നന്ദനം ചെയ്യുമ്പോള്‍ തന്നെ ഏഴ് സിനിമകള്‍ ലഭിച്ചു... പിന്നെ ഇടവേളയെടുത്തിട്ടില്ല: പൃഥ്വി പറയുന്നു
മലയാളത്തിലെ എക്കാലത്തേയും വലിയ സിനിമയ്ക്കായുള്ള കാത്തിരിപ്പിലാണ് സിനിമാപ്രേമികളെല്ലാം. പൃഥ്വിരാജ് സംവിധാനം ചെയ്ത് മോഹന്‍ലാല്‍ കേന്ദ്ര കഥാപാത്രമായി എത്തുന്ന എമ്പുരാന്‍ മാര്‍ച്ച് 27 നാണ് തിയേറ്ററിലെത്തുന്നത്. പൃഥ്വിരാജിന്റെ ആദ്യ സംവിധാന സംരംഭമായ ലൂസിഫറിന്റെ സീക്വലാണ് എമ്പുരാന്‍. ഇതിനിടെ മോഹന്‍ലാലിനെ തന്നെ നായകനാക്കി ബ്രോ ഡാഡി എന്ന സിനിമയും പൃഥ്വി ഒരുക്കിയിരുന്നു.
അഭിനയ ജീവിതത്തില്‍ രണ്ട് പതിറ്റാണ്ട് പിന്നിട്ട പൃഥ്വിരാജ് സിനിമയിലേക്കുള്ള തന്റെ വരവ് യാദൃശ്ചികമായിരുന്നു എന്നാണ് പറയുന്നത്. ഗലാട്ട പ്ലസിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം. 18-ാമത്തെ വയസില്‍ ആണ് രഞ്ജിത്ത് ഒരുക്കിയ നന്ദനം എന്ന സിനിമയില്‍ പൃഥ്വിരാജ് അഭിനയിക്കുന്നത്. താന്‍ ഓസ്‌ട്രേലിയയില്‍ പഠിക്കുന്ന സമയമായിരുന്നു അത് എന്ന് പൃഥ്വി പറയുന്നു.

'എന്റെ അമ്മ ഒരുപാട് പണം ചിലവഴിച്ച് എന്നെ ഓസ്ട്രേലിയയില്‍ പഠിക്കാന്‍ അയച്ചതായിരുന്നു. ഒരു സമ്മര്‍ വെക്കേഷന് നാട്ടില്‍ വന്ന സമയത്താണ് നന്ദനത്തിന്റെ ഓഫര്‍ ലഭിക്കുന്നത്. ഈ സിനിമ കഴിഞ്ഞ് മടങ്ങി പോകാം എന്നായിരുന്നു വിചാരിച്ചിരുന്നത്. എന്നാല്‍ കഴിഞ്ഞ 24 വര്‍ഷമായി ഞാന്‍ സിനിമയില്‍ സജീവമായി തന്നെ നിലനില്‍ക്കുന്നുണ്ട്. ഇക്കാലത്തിനിടെ ഒരിക്കല്‍ പോലും ഇടവേളയുണ്ടായിട്ടില്ല,' പൃഥ്വി പറയുന്നു.
ആദ്യ ചിത്രത്തിന്റെ ലൊക്കേഷനില്‍ വച്ചു തന്നെ ഏഴ് സിനിമകളുടെ ഓഫര്‍ ലഭിച്ച ഒരാളാണ് താന്‍ എന്നും അതെല്ലാം വലിയ നിര്‍മാതാക്കളുടെയും വലിയ സംവിധായകരുടെയും ചിത്രങ്ങളില്‍ ആയിരുന്നു അദ്ദേഹം പറഞ്ഞു. വളരെ നിര്‍ണായകമായ ഘട്ടമായിരുന്നു അത് എന്നും ഒരു തീരുമാനമെടുക്കാന്‍ ശരിക്കും പ്രയാസപ്പെട്ടു എന്നും പൃഥ്വി ഓര്‍ത്തെടുത്തു. പഠനം തുടരണോ സിനിമയില്‍ നില്‍ക്കണോ എന്ന ആശയക്കുഴപ്പമുണ്ടായിരുന്നു.
എല്ലാ വിദേശ യൂണിവേഴ്സിറ്റികളിലും ആറ് മാസത്തെ സെമസ്റ്ററില്‍ നിന്ന് ഓഫെടുക്കാനുളള ഓപ്ഷനുണ്ട്. ഇത് പരിഗണിച്ച് യൂണിവേഴ്‌സിറ്റിക്ക് താനൊരു ഇ-മെയില്‍ അയച്ചു എന്നും പിന്നീട് അമ്മയുമായി നടന്ന ഒരു സംസാരമാണ് വഴിത്തിരിവായത് എന്നും പൃഥ്വി പറയുന്നു.
