'കാത്തിരിക്കാന്‍ വയ്യ, ഇന്ത്യ ഭാരതമാകട്ടെ...'; ബച്ചന്‍ മുതല്‍ ഉണ്ണിമുകുന്ദന്‍ വരെ, പിന്തുണച്ച് താരങ്ങള്‍
രാജ്യത്തിന്റെ പേര് ഇന്ത്യ എന്നതില്‍ നിന്ന് ഭാരത് ആക്കി മാറ്റുന്നു എന്ന തരത്തിലുള്ള അഭ്യൂഹം കഴിഞ്ഞ ദിവസം മുതല്‍ പരക്കുന്നുണ്ട്. ജി 20 ഉച്ചകോടിക്കായി ക്ഷണിച്ച് രാഷ്ട്രപതി ദ്രൗപതി മുര്‍മു അയച്ച കത്തില്‍ പ്രസിഡന്റ് ഓഫ് ഇന്ത്യ എന്നതിന് പകരം പ്രസിഡന്റ് ഓഫ് ഭാരത് എന്നായിരുന്നു ഉണ്ടായിരുന്നത്. ഇതാണ് ഇത് സംബന്ധിച്ച വാര്‍ത്തകള്‍ക്ക് ആധാരമായത്. ചില ബി ജെ പി നേതാക്കളുടെ പ്രതികരണവും ഇതിന് ആക്കം കൂട്ടി.
ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് എന്നതിലേക്കായി പ്രത്യേക പാര്‍ലമെന്റ് സമ്മേളനം കേന്ദ്ര സര്‍ക്കാര്‍ വിൡച്ചിരുന്നു. ഈ പാര്‍ലമെന്റ് സമ്മേളനത്തില്‍ ഇന്ത്യ എന്ന് പേര് മാറ്റി ഭാരത് എന്നാക്കുന്നതിന് ഭരണഘടനാ ഭേദഗതി കൊണ്ടുവരും എന്ന തരത്തിലും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. അതിനിടെ പ്രധാനമന്ത്രിയുടെ ഇന്തോനേഷ്യന്‍ സന്ദര്‍ശനം സംബന്ധിച്ച വിവരം പങ്കുവെയ്ക്കുന്ന പ്രസ്താവനയിലും പ്രൈം മിനിസ്റ്റര്‍ ഓഫ് ഇന്ത്യ എന്നതിന് പകരം പ്രൈം മിനിസ്റ്റര്‍ ഓഫ് ഭാരത് എന്നാണ് നല്‍കിയത്.

രാജ്യത്തിന്റെ പേര് മാറ്റുന്നത് സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണമൊന്നും വന്നിട്ടില്ലെങ്കിലും ഇത് സംബന്ധിച്ച വാര്‍ത്തകളെ സിനിമാ മേഖലയിലെ നിരവധി പേര്‍ സ്വാഗതം ചെയ്യുകയാണ്. അമിതാഭ് ബച്ചന്‍ മുതല്‍ ഉണ്ണി മുകുന്ദന്‍ വരെ രാജ്യത്തിന്റെ പേര് ഭാരത് എന്നാക്കുന്നതിനെ സ്വാഗതം ചെയ്യുകയാണ്. ഭാരത് മാതാ കി ജയ് എന്നാണ് അമിതാഭ് ബച്ചന്‍ ഫേസ്ബുക്ക് പേജില്‍ കുറിച്ചത്.
ഉണ്ണി മുകുന്ദനാകട്ടെ മേരാ ഭാരത് എന്നായിരുന്നു സോഷ്യല്‍ മീഡിയയില്‍ പറഞ്ഞത്. ഇത് കൂടാതെ ഇന്ത്യയുടെ പേര് ഭാരത് എന്നാക്കി മാറ്റാന്‍ പോകുന്നു എന്ന ടൈംസ് നൗ വാര്‍ത്തയുടെ സ്‌ക്രീന്‍ഷോട്ട് പങ്ക് വെച്ച് കൊണ്ട് കാത്തിരിക്കാന്‍ വയ്യ എന്ന് കൂടി മറ്റൊരു പോസ്റ്റില്‍ ഉണ്ണി മുകുന്ദന്‍ പറയുന്നുണ്ട്. നടന്‍ ഹരീഷ് പേരടിയും ഭാരത് എന്നാക്കി പേര് മാറ്റുന്നതിനോട് അനുകൂലിക്കുകയാണ്.
