത് ഇവിടെ ജീവിക്കില്ല. വാ അടച്ച് ഇരുന്നോ' എന്നൊക്കെ പറഞ്ഞ് രാജ്യത്തിന് പുറത്ത് നിന്നൊക്കൊ ഫോണ്‍ വരാറുണ്ട്. നിങ്ങള്‍ക്ക് എന്താണ് ചെയ്യാനുള്ളതെന്ന് വെച്ചാല്‍ ചെയ്യൂ എന്നും പറഞ്ഞ് എന്റെ ലൊക്കേഷനും കൊടുക്കും. അല്ലാതെ ഇപ്പോള്‍ എന്ത് ചെയ്യാനാണ്.
സത്യമായും ഇത്തരം ഭീഷണിയില്‍ ഞാന്‍ ഒരിക്കലും ഭയപ്പെട്ടിട്ടില്ല. കേസ് വിസ്താരം കഴിഞ്ഞ് വർഷങ്ങള്‍ക്ക് ശേഷമാണ് ഞാന്‍ വീണ്ടും സാക്ഷിപ്പട്ടികയില്‍ വരുന്നത്. ഞാനും മറ്റൊരു നടിയും തമ്മിലുള്ള ഫോണ്‍ സംഭാഷണം പൊലീസുകാർക്ക് ലഭിച്ചു. അങ്ങനെയാണ് ഞാന്‍ സാക്ഷി പട്ടികയില്‍ വരുന്നത്. ആ ഫോണ്‍ സംഭാഷണം എങ്ങനെയാണ് അവർക്ക് കിട്ടിയതെന്ന് എനിക്ക് അറിയില്ല.
ഞാന്‍ ആലുവയിലെ പൊലീസ് കേന്ദ്രത്തില്‍ എത്തിയപ്പോള്‍ ഞാന്‍ അവിടെ ചെന്നപ്പോള്‍ ഞാന്‍ ആ നടിക്ക് അയച്ച വാട്സാപ്പ് വോയിസ് എനിക്ക് കേള്‍പ്പിച്ച് തരികയാണ്. എന്നിട്ട് ഇത് നിങ്ങളാണോയെന്ന് ചോദിച്ചു, ഞാന്‍ അതേയെന്ന് പറഞ്ഞു. പിന്നീട് വേറെ ഒരു വോയിസ് കേള്‍പ്പിച്ചിട്ട് ഇത് ആ നടിയാണോയെന്ന് ചോദിച്ചു, അതിന് ഞാന്‍ അതേയെന്ന് പറഞ്ഞു.
ആ സംഭാഷണവുമായി ബന്ധപ്പെട്ട് കൂടുതല്‍ കാര്യങ്ങള്‍ പൊലീസ് എന്നോട് ചോദിച്ചു. 2013 ല്‍ നടന്ന അമ്മ ഷോയില്‍ എന്താണ് സംഭവിച്ചതെന്നാണ് പൊലീസ് പ്രധാനമായും ആരാഞ്ഞത്. ആ സമയത്ത് ഞാന്‍ അവിടെ ഉണ്ട്. ഞാന്‍ റൂമിലെത്തി നോക്കുമ്പോള്‍ ആ കുട്ടി ഇരുന്ന് കരയുകയാണ്. കരഞ്ഞതിന്റെ കാരണം ചോദിക്കുമ്പോള്‍ മറ്റുള്ള നടിമാരാണ് ഇങ്ങനെയൊക്കെ ചില കാര്യങ്ങള്‍ അവിടെ നടന്നതായി പറയുന്നത്. അത് മാത്രമേ എനിക്ക് അറിയുകയുള്ളു. അല്ലാതെ വേറെ ഒന്നും അറിയില്ലെന്നും രഞ്ജു രഞ്ജിമാർ കൂട്ടിച്ചേർക്കുന്നു.












Click it and Unblock the Notifications