'പഠനമൊക്കെ കഴിഞ്ഞ് രണ്ട് വര്‍ഷത്തിന് ശേഷം തിരിച്ചു വന്ന് വീണ്ടും ഒരു സിനിമയുടെ ഓഫര്‍ വന്നാല്‍ നീയത് സ്വീകരിക്കുമോ എന്ന് അമ്മ ചോദിച്ചു. അതെ എന്നായിരുന്നു എന്റെ മറുപടി. ആ സമയത്ത് അങ്ങനെയൊരു ഓഫര്‍ വന്നില്ലെങ്കില്‍ എന്ത് ചെയ്യുമെന്നും അമ്മ തിരിച്ചു ചോദിച്ചു. എന്റെ ആഗ്രഹത്തിന്റെ തീവ്രതയെക്കുറിച്ച് അമ്മയ്ക്ക് നല്ല ബോധ്യമുണ്ടായിരുന്നു,|' പൃഥ്വി പറഞ്ഞു.
ഇന്ന് താന്‍ എന്തായിരിക്കുന്നുവോ അതിന്റെ ക്രെഡിറ്റ് പൂര്‍ണമായും അമ്മയ്ക്ക് അവകാശപ്പെട്ടതാണ് എന്നും താരം കൂട്ടിച്ചേര്‍ത്തു. അതേസമയം നടന്‍ എന്ന നിലയില്‍ വലിയ താരപദവി അലങ്കരിക്കുമ്പോഴും സംവിധാനത്തിന് വേണ്ടി ഇങ്ങനെ സമയം കളയുന്നത് അബദ്ധമല്ലേയെന്ന് ചോദിക്കുന്നവരുണ്ട് എന്നും പൃഥ്വി പറയുന്നു. എന്നാല്‍ തന്നിലെ ക്രിയേറ്റീവ് പേഴ്സനെ തൃപ്തിപ്പെടുത്താനാണ് ശ്രമിക്കുന്നത് എന്നും പൃഥ്വി വ്യക്തമാക്കി.
ലാലേട്ടന്‍ അടക്കമുളള മഹാപ്രതിഭകള്‍ക്കൊപ്പം ജോലി ചെയ്യാന്‍ സാധിച്ചത് തന്നിലെ നടനെ കൂടുതല്‍ മെച്ചപ്പെടുത്താന്‍ സഹായിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. അതേസമയം തന്നെ ഡയറക്ടര്‍ എന്ന നിലയില്‍ പല കാരണങ്ങളൂടെ പേരില്‍ താന്‍ അദ്ദേഹത്തില്‍ നിന്നും റീടേക്ക് ചോദിച്ചു വാങ്ങിയിട്ടുണ്ട് എന്നും പൃഥ്വി വ്യക്തമാക്കി. എന്നാല്‍ അദ്ദേഹം ആദ്യം തന്ന ടേക്ക് തന്നെയാവും കൂടുതല്‍ ബെറ്റര്‍ എന്നും താരം പറഞ്ഞു.
അതേസമയം ലൂസിഫര്‍ മോഹന്‍ലാലിനെ മനസില്‍ കണ്ട് ഒരുക്കിയ ചിത്രമായിരുന്നില്ല എന്നും അദ്ദേഹം വ്യക്തമാക്കി. കഥയും കഥാപാത്രവും സ്‌ക്രിപ്റ്റും മാത്രമാണ് ആദ്യപരിഗണനയില്‍ വരിക എന്നും മുരളി ഗോപിയുടെ തിരക്കഥയിലെ സ്റ്റീഫന്‍ നെടുമ്പളളി ലാലേട്ടന് യോജിക്കുന്ന വേഷമാണെന്ന് തോന്നിയത് കൊണ്ടാണ് അദ്ദേഹത്തെ സമീപിച്ചത് എന്നും പൃഥ്വി കൂട്ടിച്ചേര്‍ത്തു.
