ഇന്നും പലരും പറയുന്ന ആ ഹിറ്റ് ഡയലോഗ് ഷൂട്ടിങ്ങിനിടെ എനിക്ക് പറ്റിയ ഒരു അബദ്ധം: കമല്‍ തുറന്ന് പറയുന്നു
സിനിമകളിലെ പല ഡയലോഗുകളും പിന്നീട് ദൈംനം ദിന സംഭാഷണങ്ങളുടെ ഭാഗമായി മാറാറുണ്ട്. 'എന്താടാ ദാസാ ഈ ബുദ്ധി നമുക്ക് നേരത്തെ തോന്നാതിരുന്നത്', 'തീരുമ്പോ തീരുമ്പോ പണി തരാൻ ഞാനെന്താ കുപ്പീന്ന് വന്ന ഭൂതോ', 'കൊച്ചി പഴയ കൊച്ചിയല്ലാ', 'നീ പൊന്നപ്പനല്ലെടാ തങ്കപ്പനാ', 'ചന്ദുവിനെ തോൽപ്പിക്കാനാവില്ല മക്കളേ', 'അങ്ങനെ പവനായി ശവമായി', 'ഞാനേ പോളിടെക്നിക്ക് ഒന്നും പഠിക്കാത്തതുകൊണ്ട് യന്ത്രങ്ങളുടെ പ്രവർത്തനം അറിയില്ല' ഇത്തരത്തില്‍ മലയാളികളുടെ നിത്യ സംഭാഷണത്തിന്റെ ഭാഗമായി തീർന്ന ഡയലോഗുകള്‍ക്ക് ഉദാഹരണം പറയാനായി നിരവധി ഡയലോഗുകളുണ്ട്.
തിരക്കഥയില്‍ കൃത്യമായി എഴുതി ചേർത്തതോ, അല്ലെങ്കില്‍ ചിത്രീകരണ വേളയില്‍ കഥാപാത്രങ്ങള്‍ പറഞ്ഞ് ചേർക്കുന്നതോ ആയിരിക്കാം ഈ ഡയലോഗുകള്‍. എന്നാല്‍ പാവം പാവം രാജകുമാരന്‍ എന്ന തന്റെ ചിത്രത്തിലെ ഒരു ഹിറ്റ് ഡയലോഗിന്റെ പിറവി തനിക്ക് പറ്റിയ ഒരു അബദ്ധത്തില്‍ നിന്ന് പിറന്നതാണെന്നാണ് സംവിധായകന്‍ കമല്‍ പറയുന്നത്.

ഇന്നും പലരും പറയുന്ന ആ ഡയലോഗിന്റെ പിറവിയെക്കുറിച്ച് കൌമുദി മൂവിസിന്റെ പ്രത്യേക പരിപാടിയില്‍ പങ്കെടുത്തുകൊണ്ടാണ് കമല്‍ സംസാരിക്കുന്നത്. ചിത്രീകരണ വേളയില്‍ അണിയറപ്രവർത്തകർ നേരിടേണ്ടി വന്ന ബുദ്ധിമുട്ടുകളെക്കുറിച്ചും അദ്ദേഹം പറയുന്നു.
കമലിന്റെ സംവിധാനത്തിൽ ശ്രീനിവാസൻ, ജയറാം സിദ്ദിഖ്, ജഗദീഷ്, മണിയൻപിള്ള രാജു, രേഖ എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 1990-ൽ പുറത്തിറങ്ങിയ ഹിറ്റ് കോമഡി ചിത്രമായിരുന്നു പാവം പാവം രാജകുമാരന്‍. ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം എന്നിവ നിർവ്വഹിച്ചതും കേന്ദ്ര കഥാപാത്രം ചെയ്ത ശ്രീനിവാസനായിരുന്നു.
സത്യത്തില്‍ ഇതിന്റെ കഥ ശ്രീനിവാസന്റെ ഒരു സുഹൃത്തിന് സംഭവിച്ച അമളികളായിരുന്നു. ചിത്രം എവിടെ ചിത്രീകരിക്കും എന്ന് ആലോചിച്ചപ്പോള്‍ തലശ്ശേരി തന്നെയാകട്ടേയെന്ന് ആദ്യം തീരുമാനിച്ചു. എന്നാല്‍ പിന്നീട് ശ്രീനി പറഞ്ഞു, 'അതുവേണ്ട, ആ സുഹൃത്ത് അറിഞ്ഞാല്‍ ചിലപ്പോള്‍ പ്രശ്നമായേക്കുമെന്ന്'
ഷൂട്ടിങ് തുടങ്ങുന്ന സമയത്ത് ക്ലൈമാക്സ് ഒന്നും ഉണ്ടായിരുന്നില്ല. കൈതപ്രം ആദ്യമായിട്ട് എനിക്ക് വേണ്ടി പാട്ട് എഴുതുന്ന സിനിമ കൂടിയാണ് പാവം പാവം രാജകുമാരന്‍. ലൊക്കേഷനെക്കുറിച്ചുള്ള ചർച്ച വീണ്ടും ഉയർന്ന് വന്നപ്പോള്‍ ഞാനാണ് എന്റെ നാടായ കൊടുങ്ങല്ലൂരിലേക്ക് പോയാലോയെന്ന് ചോദിക്കുന്നത്. ശ്രീനിയും ഒക്കെ പറഞ്ഞതോടെ കൊടുങ്ങല്ലൂർ ലൊക്കേഷനാകുന്നു.