'ഭാരതമെന്നപേര്‍ കേട്ടാലഭിമാന പൂരിതമാകണമന്തരംഗം കേരളമെന്നു കേട്ടാലോ തിളയ്ക്കണം ചോര നമുക്കു ഞരമ്പുകളില്‍' എന്ന വള്ളത്തോളിന്റെ വരികള്‍ പങ്ക് വെച്ച് കൊണ്ടായിരുന്നു ഹരീഷ് പേരടി തന്റെ നിലപാട് വ്യക്തമാക്കിയത്. ജനാധിപത്യ രാജ്യത്ത് രാഷ്ട്രങ്ങള്‍ക്ക് പേര് മാറ്റാന്‍ അവകാശമുണ്ടെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. നടന്‍ ജാക്കി ഷ്‌റോഫും പേര് മാറ്റത്തെ അനുകൂലിച്ചു.
ഇന്ത്യയുടെ ആദ്യത്തെ പേര് ഭാരത് എന്നായിരുന്നില്ലേ എന്നായിരുന്നു ജാക്കി ഷ്‌റോഫിന്റെ പ്രതികരണം. നടനും ബി ജെ പി ദേശീയ കൗണ്‍സില്‍ അംഗവുമായ കൃഷ്ണ കുമാറും ഭാരത് എന്നാക്കി പേര് മാറ്റുന്നതിനെ അനുകൂലിക്കുന്നുണ്ട്. നേരത്തെ ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുന്‍ താരം വിരേന്ദര്‍ സെവാഗും പേര് മാറ്റത്തെ സ്വാഗതം ചെയ്തിരുന്നു.
ബ്രിട്ടീഷുകാര്‍ നല്‍കിയ പേരില്‍ നിന്ന് മോചനം നേടാന്‍ വൈകിപ്പോയി എന്നായിരുന്നു സെവാഗ് പറഞ്ഞിരുന്നത്. ഇന്ത്യന്‍ ടീമിന്റെ ജഴ്‌സിയില്‍ ഭാരത് എന്ന് പേര് നല്‍കണം എന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. ഭാരത് എന്ന് പേരുമാറ്റുന്നതിനെ അനുകൂലിച്ച് കൊണ്ട് ഹരീഷ് പേരടി പങ്ക് വെച്ച് ഫേസ്ബുക്ക് കുറിപ്പ്
'ഭാരതമെന്നപേര്‍ കേട്ടാലഭിമാന പൂരിതമാകണമന്തരംഗം കേരളമെന്നു കേട്ടാലോ തിളയ്ക്കണം ചോര നമുക്കു ഞരമ്പുകളില്‍'... ചൊല്ലിയത് മഹാകവി വള്ളത്തോളാണ്. ഇനി ഈ മഹാകവിയേയും കാലം സംഘിയാക്കുമോ. ബോംബെക്ക് മുംബൈയാവാം, മദ്രാസിന് ചെന്നൈയാവാം, പക്ഷെ ഇന്ത്യക്ക് ഭാരതമാവാന്‍ പാടില്ലത്രേ. ഭരത് അവാര്‍ഡ് നിര്‍ത്തിയതിന് ശേഷവും നേഷണല്‍ അവാര്‍ഡ് കിട്ടിയ നടന്‍മാരൊക്കെ ജാതി മതഭേദമന്യേ അവരുടെ പേരിന്റെ മുന്നില്‍ ഭരത് എന്ന് അഭിമാനത്തോടെ ചേര്‍ത്തിരുന്നു.
നാളെ മുതല്‍ അവരെയൊക്കെ നമ്മള്‍ സംഘികള്‍ എന്ന് വിളിക്കേണ്ടിവരുമോ. വ്യക്തികള്‍ക്ക് മതവും പേരും മാറാന്‍ ഭരണഘടന അനുവാദം നല്‍കുന്ന രാജ്യത്ത് രാജ്യത്തിന് മാത്രം പേര് മാറാന്‍ അനുവാദമില്ലാതിരിക്കുമോ. അങ്ങിനെയാണെങ്കില്‍ അത് ജനാധിപത്യമാവില്ല. കാരണം ജനാധിപത്യം ജനങ്ങള്‍ക്കും അവരുടെ വാസസ്ഥലത്തിനും ഒരു പോലെ അവകാശപ്പെട്ടതാണ്. ഭാരതം ഒട്ടും മോശപ്പെട്ട പേരുമല്ല. ആ പേര് ഇന്ത്യക്കാരായ എല്ലാവരുടെയും വേരുകള്‍ക്ക് കൂടുതല്‍ ബലം നല്‍കുന്നതുമാണ്. എനിക്ക് ഇന്ത്യയും ഭാരതവും ഒരു പേരാണ്.












Click it and Unblock the Notifications