ബ്രോ ഡാഡി ചെയ്യാന്‍ മമ്മൂക്കയെ ആണ് ആദ്യം സമീപിച്ചിരുന്നത് എന്നും അദ്ദേഹം കുറച്ച് കഴിഞ്ഞ് ചെയ്യാമെന്ന് പറഞ്ഞപ്പോഴാണ് ലാലേട്ടനിലേക്ക് പോയത് എന്നും താരം പറഞ്ഞു. വയലന്‍സിന്റെ അതിപ്രസരമുളള സിനിമകള്‍ സമൂഹത്തില്‍ തെറ്റായ സ്വാധീനം ചെലുത്തുമെന്ന് വിമര്‍ശനത്തെ കാര്യമായി എടുക്കുന്നില്ല എന്നും പൃഥ്വിരാജ് പറഞ്ഞു. 'കണ്ടുകൊണ്ടിരിക്കുന്ന സമയത്തെ എന്റര്‍ടെയിന്‍മെന്റിനപ്പുറം സിനിമ സമൂഹത്തില്‍ വലിയ സ്വാധീനം ചെലുത്തുമെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല.
ഓരോ സിനിമയും തുടങ്ങും മുന്‍പും ഇന്റര്‍വെല്ലിന് ശേഷവും പുകവളിക്ക് എതിരായുള്ള ഒന്നര മിനിറ്റുളള ഒരു പൊതുതാല്‍പര്യ വിഡിയോ പ്രദര്‍ശിപ്പിക്കാറുണ്ട്. അതുകണ്ടിട്ട് ആരെങ്കിലും പുകവലി നിര്‍ത്തിയതായി അറിയില്ല,', പൃഥ്വി പറഞ്ഞു. താന്‍ അഹങ്കാരിയാണ്, ദേഷ്യക്കാരനാണ് എന്ന തരത്തിലുള്ള വിമര്‍ശനങ്ങളെ ഗൗനിക്കാറില്ല എന്നും താരം വ്യക്തമാക്കി. അകാരണമായ വിമര്‍ശനം എന്നത് പത്ത് പൈസ ചിലവില്ലാത്ത കാര്യമാണ്.
ആര്‍ക്കും ആരെക്കുറിച്ചും എന്തും പറയാം. എന്റെ ഭാഷയോ സംസാര രീതിയോ പെരുമാറ്റമോ ഒന്നും മറ്റുളളവരെ ഒരു തരത്തിലും ദോഷകരമായി ബാധിക്കുന്നില്ല എന്നിരിക്കെ എന്തിനാണ് എന്നെ തൊട്ടതിനും പിടിച്ചതിനുമെല്ലാം വിമര്‍ശിക്കുന്നതെന്ന് തുടക്കകാലത്ത് ആലോചിച്ചിരുന്നു. എന്നാല്‍ പിന്നീട് അതിനൊന്നും ശ്രദ്ധ കൊടുക്കേണ്ട എന്ന മനസിലായി എന്നും പൃഥ്വി പറഞ്ഞു.
'എന്റെ ഭാഗത്തു നിന്നു ആരോടെങ്കിലും മോശമായ ഒരു വാക്കോ പെരുമാറ്റമോ ഉണ്ടായാല്‍ ആ നിമിഷം സോറി പറയുന്ന ആളാണ് ഞാന്‍. ഒരു പടം ഷൂട്ട് ചെയ്യുമ്പോള്‍ ഡയറക്ടര്‍ എന്ന നിലയില്‍ ഒരുപാട് ടെന്‍ഷന്‍ ഉണ്ടാവും. കൂടെ ജോലി ചെയ്യുന്ന ഒരാളുടെ ഭാഗത്ത് എന്തെങ്കിലും പാളിച്ച സംഭവിച്ചാല്‍ നമ്മള്‍ ദേഷ്യപ്പെട്ടേക്കാം. എന്നാല്‍ ഷൂട്ടിംഗ് അവസാനിക്കുന്നതിന് മുന്‍പ് അയാളുടെ അടുത്തു ചെന്ന് സോറി പറയാറുണ്ട്,' പൃഥ്വി കൂട്ടിച്ചേര്‍ത്തു.
വ്യക്തിപരമായി താന്‍ എങ്ങനെയുളള ആളാണെന്ന് മനസിലാക്കാതെ പൊതുവേദികളിലൂം അഭിമുഖങ്ങളിലും പറയുന്ന വാക്കുകള്‍ കേട്ട് ഒരു ജാഡക്കാരനാണെന്ന് വരുത്തി തീര്‍ക്കാന്‍ ശ്രമിക്കുന്നവരെ ഒന്നും ചെയ്യാന്‍ തനിക്കാകില്ല എന്നും അദ്ദേഹം പറഞ്ഞു. വിമര്‍ശനങ്ങളെ നിരാകരിക്കുന്ന ആളല്ല താനെന്നും മിക്കവാറും റിവ്യുസ് ശ്രദ്ധിക്കാറുണ്ട് എന്നും പൃഥ്വി പറഞ്ഞു.












Click it and Unblock the Notifications