എന്റെ സുഹൃത്തിന്റെ ട്യൂട്ടോറിയല്‍ കോളേജിലാണ് ഷൂട്ടിങ്. പരിസരത്ത് തന്നെ ഇവർ താമസിക്കുന്ന വീടും കിട്ടി. അന്ന് കൊടുങ്ങല്ലൂർ അധികം ഷൂട്ടിങ് ഒന്നും നടക്കാത്ത സ്ഥലമാണ്. വളരെ മുന്‍പ് കാലചക്രം, ചെമ്മീന്‍ തുടങ്ങിയ ചിത്രമൊക്കെയാണ് ഷൂട്ട് ചെയ്തത്. ശ്രീനിവാസനൊക്കെ നിറഞ്ഞ് നില്‍ക്കുന്ന സമയം ആയതുകൊണ്ട് ആദ്യം ദിവസം മുതല്‍ തന്നെ വലിയ ജനത്തിരക്ക് ആണ്. കൊടുങ്ങല്ലൂർ ഭാഷയില്‍ ഒരു ഭരണക്കുള്ള ആളുണ്ടെന്ന് പറയും.
പൊലീസൊക്കെ വന്നാണ് ആളുകളെയാണ് മാറ്റിയത്. എവിടെ ആയാലും അലമ്പുണ്ടാക്കുന്ന ചിലരൊക്കെ ഉണ്ടാകുമല്ലോ. അത്തരത്തിലുള്ള ചിലരെ പൊലീസ് വന്നു പിടിച്ചുകൊണ്ടു പോകുകയായിരുന്നു. ഇതൊക്കെ ആയപ്പോള്‍ ശ്രീനി പറഞ്ഞു നമുക്ക് ഇവിടെ നിന്നും പോകാമെന്ന്. പക്ഷെ എന്റെ നാടായതുകൊണ്ട് തന്നെ അത് എനിക്കൊരു അഭിമാനത്തിന്റെ പ്രശ്നം കൂടിയായിരുന്നു. അങ്ങനെ ഞാനെന്റെ സുഹൃത്തുക്കളെ വിളിച്ച് കാര്യമൊക്കെ സെറ്റാക്കി.
ലാല്‍ ജോസ്, സൂര്യന്‍, സലീം പടിയത്ത് എന്നിവരൊക്കെ ആ സമയത്ത് എന്റെ കൂടെയുണ്ട്. ദിലീപ് എത്തിയിട്ടില്ല. പിറ്റേ ദിവസം റോഡിലാണ് ഷൂട്ടിങ്ങ്. വളരെ വലിയ ആള്‍ക്കൂട്ടമാണ്. റോഡ് ബ്ലോക്ക് ചെയ്താണ് ഷൂട്ട് നടക്കുന്നത്. ടേക്ക് എടുക്കുന്ന സമയത്ത് കറക്ടായി ഒരു ഓട്ടോറിക്ഷ ക്യാമറയുടെ മുന്നില്‍ കൂടെ വന്നു. കണ്‍ട്രോള്‍ പോയിട്ട് ഞാന്‍ റോഡിലേക്ക് ചാടി ഓട്ടോറിക്ഷ പിടിച്ച് നിർത്തി ദേഷ്യത്തില്‍ "റോഡില്‍ കൂടിയാണോ ഓട്ടോ റിക്ഷ ഓടിക്കുന്നത്" എന്ന് ചോദിച്ചു.
എന്റെ ചോദ്യം കേട്ട് എല്ലാവരും ചിരിയാണ്. ആദ്യം എനിക്ക് കാര്യം മനസ്സിലായില്ല. സിനിമ ഷൂട്ടിങിന് ഇടയില്‍ ഇത്തരം ചില അബദ്ധങ്ങളൊക്കെ എനിക്ക് സംഭവിക്കാറുണ്ട്. പിന്നീടുള്ള തന്റെ എല്ലാ ചിത്രീകരണ വേളകളിലും ആരെങ്കിലുമൊക്കെ എവിടെയെങ്കിലുമൊക്കെ ഈ ഡയലോഗ് പറയും. ദിലീപികൊക്കെ വന്ന് റോഡില്‍ കൂടെയാണോ ബസ് ഓടിക്കുന്നത് എന്നൊക്കെ ചോദിക്കുമെന്നും കമല്‍ പറയുന്നു.












Click it and Unblock the Notifications